2024 ടി-20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ 8 മത്സരത്തിനിറങ്ങുകയാണ്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. വിക്കറ്റ് ഇപ്പോള്‍ മികച്ച രീതിയിലാണ് ഉള്ളതെന്നും മത്സരം പുരോഗമിക്കുമ്പോള്‍ പിച്ച് എങ്ങനെ പെരുമാറും എന്ന കാര്യം അറിയില്ലെന്നും ഇക്കാരണത്താലാണ് ടോസ് നേടിയ ശേഷം ബാറ്റിങ് തെരഞ്ഞെടുത്തതെന്നും രോഹിത് പറഞ്ഞു.
ടോസ് ലഭിച്ചാല്‍ തങ്ങളും ബാറ്റിങ് തന്നെയാണ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്നാണ് അഫ്ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാനും പറഞ്ഞത്.
കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സൂപ്പര്‍ താരം മുഹമ്മദ് സിറാജിന് പകരം ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്.
ഒരു മാറ്റമാണ് അഫ്ഗാനിസ്ഥാനും വരുത്തിയിരിക്കുന്നത്. കരീം ജന്നത്തിന് പകരം ഹസ്രത്തുള്ള സസായ് ഇന്ത്യക്കെതിരെ കളത്തിലിറങ്ങും.
അപരാജിതരായാണ് ഇന്ത്യ സൂപ്പര്‍ 8 മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും ഇന്ത്യ വിജയിച്ചിരുന്നു. കാനഡക്കെതിരായ മത്സരം ഉപേക്ഷിച്ചതോടെ ഏഴ് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യയെത്തുന്നത്.
എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കൂറ്റന്‍ പരാജയമാണ് അഫ്ഗാന് നേരിടേണ്ടി വന്നത്. ഈ പരാജയത്തെ മറികടക്കാന്‍ തന്നെയാകും റാഷിദും സംഘവും ഇറങ്ങുക.