ടി-20യിലെ ആദ്യ ഐതിഹാസിക ഡബിള്‍ സെഞ്ച്വറി; ഒരുത്തനും തൊടാന്‍ പോലുമാകാത്ത നേട്ടത്തില്‍ രോഹിത് ഗുരുനാഥ് ശര്‍മ
T20 world cup
ടി-20യിലെ ആദ്യ ഐതിഹാസിക ഡബിള്‍ സെഞ്ച്വറി; ഒരുത്തനും തൊടാന്‍ പോലുമാകാത്ത നേട്ടത്തില്‍ രോഹിത് ഗുരുനാഥ് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 24th June 2024, 9:35 pm

 

2024 ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ഗ്രോസ് ഐലറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

മത്സരത്തില്‍ ടോസ് വിജയിച്ചാല്‍ തങ്ങളും ഫീല്‍ഡിങ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് രോഹിത് ശര്‍മയും പറഞ്ഞത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. രണ്ടാം ഓവറിലെ നാലാം പന്തില്‍ വിരാട് കോഹ്‌ലി പൂജ്യത്തിന് പുറത്തായി. ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ടിം ഡേവിഡിന് ക്യാച്ച് നല്‍കിയാണ് വിരാട് പുറത്തായത്. ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് വിരാട് പൂജ്യത്തിന് പുറത്താകുന്നത്.

വിരാട് പുറത്തായതിന് പിന്നാലെ സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല രോഹിത് ഒറ്റയ്ക്ക് ഏറ്റെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്കെറിഞ്ഞ മൂന്നാം ഓവറില്‍ നാല് പടുകൂറ്റന്‍ സിക്‌സറുകളാണ് രോഹിത് അടിച്ചെടുത്തത്. ആ ഓവറില്‍ പിറന്നതാകട്ടെ 29 റണ്‍സും.

സ്റ്റാര്‍ക്കിനെതിരെ മൂന്നാം ഓവറില്‍ നേടിയ നാല് സിക്‌സറടക്കം ഏട്ട് പടുകൂറ്റന്‍ സിക്‌സറുകളാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. ഇതിന് പുറമെ ഏഴ് ബൗണ്ടറികളും താരത്തിന്റെ ബാറ്റില്‍ നിന്നും പിറവിയെടുത്തിരുന്നു. 41 പന്തില്‍ 224.39 സ്‌ട്രൈക്ക് റേറ്റില്‍ 92 റണ്‍സാണ് രോഹിത് നേടിയത്. ഒടുവില്‍ സെഞ്ച്വറിക്ക് എട്ട് റണ്‍സകലെ സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി താരം മടങ്ങുകയായിരുന്നു.

ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും രോഹിത് സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ 200 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.

കരിയറിലെ 157ാം ഇന്നിങ്‌സിലാണ് രോഹിത് സിക്‌സറില്‍ ഡബിള്‍ സെഞ്ച്വറി നേടിയത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 157 – 203*

മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 118 – 173

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 113 – 137

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – 103 – 133

നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – 87 – 132

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 63 – 130

 

അതേസമയം, നിലവില്‍ 17 ഓവര്‍ പിന്നിടുമ്പോള്‍ 171ന് നാല് എന്ന നിലയിലാണ് ഇന്ത്യ. 18 പന്തില്‍ 24 റണ്‍സുമായി ശിവം ദുബെയും എട്ട് പന്തില്‍ ആറ് റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, ടിം ഡേവിഡ്, മാത്യൂ വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്.

 

Also Read വിരാടും രോഹിത്തുമില്ല, വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍, ഒപ്പം ആരാധകര്‍ കാത്തിരുന്നവന്റെ അരങ്ങേറ്റവും; ടീം പ്രഖ്യാപിച്ച് ഇന്ത്യ

 

Also Read ബുംറയൊന്നും ചിത്രത്തില്‍ പോലുമില്ല, ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യ താരം; ഐതിഹാസിക നേട്ടത്തില്‍ അര്‍ഷ്ദീപ്

 

Also Read യുവിയുടെ ആറ് സിക്സുകൾക്ക് പിന്നിൽ ജോസേട്ടന്റെ അഞ്ച് സിക്സുകൾ; അടിച്ചുകയറിയത് ചരിത്രത്തിലേക്ക്

 

Content highlight: T20 World Cup 2024: Super 8: IND vs AUS: Rohit Sharma becomes the first ever batter to complete 200 sixes in T20I