| Thursday, 20th June 2024, 10:49 pm

സൂര്യയുടെ 200, പന്തിന്റെയും പാണ്ഡ്യയുടെയും 100; അഫ്ഗാനെതിരെ ഇന്ത്യയുടെ ട്രിപ്പിള്‍ ട്രബിള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ 8 മത്സരങ്ങള്‍ക്കിറങ്ങിയിരിക്കുകയാണ്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് ഇന്ത്യ നേടിയത്. സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കുയര്‍ന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ളവര്‍ നിരാശപ്പെടുത്തിയപ്പോഴാണ് സ്‌കൈ ഇന്ത്യയുടെ രക്ഷകനായത്.

28 പന്ത് നേരിട്ട് അഞ്ച് ഫോറും മൂന്ന് തകര്‍പ്പന്‍ സിക്‌സറും അടക്കം 53 റണ്‍സാണ് താരം നേടിയത്. 189.29 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു സൂര്യയുടെ വെടിക്കെട്ട്.

വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും സ്‌കോര്‍ ബോര്‍ഡിലേക്ക് തന്റേതായ സംഭാവനകള്‍ നല്‍കി. 24 പന്തില്‍ 32 റണ്‍സാണ് താരം നേടിയത്. വിരാട് കോഹ്‌ലി (24 പന്തില്‍ 24), റിഷബ് പന്ത് (11 പന്തില്‍ 20) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

മത്സരത്തില്‍ അഞ്ചാം തവണ പന്ത് ബൗണ്ടറി കടത്തിയതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സൂര്യകുമാര്‍ യാദവ് നേടിയത്. അന്താരാഷ്ട്ര ടി-20യില്‍ 200 ഫോര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 61ാം ഇന്നിങ്‌സിലാണ് താരം ബൗണ്ടറി നേട്ടത്തില്‍ ഇരട്ട സെഞ്ച്വറി നേടിയത്.

ഇതിന് പുറമെ ഇന്ത്യക്കായി ടി-20യില്‍ 200 ബൗണ്ടറി നേടുന്ന മൂന്നാമത് താരമെന്ന നേട്ടവും സ്‌കൈ സ്വന്തമാക്കി. നായകന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

ടി-20ഐയില്‍ ഏറ്റവുമധികം ബൗണ്ടറി നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ബൗണ്ടറി എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 365

വിരാട് കോഹ്‌ലി – 362

സൂര്യകുമാര്‍ യാദവ് – 200*

ശിഖര്‍ ധവാന്‍ – 191

കെ.എല്‍. രാഹുല്‍ – 191

ഇതിന് പുറമെ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും റിഷബ് പന്തും 100 ബൗണ്ടറികളെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. പാണ്ഡ്യ തന്റെ 73ാം ഇന്നിങ്‌സില്‍ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ 60ാം ഇന്നിങ്‌സിലാണ് പന്ത് അന്താരാഷ്ട്ര ടി-20യില്‍ ബൗണ്ടറിയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 35ന് മൂന്ന് എന്ന നിലയിലാണ്. റഹ്‌മാനുള്ള ഗുര്‍ബാസ് (8 പന്തില്‍ 11), ഹസ്രത്തുള്ള സസായ് (4 പന്തില്‍ 2), ഇബ്രാഹിം സദ്രാന്‍ (11 പന്തില്‍ 8) എന്നിവരുടെ വിക്കറ്റാണ് അഫ്ഗാനിസ്ഥാന് നഷ്ടമായത്.

ഏഴ് പന്തില്‍ ഏഴ് റണ്‍സുമായി ഗുലാബ്ദീന്‍ നയീബും ആറ് പന്തില്‍ അഞ്ച് റണ്‍സുമായി അസ്മത്തുള്ള ഒമര്‍സായിയുമാണ് ക്രിസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഹസ്രത്തുള്ള സസായ്, ഇബ്രാഹിം സദ്രാന്‍, ഗുലാബ്ദീന്‍ നയീബ്, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, റാഷിദ് ഖാന്‍ (വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, നവീന്‍ ഉള്‍ ഹഖ്, ഫസലാഖ് ഫാറൂഖി.

Content highlight: T20 World Cup 2024: Super 8: IND vs AFG: Suryakumar Yadav completes 200 fours in T20I

We use cookies to give you the best possible experience. Learn more