| Thursday, 20th June 2024, 9:29 pm

ഹീറോയും ഞാന്‍ തന്നെ, വില്ലനും ഞാന്‍ തന്നെ; ലോകകപ്പിലെ ഇരട്ട റെക്കോഡില്‍ ഇന്ത്യന്‍ നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ 8 മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. വിക്കറ്റ് ഇപ്പോള്‍ മികച്ച രീതിയിലാണ് ഉള്ളതെന്നും മത്സരം പുരോഗമിക്കുമ്പോള്‍ പിച്ച് എങ്ങനെ പെരുമാറും എന്ന കാര്യം അറിയില്ലെന്നും ഇക്കാരണത്താലാണ് ടോസ് നേടിയ ശേഷം ബാറ്റിങ് തെരഞ്ഞെടുത്തതെന്നും രോഹിത് പറഞ്ഞു.

ഓപ്പണറായി കളത്തിലിറങ്ങിയ രോഹിത് സ്‌കോര്‍ ബോര്‍ഡിന് അധികം ബുദ്ധിമുട്ടിക്കാതെ വളരെ പെട്ടെന്ന് തന്നെ തിരിച്ചുകയറിയിരുന്നു. 13 പന്തില്‍ എട്ട് റണ്‍സുമായി നില്‍ക്കവെ ഫസലാഖ് ഫാറൂഖിയുടെ പന്തില്‍ റാഷിദ് ഖാന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇത് 19ാം തവണയാണ് രോഹിത് ഒറ്റയക്കത്തിന് പുറത്താകുന്നത്. ഏറ്റവുമധികം തവണ ഈ മോശം നേട്ടം സ്വന്തമാക്കിയതും രോഹിത് തന്നെ.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് പുറത്തായ താരങ്ങള്‍

(താരം – എത്ര തവണ ഒറ്റയക്കത്തിന് പുറത്തായി എന്ന ക്രമത്തിവല്‍)

രോഹിത് ശര്‍മ – 19*

യുവരാജ് സിങ് – 17

വിരാട് കോഹ്‌ലി – 14

എം.എസ്. ധോണി – 13

സുരേഷ് റെയ്‌ന – 13

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 12

സഹീര്‍ ഖാന്‍ – 12

ഇതേ രോഹിത് ശര്‍മ തന്നെയാണ് ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കായി ഏറ്റവുമധികം സെഞ്ച്വറി നേടിയത് എന്നതാണ് രസകരമായ വസ്തുത.

ലോകകപ്പില്‍ ഏഴ് സെഞ്ച്വറിയുമായി അന്താരാഷ്ട്ര തലത്തിലും രോഹിത് തന്നെയാണ് ഈ നേട്ടത്തില്‍ ഒന്നാമതുള്ളത്. ആറ് വീതം സെഞ്ച്വറിയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഡേവിഡ് വാര്‍ണറുമാണ് രണ്ടാം സ്ഥാനത്ത്.

അതേസമയം, മത്സരത്തില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 14 പന്തില്‍ 13 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും 21 പന്തില്‍ 41 റണ്‍സുമായി സൂര്യകുമാര്‍ യാദവുമാണ് ക്രിസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഹസ്രത്തുള്ള സസായ്, ഇബ്രാഹിം സദ്രാന്‍, ഗുലാബ്ദീന്‍ നയീബ്, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, റാഷിദ് ഖാന്‍ (വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, നവീന്‍ ഉള്‍ ഹഖ്, ഫസലാഖ് ഫാറൂഖി.

Content Highlight: T20 World Cup 2024: Super 8: IND vs AFG: Rohit Sharma out for single digit

We use cookies to give you the best possible experience. Learn more