ഒടുവില്‍ റോയലായി തന്നെ റാഷിദ് ആ നാണക്കേട് ഇല്ലാതാക്കി; ചരിത്രത്തില്‍ ആദ്യ വിക്കറ്റായി പന്ത്
T20 world cup
ഒടുവില്‍ റോയലായി തന്നെ റാഷിദ് ആ നാണക്കേട് ഇല്ലാതാക്കി; ചരിത്രത്തില്‍ ആദ്യ വിക്കറ്റായി പന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th June 2024, 10:08 pm

ടി-20 ലോകകപ്പില്‍ സൂപ്പര്‍ 8 മത്സരങ്ങളുടെ ആരവമുയര്‍ന്നിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ എട്ടിനിറങ്ങിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലാണ് വേദി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലേക്കുയര്‍ന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ളവര്‍ നിരാശപ്പെടുത്തിയപ്പോഴാണ് സ്‌കൈ ഇന്ത്യയുടെ രക്ഷകനായത്.

28 പന്ത് നേരിട്ട് അഞ്ച് ഫോറും മൂന്ന് തകര്‍പ്പന്‍ സിക്‌സറും അടക്കം 53 റണ്‍സാണ് താരം നേടിയത്. 189.29 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു സൂര്യയുടെ വെടിക്കെട്ട്.

വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും തങ്ങളുടേതായ സംഭാവനകള്‍ നല്‍കി. 24 പന്തില്‍ 32 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് ഇന്ത്യ നേടിയത്.

അഫ്ഗാനിസ്ഥാനായി ക്യാപ്റ്റന്‍ റാഷിദ് ഖാനാണ് തകര്‍ത്തെറിഞ്ഞത്. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം നേടിയത്.

റാഷിദിന്റെ ഈ വിക്കറ്റ് നേട്ടത്തിന് ഏറെ പ്രത്യേകതകളാണുള്ളത്. ചരിത്രത്തിലാദ്യമായാണ് അന്താരാഷ്ട്ര ടി-20യില്‍ റാഷിദ് ഖാന്‍ ഇന്ത്യക്കെതിരെ വിക്കറ്റ് നേടുന്നത്.

സൂപ്പര്‍ താരം റിഷബ് പന്തിനെയാണ് റാഷിദ് ഖാന്‍ ആദ്യം മടക്കിയത്. 11 പന്തില്‍ 20 റണ്‍സ് നേടി നില്‍ക്കവെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് റാഷിദ് മടക്കിയത്. പന്തിന് പുറമെ വിരാട് കോഹ്‌ലി, ശിവം ദുബെ എന്നിവരെയും താരം പുറത്താക്കി.

ക്യാപ്റ്റന് പുറമെ ഫസലാഖ് ഫാറൂഖിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നവീന്‍ ഉള്‍ ഹഖാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്. അക്‌സര്‍ പട്ടേല്‍ റണ്‍ ഔട്ടായി മടങ്ങുകയായിരുന്നു.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഹസ്രത്തുള്ള സസായ്, ഇബ്രാഹിം സദ്രാന്‍, ഗുലാബ്ദീന്‍ നയീബ്, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, റാഷിദ് ഖാന്‍ (വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, നവീന്‍ ഉള്‍ ഹഖ്, ഫസലാഖ് ഫാറൂഖി.

 

Content Highlight: T20 World Cup 2024: Super 8: IND vs AFG: Rashid Khan picks his first ever T20I wicket against India