2024 ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ഗ്രോസ് ഐലറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
മത്സരത്തില്‍ ടോസ് വിജയിച്ചാല്‍ തങ്ങളും ഫീല്‍ഡിങ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് രോഹിത് ശര്‍മയും പറഞ്ഞത്.
സൂപ്പര്‍ 8ല്‍ കളിച്ച രണ്ട് മത്സരത്തിലും വിജയിച്ചാണ് ഇന്ത്യ നിര്‍ണായക മൂന്നാം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെയും കെട്ടുകെട്ടിച്ചു. അതേസമയം, ബംഗ്ലാദേശിനോട് വിജയിച്ചും അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടുമാണ് ഓസീസ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. രണ്ടാം ഓവറില്‍ തന്നെ വിരാട് കോഹ്‌ലിയെ ഇന്ത്യക്ക് നഷ്ടമായി. അഞ്ച് പന്ത് നേരിട്ട വിരാടിനെ അക്കൗണ്ട് തുറക്കും മുമ്പാണ് കങ്കാരുക്കള്‍ മടക്കിയത്. ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ടിം ഡേവിഡിന് ക്യാച്ച് നല്‍കിയാണ് വിരാട് പുറത്തായത്.
ഈ ലോകകപ്പില്‍ ഏറ്റവും പരാജയപ്പെട്ട ഓപ്പണിങ് കോംബോയാണ് ഇന്ത്യയുടേത്. ഒരു റെഗുലര്‍ ഓപ്പണര്‍ സ്‌ക്വാഡിന്റെ ഭാഗമായിട്ടും വിരാട് കോഹ്‌ലിയെ ഓപ്പണറായി കളത്തിലിറക്കുന്ന ഇന്ത്യയുടെ പരീക്ഷണം പല തവണ പാളിയിരുന്നു. തന്റെ നാച്ചുറല്‍ പൊസിഷനായ വണ്‍ ഡൗണില്‍ നിന്നും മാറിയതും വിരാടിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.
ഈ ലോകകപ്പിന് മുമ്പ് ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ഡക്കാകാത്ത വിരാട് ഓപ്പണിങ്ങില്‍ ഇറങ്ങിയ ഇത്തവണ രണ്ട് തവണയാണ് പൂജ്യത്തിന് പുറത്തായത്. അതിലൊന്നാകട്ടെ ഗോള്‍ഡന്‍ ഡക്കും.
ബാറ്റെടുത്ത ആറ് മത്സരത്തില്‍ നാലിലും വിരാട് ഇരട്ടയക്കം കാണാതെയാണ് പുറത്തായത്. ബംഗ്ലാദേശിനെതിരെ നേടിയ 37 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ആ ലോകകപ്പില്‍ ഇതുവരെ 11.00 ശരാശരിയിലും 100.00 സ്‌ട്രൈക്ക് റേറ്റിലും 66 റണ്‍സാണ് വിരാടിന് നേടാന്‍ സാധിച്ചത്. ഓപ്പണറുടെ റോളില്‍ തുടര്‍ പരാജയമായിട്ടും വിരാടിനെ അവിടെ തന്നെ തളച്ചിടുന്നതെന്തിനെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
വിരാടിനെ ഓപ്പണിങ്ങില്‍ നിന്നും മാറ്റി മൂന്നാം നമ്പറിലേക്കിറക്കണമെന്ന് ആരാധകര്‍ ശക്തമായി വാദിക്കുന്നു.
അതേസമയം, മഴയെത്തിയതോടെ മത്സരം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 4.1 ഓവറില്‍ 43ന് ഒന്ന് എന്ന നിലയിലാണ് മഴയെത്തിയത്.
14 പന്തില്‍ 41 റണ്‍സുമായി രോഹിത് ശര്‍മയും ആറ് പന്തില്‍ ഒരു റണ്ണുമായി റിഷബ് പന്തുമാണ് ക്രീസില്‍.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഒരു ഓവറില്‍ പറത്തിയ നാല് പടുകൂറ്റന്‍ സിക്‌സറുകടക്കം അഞ്ച് സിക്‌സറും രണ്ട് ഫോറുമായാണ് രോഹിത് ക്രീസില്‍ തുടരുന്നത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍
ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, ടിം ഡേവിഡ്, മാത്യൂ വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്.
Content Highlight: T20 World Cup 2024: Super 8: IND vs AUS: Virat Kohli out for duck