ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ ഇന്ത്യ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. മത്സരത്തില്‍ വിജയസാധ്യത കല്‍പിക്കുന്നത് ഇന്ത്യക്കാണ്.
ലോകകപ്പില്‍ ഇതുവരെ പരാജയമറിയാതെ മുമ്പോട്ട് കുതിക്കുന്ന ഇന്ത്യ ഈ മത്സരത്തിലും വിജയിച്ച് കുതിപ്പ് തുടരാനാണ് രോഹിത്തും സംഘവും ഒരുങ്ങുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ബൗളിങ് തെരഞ്ഞെടുത്തു. ഇന്ത്യയെ ചെറിയ ടോട്ടലില്‍ ഒതുക്കി നിര്‍ത്താനും അത് വിജയകരമായി പിന്തുടരാനുമാണ് തങ്ങള്‍ ഒരുങ്ങുന്നതെന്നും ഷാന്റോ പറഞ്ഞു.
ടോസ് നേടിയാല്‍ തങ്ങള്‍ ബാറ്റിങ് തെരെഞ്ഞെടുക്കുമെന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശ് ഒരു മാറ്റവുമായി കളിക്കുമ്പോള്‍ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്.
സൂപ്പര്‍ 8ല്‍ അഫ്ഗാനിസ്ഥാനെതിരെ 47 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയാണ് ഇന്ത്യ സൂപ്പര്‍ 8 ക്യാമ്പെയ്‌ന് തുടക്കമിട്ടത്. അതേസമയം, ഓസ്‌ട്രേലിയയോട് മഴനിയമത്തില്‍ 28 റണ്‍സിന് ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു.