2024 ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ഗ്രോസ് ഐലറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് ഇന്ത്യ നേടിയത്.
41 പന്തില്‍ എട്ട് സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 92 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. 224.39 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു രോഹിത്തിന്റെ വെടിക്കെട്ട്.
Innings Break!
Captain Rohit Sharma led from the front as #TeamIndia post a total of 205/5 🙌
സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 31 റണ്‍സും ശിവം ദുബെ 22 പന്തില്‍ 28 റണ്‍സും നേടി. 17 പന്തില്‍ 27 റണ്‍സാണ് വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ടോട്ടലിലേക്ക് സംഭാവന ചെയ്തത്.
അര്‍ഹിച്ച സെഞ്ച്വറിക്ക് എട്ട് റണ്‍സകലെ കാലിടറി വീണതോടെ ചരിത്ര നേട്ടങ്ങളാണ് രോഹിത് ശര്‍മക്ക് നഷ്ടമായത്. ടി-20 ലോകകപ്പില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത് താരമെന്ന നേട്ടമാണ് ഇതില്‍ പ്രധാനം.
ടി-20 ലോകകപ്പില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയ ഏക താരം സുരേഷ് റെയ്‌നയാണ്. 2010 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കെതിരെ 60 പന്തില്‍ റെയ്‌ന നേടിയ 101 ആണ് ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഏക സെഞ്ച്വറി.
അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 49ന് ഒന്ന് എന്ന നിലയിലാണ്. ആദ്യ ഓവറില്‍ ആറ് റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറിന്റെ വിക്കറ്റാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്.