ടി-20 ലോകകപ്പ് സൂപ്പര്‍ 8ല്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 50 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആന്‍ഡിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
ഇതോടെ ഈ ലോകകപ്പില്‍ കളിച്ച അഞ്ച് മത്സരത്തില്‍ അഞ്ചിലും വിജയിക്കാനും ഇന്ത്യക്കായി.
India register a thumping victory 🇮🇳👊
A clinical performance powers them to an important Super Eight win against Bangladesh 🙌#T20WorldCup | #INDvBAN | 📝: https://t.co/qdgedYTf0M pic.twitter.com/iXMsJmc6Hr
— ICC (@ICC) June 22, 2024
ടോസ് നേടിയ ബംഗ്ലാ നായകന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 27 പന്തില്‍ പുറത്താകാതെ 50 റണ്‍സാണ് പാണ്ഡ്യ നേടിയത്. മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്‌സ്.
പാണ്ഡ്യക്ക് പുറമെ 28 പന്തില്‍ 37 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയും 24 പന്തില്‍ 36 റണ്‍സ് നേടി റിഷബ് പന്തുമാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്ത മറ്റ് ബാറ്റര്‍മാര്‍. 11 പന്തില്‍ 23 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്‌കോറിങ്ങില്‍ തന്റെ സംഭാവന നല്‍കി.
ബംഗ്ലാദേശിനായി തന്‍സിം ഹസന്‍ സാകിബും റിഷാദ് ഹൊസൈനും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷാകിബ് അല്‍ ഹൊസൈന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനറങ്ങിയ ബംഗ്ലാദേശിനെ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും മുന്‍തൂക്കം നേടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. പേസര്‍മാരും സ്പിന്‍ നിരയും കളമറിഞ്ഞ് കളിച്ചപ്പോള്‍ ബംഗ്ലാ പോരാട്ടം 50 റണ്‍സകലെ അവസാനിച്ചു.
കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി. ബുംറയും അര്‍ഷ്ദീപും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്. പന്തെറിഞ്ഞവരില്‍ അക്‌സര്‍ പട്ടേലിനും രവീന്ദ്ര ജഡേജക്കും മാത്രമാണ് വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയത്.
ഈ ലോകകപ്പില്‍ പന്തെറിഞ്ഞ നാല് മത്സരത്തില്‍ മൂന്നിലും വിക്കറ്റ് നേടാന്‍ ജഡേജക്ക് സാധിച്ചിരുന്നില്ല.
ബംഗ്ലാദേശിനെതിരായ മത്സരത്തിലും വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാതെ പോയതോടെ തന്റെ പേരിലുള്ള ഒരു മോശം റെക്കോഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് ജഡേജ. ഏറ്റവുമധികം അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാതെ പോയ ഇന്ത്യന്‍ ബൗളറെന്ന മോശം റെക്കോഡാണ് താരം സ്വന്തമാക്കിയത്.
ഏറ്റവുമധികം അന്തരാഷ്ട്ര ടി-20 മത്സരങ്ങളില്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാത്ത ഇന്ത്യന്‍ ബൗളര്‍മാര്‍
(താരം – മത്സരം എന്നീ ക്രമത്തില്‍)
രവീന്ദ്ര ജഡേജ – 12*
ഹര്‍ഭജന്‍ സിങ് – 9
ഹര്‍ദിക് പാണ്ഡ്യ – 7
ആര്‍. അശ്വിന്‍ – 7
യുവരാജ് സിങ് – 7
അതേസമയം, ബംഗ്ലാദേശിനെതിരായ വിജയത്തിന് പിന്നാലെ 2024 ടി-20 ലോകകപ്പില്‍ കളിച്ച അഞ്ച് മത്സരത്തില്‍ അഞ്ചിലും വിജയിക്കാനും ഇന്ത്യക്കായി. ഇതോടെ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് ഇന്ത്യ. സൂപ്പര്‍ എട്ടില്‍ രണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ഇന്ത്യക്കുള്ളത്.
ജൂണ്‍ 24നാണ് സൂപ്പര്‍ 8ലെ ഇന്ത്യയുടെ അവസാന മത്സരം. ഡാരന്‍ സമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.
Content highlight: T20 World Cup 2024: Super 8: IND vs BAN: Ravindra Jadeja with a poor record