സൂപ്പര്‍ 8ല്‍ കളിച്ച രണ്ട് മത്സരത്തിലും വിജയിച്ചാണ് ഇന്ത്യ നിര്‍ണായക മൂന്നാം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെയും കെട്ടുകെട്ടിച്ചു. അതേസമയം, ബംഗ്ലാദേശിനോട് വിജയിച്ചും അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടുമാണ് ഓസീസ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. രണ്ടാം ഓവറില്‍ തന്നെ വിരാട് കോഹ്‌ലിയെ ഇന്ത്യക്ക് നഷ്ടമായി. അഞ്ച് പന്ത് നേരിട്ട വിരാടിനെ അക്കൗണ്ട് തുറക്കും മുമ്പാണ് കങ്കാരുക്കള്‍ മടക്കിയത്. ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ടിം ഡേവിഡിന് ക്യാച്ച് നല്‍കിയാണ് വിരാട് പുറത്തായത്.
ഈ ലോകകപ്പില്‍ ഏറ്റവും പരാജയപ്പെട്ട ഓപ്പണിങ് കോംബോയാണ് ഇന്ത്യയുടേത്. ഒരു റെഗുലര്‍ ഓപ്പണര്‍ സ്‌ക്വാഡിന്റെ ഭാഗമായിട്ടും വിരാട് കോഹ്‌ലിയെ ഓപ്പണറായി കളത്തിലിറക്കുന്ന ഇന്ത്യയുടെ പരീക്ഷണം പല തവണ പാളിയിരുന്നു. തന്റെ നാച്ചുറല്‍ പൊസിഷനായ വണ്‍ ഡൗണില്‍ നിന്നും മാറിയതും വിരാടിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.
ഈ ലോകകപ്പിന് മുമ്പ് ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ഡക്കാകാത്ത വിരാട് ഓപ്പണിങ്ങില്‍ ഇറങ്ങിയ ഇത്തവണ രണ്ട് തവണയാണ് പൂജ്യത്തിന് പുറത്തായത്. അതിലൊന്നാകട്ടെ ഗോള്‍ഡന്‍ ഡക്കും.
ബാറ്റെടുത്ത ആറ് മത്സരത്തില്‍ നാലിലും വിരാട് ഇരട്ടയക്കം കാണാതെയാണ് പുറത്തായത്. ബംഗ്ലാദേശിനെതിരെ നേടിയ 37 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ആ ലോകകപ്പില്‍ ഇതുവരെ 11.00 ശരാശരിയിലും 100.00 സ്‌ട്രൈക്ക് റേറ്റിലും 66 റണ്‍സാണ് വിരാടിന് നേടാന്‍ സാധിച്ചത്. ഓപ്പണറുടെ റോളില്‍ തുടര്‍ പരാജയമായിട്ടും വിരാടിനെ അവിടെ തന്നെ തളച്ചിടുന്നതെന്തിനെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.