| Saturday, 22nd June 2024, 10:24 pm

ധോണിയും വീണു റെയ്‌നയും വീണു; റെക്കോഡുകള്‍ക്ക് പിന്നാലെ റെക്കോഡുമായി കുങ്ഫു പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് സൂപ്പര്‍ 8ലെ രണ്ടാം മത്സരത്തിനാണ് ഇന്ത്യയിറങ്ങിയിരിക്കുന്നത്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് ഇന്ത്യ നേടിയത്.

വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെയാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 27 പന്തില്‍ പുറത്താകാതെ 50 റണ്‍സാണ് പാണ്ഡ്യ നേടിയത്. മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്‌സ്.

പാണ്ഡ്യക്ക് പുറമെ 28 പന്തില്‍ 37 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയും 24 പന്തില്‍ 36 റണ്‍സ് നേടി റിഷബ് പന്തുമാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്ത മറ്റ് ബാറ്റര്‍മാര്‍. 11 പന്തില്‍ 23 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തന്റേതായ സംഭവാനകള്‍ ടോട്ടലിലേക്ക് നല്‍കി.

ബംഗ്ലാദേശിനെതിരായ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ പല തകര്‍പ്പന്‍ നേട്ടങ്ങളും ഹര്‍ദിക് പാണ്ഡ്യ സ്വന്തമാക്കിയിരുന്നു.

ആറാം നമ്പറില്‍ ക്രീസിലെത്തി ടി-20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഹര്‍ദിക് സ്വന്തമാക്കിയത്. എം.എസ്. ധോണിയെയും സുരേഷ് റെയ്‌നനെയും അടക്കം മറികടന്നാണ് പാണ്ഡ്യ ഈ നേട്ടത്തിലെത്തിയത്.

ആറാം നമ്പറില്‍ ക്രീസിലെത്തി ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങള്‍

(താരം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

ഹര്‍ദിക് പാണ്ഡ്യ – ബംഗ്ലാദേശ് – 50* – 2024

എം.എസ്. ധോണി – സൗത്ത് ആഫ്രിക്ക – 45 – 2007

സുരേഷ് റെയ്‌ന – സൗത്ത് ആഫ്രിക്ക – 45 – 2012

ഹര്‍ദിക് പാണ്ഡ്യ – പാകിസ്ഥാന്‍ – 40 – 2022

ഇതിന് പുറമെ ടി-20 ലോകകപ്പില്‍ 300+ റണ്‍സും 20+ വിക്കറ്റുമുള്ള താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനും പാണ്ഡ്യക്ക് സാധിച്ചു. ഷാഹിദ് അഫ്രിദി, ഡ്വെയ്ന്‍ ബ്രാവോ, ഷെയ്ന്‍ വാട്‌സണ്‍, ഷാകിബ് അല്‍ ഹസന്‍, മുഹമ്മദ് നബി എന്നിവര്‍ക്കൊപ്പമാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 197 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 42 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 22 പന്തില്‍ 25 റണ്‍സുമായി തന്‍സിദ് ഹസനും നാല് പന്തില്‍ രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ ഷാന്റോയുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

തന്‍സിദ് ഹസന്‍, ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തൗഹിദ് ഹൃദോയ്, ഷാകിബ് അല്‍ ഹസന്‍, മഹ്‌മദുള്ള, ജാകിര്‍ അലി, റിഷാദ് ഹൊസൈന്‍, മെഹ്ദി ഹസന്‍, തന്‍സിം ഹസന്‍ സാകിബ്, മുസ്തഫിസുര്‍ റഹ്‌മാന്‍.

Content Highlight: T20 World Cup 2024: Super 8: IND vs BAN: Hardik Pandya with world cup record

We use cookies to give you the best possible experience. Learn more