| Friday, 21st June 2024, 12:18 am

ഇന്ത്യന്‍ ചരിത്രത്തില്‍ ഇങ്ങനെയൊന്ന് ആദ്യം, ലോകകപ്പില്‍ രണ്ടാമതും; ക്യാച്ചെടുത്ത് ക്യാച്ചെടുത്ത് നേടിയ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ 47 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ കൈപ്പിടിയിലൊതുക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന് 134 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

അഫ്ഗാനിസ്ഥാന്റെ പത്ത് വിക്കറ്റും സ്വന്തമാക്കിയാണ് ബൗളര്‍മാര്‍ ഒരിക്കല്‍ക്കൂടി തങ്ങളുടെ റോള്‍ അതിഗംഭീരമാക്കിയത്. 20ാം ഓവറിലെ അവസാന പന്തിലാണ് അഫ്ഗാനിസ്ഥാന്റെ അവസാന താരത്തെയും ഇന്ത്യ മടക്കിയത്.

ടി-20യില്‍ ഇതിന് മുമ്പും ഇന്ത്യ എതിരാളികളെ ഓള്‍ ഔട്ട് ആക്കിയിട്ടുണ്ടെങ്കിലും ഈ മത്സരത്തില്‍ വീഴ്ത്തിയ പത്ത് വിക്കറ്റുകള്‍ക്കും പ്രത്യേകതകളേറെയാണ്. ക്യാച്ചിലൂടെയാണ് അഫ്ഗാന്റെ പത്ത് വിക്കറ്റുകളും ഇന്ത്യ സ്വന്തമാക്കിയത്.

റിഷബ് പന്തും രവീന്ദ്ര ജഡേജയും മൂന്ന് ക്യാച്ചുകളെടുത്തപ്പോള്‍ രോഹിത് ശര്‍മ രണ്ട് ക്യാച്ചും കൈപ്പിടിയിലൊതുക്കി. അക്‌സര്‍ പട്ടേലും അര്‍ഷ്ദീപ് സിങ്ങുമാണ് ശേഷിക്കുന്ന ക്യാച്ചുകളെടുത്തത്.

തങ്ങളുടെ ടി-20 ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ എതിരാളികളുടെ പത്ത് വിക്കറ്റും ക്യാച്ചിലൂടെ സ്വന്തമാക്കുന്നത്.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ടീം എതിരാളികളുടെ പത്ത് താരങ്ങളെയും ക്യാച്ചിലൂടെ പുറത്താക്കുന്നത്. 2022ല്‍ ഇംഗ്ലണ്ടാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന്‍ തന്നെയായിരുന്നു അന്നും റിസീവിങ് എന്‍ഡിലുണ്ടായിരുന്നത്.

അതേസമയം, അഫ്ഗാനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കുയര്‍ന്നത്. 28 പന്ത് നേരിട്ട് അഞ്ച് ഫോറും മൂന്ന് തകര്‍പ്പന്‍ സിക്സറും അടക്കം 53 റണ്‍സാണ് താരം നേടിയത്. 189.29 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു സൂര്യയുടെ വെടിക്കെട്ട്.

വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും തന്റേതായ സംഭാവനകള്‍ നല്‍കി. 24 പന്തില്‍ 32 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് ഇന്ത്യ നേടിയത്.

അഫ്ഗാനിസ്ഥാനായി ക്യാപ്റ്റന്‍ റാഷിദ് ഖാനാണ് തകര്‍ത്തെറിഞ്ഞത്. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം നേടിയത്. റിഷബ് പന്ത്, വിരാട് കോഹ്‌ലി, ശിവം ദുബെ എന്നിവരെയാണ് റാഷിദ് മടക്കിയത്. ക്യാപ്റ്റന് പുറമെ ഫസലാഖ് ഫാറൂഖിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നവീന്‍ ഉള്‍ ഹഖാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 23 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ അഫ്ഗാനിസ്ഥാന് നഷ്ടമായി.

അസ്മത്തുള്ള ഒമര്‍സായ്, ഗുലാബ്ദീന്‍ നായിബ്, നജിബുള്ള സദ്രാന്‍ എന്നിവര്‍ ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിക്കാനോ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ അഫ്ഗാനിസ്ഥാനെ അനുവദിച്ചില്ല.

20 പന്തില്‍ 26 റണ്‍സ് നേടി ഒമര്‍സായ് ആണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.

ഇന്ത്യക്കായി ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

സൂപ്പര്‍ എട്ടില്‍ ബംദഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ജൂണ്‍ 22ന് സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയമാണ് മറ്റൊരു ഏഷ്യന്‍ ക്ലാഷിന് വേദിയാകുന്നത്.

Content highlight: T20 World Cup 2024: Super 8: IND vs AFG: For the first India took all 10 wickets caught in a T20I match.

We use cookies to give you the best possible experience. Learn more