| Sunday, 23rd June 2024, 11:39 pm

ഇന്ത്യക്ക് മുമ്പേ സെമിയിലുമെത്തി ഇന്ത്യന്‍ നായകനെ കടത്തിവെട്ടി; ബട്‌ലര്‍ ഷോയില്‍ മൂന്നാമനായി രോഹിത്തും വാര്‍ണറും

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. സൂപ്പര്‍ 8 ഗ്രൂപ്പ് ബിയില്‍ യു.എസ്.എക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെയാണ് ഇംഗ്ലണ്ട് സെമി ഫൈനലിന് യോഗ്യത നേടിയത്.

യു.എസ്.എ ഉയര്‍ത്തിയ 116 റണ്‍സിന്റെ വിജയലക്ഷ്യം ഒട്ടും വിയര്‍ക്കാതെ ഇംഗ്ലണ്ട് മറികടന്നു. 62 പന്തും പത്ത് വിക്കറ്റും കയ്യിലിരിക്കവെയാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിന്റെ കരുത്തിലാണ് ത്രീ ലയണ്‍സ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.

38 പന്തില്‍ ഏഴ് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം പുറത്താകാതെ 83 റണ്‍സാണ് ബട്‌ലര്‍ നേടിയത്.

ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ഇംഗ്ലണ്ട് നായകന്‍ സ്വന്തമാക്കി. ടി-20 ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നാണ് താരം റെക്കോഡിട്ടത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിനെയും ഒരുമിച്ച് മറികടന്നാണ് ബട്‌ലര്‍ റെക്കോഡിട്ടത്.

യു.എസ്.എക്കെതിരായ മത്സരത്തിന് മുമ്പ് 36 വേള്‍ഡ് കപ്പ് സിക്‌സറുകളായിരുന്നു ബട്‌ലറിന്റെ പേരിലുണ്ടായിരുന്നത്. ഹര്‍മീത് സിങ്ങെറിഞ്ഞ ഒമ്പതാം ഓവറില്‍ പറത്തിയ അഞ്ച് സിക്‌സറടക്കം ഏഴ് പടുകൂറ്റന്‍ സിക്‌സറുകള്‍ സ്വന്തമാക്കിയതോടെ സിക്‌സര്‍ നേട്ടം 43 ആയി ഉയര്‍ത്താന്‍ ബട്‌ലറിനായി.

63 സിക്‌സറുമായി വിന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാമത്.

ടി-20 ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 63

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 43*

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 40

രോഹിത് ശര്‍മ – ഇന്ത്യ – 40

യുവരാജ് സിങ് – ഇന്ത്യ – 33

വിരാട് കോഹ്‌ലി – ഇന്ത്യ – 32

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. 18.5 ഓവറില്‍ 115 റണ്‍സ് മാത്രമാണ് യു.എസ്.എക്ക് കണ്ടെത്താന്‍ സാധിച്ചത്.

നിതീഷ് കുമാര്‍, കോറി ആന്‍ഡേഴ്‌സണ്‍, ഹര്‍മീത് സിങ് എന്നിവരാണ് യു.എസ്.എ നിരയില്‍ ചെറുത്തുനില്‍പിന് ശ്രമിച്ചത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയതോടെ ആതിഥേയര്‍. പരുങ്ങലിലായി.

നിതീഷ് കുമാര്‍ 24 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ ആന്‍ഡേഴ്‌സണ്‍ 28 പന്തില്‍ 29 റണ്‍സും നേടി പുറത്തായി. 17 പന്തില്‍ 21 റണ്‍സാണ് ഹര്‍മീത് സിങ് കൂട്ടിച്ചേര്‍ത്തത്.

ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദന്‍ ഹാട്രിക് അടക്കം നാല് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ആദില്‍ റഷീദും സാം കറനും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ലിയാം ലിവിങ്‌സ്റ്റണും ടോപ്‌ലിയും ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ സെമി ലക്ഷ്യമിട്ട് ബാറ്റ് വീശി. ഒരറ്റത്ത് നിന്ന് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ തകര്‍ത്തടിച്ചപ്പോള്‍ മറുവശത്ത് നിന്ന് ഫില്‍ സോള്‍ട്ട് മികച്ച പിന്തുണ നല്‍കി.

ക്യാപ്റ്റന്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ 21 പന്തില്‍ 25 റണ്‍സാണ് സോള്‍ട്ട് നേടിയത്.

18.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നാല്‍ ഇംഗ്ലണ്ടിന് സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നിരിക്കെ 9.4 ഓവറില്‍ ഇംഗ്ലണ്ട് വിജയിച്ചുകയറുകയായിരുന്നു.

സൂപ്പര്‍ എട്ടില്‍ കഷ്ടിച്ച് കടന്നുകൂടിയ ഇംഗ്ലണ്ട് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമായാണ് എതിരാളികളെ ഞെട്ടിച്ചത്. സൂപ്പര്‍ 8ല്‍ മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയത്തോടെ നാല് പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്.

ഗ്രൂപ്പ് ബി-യില്‍ നിന്നും സൗത്ത് ആഫ്രിക്കയോ വെസ്റ്റ് ഇന്‍ഡീസോ ആകും സെമിയില്‍ പ്രവേശിക്കുന്ന രണ്ടാമത് ടീം.

Also Read: ‘ഗംഭീര്‍ പരിശീലകനായാല്‍ സഞ്ജു ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യം’; ഗൗതം ഗംഭീറിന്റെ പഴയ പ്രസ്താവന വീണ്ടും ചര്‍ച്ചയാകുന്നു

Also Read: അന്താരാഷ്ട്ര തലത്തില്‍ ഇവന് മുമ്പില്‍ വീണത് 45 രാജ്യങ്ങള്‍; നബിയുടെ ഗര്‍ജനത്തില്‍ ഒടുവില്‍ തകര്‍ന്നടിഞ്ഞത് ഓസ്‌ട്രേലിയ

Also Read: ഞങ്ങള്‍ക്ക് അടുത്ത മത്സരം ജയിച്ചേ മതിയാകൂ, അതിന് ഇന്ത്യയെക്കാള്‍ മികച്ച ടീമില്ല; പോര്‍മുഖം തുറന്ന് ഓസ്‌ട്രേലിയ

Content Highlight: T20 World Cup 2024: Super 8: ENG vs USA: Jos Buttler surpassed Rohit Sharma

We use cookies to give you the best possible experience. Learn more