| Saturday, 22nd June 2024, 7:12 pm

ഓപ്പണിങ്ങില്‍ രോഹിത്തും വിരാടും തിളങ്ങും, ബംഗ്ലാദേശിനെതിരെ നൂറടിക്കും; വമ്പന്‍ പ്രഖ്യാപനവുമായി ലാറ

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ ഇന്ത്യ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. മത്സരത്തില്‍ വിജയസാധ്യത കല്‍പിക്കുന്നത് ഇന്ത്യക്കാണ്.

തന്‍സിം ഹസന്‍ സാകിബും ടാസ്‌കിന്‍ അഹമ്മദും ഷാകിബ് അല്‍ ഹസനും അടക്കമുള്ള ബൗളിങ് നിരയെ നേരിടുക എന്നത് തന്നെയാണ് രോഹിത്തും വിരാടും അടക്കമുള്ള താരങ്ങള്‍ക്ക് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

ഈ ടൂര്‍ണമെന്റില്‍ ഒട്ടും ക്ലിക്കാകാതെ പോയ ഇന്ത്യയുടെ ഓപ്പണിങ് നിര ഇന്ന് ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം നടത്തുമെന്നാണ് മുന്‍ വിന്‍ഡീസ് സൂപ്പര്‍ താരവും ക്രിക്കറ്റ് ലെജന്‍ഡുമായ ബ്രയാന്‍ ലാറ വിലയിരുത്തുന്നത്. ഇന്ത്യയുടെ ഓപ്പണിങ് പെയര്‍ ആദ്യ വിക്കറ്റില്‍ നൂറ് റണ്‍സ് കണ്ടെത്തുമെന്നാണ് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നത്.

22, 12, 1, 11 എന്നിങ്ങനെയാണ് ഇന്ത്യയുടെ നാല് മത്സരങ്ങളിലെ ഓപ്പണിങ് കൂട്ടുകെട്ട് സ്‌കോര്‍ ചെയ്തത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് രോ-കോ സഖ്യം നൂറടിക്കുമെന്ന് ലാറ പറഞ്ഞത്.

‘മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്താല്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 100 റണ്‍സടിക്കും. അല്ലേ? രണ്ടാമത് ബാറ്റ് ചെയ്താലും ഇന്ത്യ ആദ്യ വിക്കറ്റില്‍ ഉറപ്പായും നൂറ് റണ്‍സ് കൂട്ടിച്ചേര്‍ക്കും.

ഫിസ് (മുസ്തഫിസുര്‍ റഹ്‌മാന്‍) വളരെ മികച്ച ബൗളര്‍ തന്നെയാണ്. എതിര്‍ ടീം ബാറ്റര്‍മാരെ അവന് ഉറപ്പായും വിറപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഇന്ത്യ എന്നത് അവന് ഒരുപക്ഷേ വലിയ കടമ്പ തന്നയായിരിക്കും.

ഇന്ത്യ അവരുടെ ഓപ്പണിങ് കൂട്ടുകെട്ടിന് കുറിച്ച് ഏറെ ആശങ്കാകുലരാണ്. എന്നാല്‍ ബംഗ്ലാദേശിനെതിരെ അവര്‍ അത് പൂര്‍ണമായും പരിഹരിക്കും. ബംഗ്ലാദേശ് ഒരു ഭീഷണിയാകുമെന്ന് കരുതുന്നില്ല,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് നിരന്തരം പരാജയപ്പെടുമ്പോഴും വിരാടിനെയും രോഹിത്തിനെയും തന്നെ ഇന്ത്യ ആദ്യ വിക്കറ്റില്‍ കളത്തിലിറക്കണമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

‘ഉറപ്പായും, ഇന്ത്യക്ക് ഇടംകൈ – വലംകൈ കൂട്ടുകെട്ടിനെ കളത്തിലിറക്കാനുള്ള ഓപ്ഷനുണ്ടായിരുന്നു. എന്നാല്‍ അവര്‍ (ഐ.പി.എല്‍) ഫ്രാഞ്ചൈസികള്‍ക്കായി മികച്ച പ്രകടനം പുറത്തെടുത്ത ഏറ്റവും മികച്ച താരങ്ങളെയാണ് കളത്തിലിറക്കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും.

എനിക്ക് തോന്നുന്നത് അവന്‍ ആ കോംബിനേഷനില്‍ തന്നെ ഉറച്ചുനില്‍ക്കണമെന്നാണ്. നിങ്ങള്‍ ഓപ്പണിങ്ങില്‍ മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ വിരാട് കോഹ്‌ലി ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടി വരും. അത് കാര്യങ്ങള്‍ വഷളാക്കിയേക്കും,’ സ്റ്റാര്‍ സ്പോര്‍ട്സില്‍ നടന്ന ചര്‍ച്ചയില്‍ ലാറ പറഞ്ഞു.

ഈ കൂട്ടുകെട്ട് പരാജയമാണെങ്കിലും വരും മത്സരങ്ങളില്‍ ഇവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമെന്നും ലാറ പറഞ്ഞിരുന്നു.

‘നിലവിലുള്ള ഈ കോംബിനേഷനെ തന്നെ ഇന്ത്യ തുടരുമെന്നും രണ്ട് താരങ്ങളെയും പിന്തുണയ്ക്കുമെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. അടുത്ത് തന്നെ അവര്‍ മികച്ച ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ഞാന്‍ കരുതുന്നത്. യു.എസ്.എയില്‍ ബാറ്റ് ചെയ്യുകയെന്നത് അല്‍പം പ്രയാസമേറിയത് തന്നെയായിരുന്നു. മത്സരങ്ങള്‍ വിജയിക്കുന്ന സാഹചര്യത്തില്‍ അവര്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തുമെന്ന് കരുതുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: T20 World Cup 2024: Super 8: IND vs BAN: Brian Lara says Virat and Rohit will build 100 runs partnership in 1st wicket

We use cookies to give you the best possible experience. Learn more