അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് ജയിച്ചതിനുശേഷം മാത്രമേ താന്‍ വിവാഹം കഴിക്കുകയുള്ളൂ എന്ന് റാഷിദ് ഖാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. അന്ന് അയാള്‍ ഒരുപാട് പരിഹസിക്കപ്പെട്ടു. അതേ റാഷിദ് ഖാന്‍ അഫ്ഗാന്‍ ടീമിനെ ടി-20 ലോകകപ്പിന്റെ സെമിഫൈനലില്‍ എത്തിച്ചിരിക്കുന്നു!
ബംഗ്ലാദേശിനെതിരെ കേവലം 114 റണ്ണുകള്‍ മാത്രമാണ് അഫ്ഗാനികള്‍ നേടിയത്. പക്ഷേ ആ ചെറിയ സ്‌കോര്‍ അവര്‍ വിജയകരമായി പ്രതിരോധിച്ചു! റാഷിദിന്റെ സ്‌പെല്‍ തങ്കം പോലെ തിളങ്ങിനിന്നു. കേവലം 23 റണ്ണുകള്‍ വിട്ടുകൊടുത്ത് 4 വിക്കറ്റുകള്‍!
2010ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ വെച്ച് നടന്ന ടി-20 ലോകകപ്പിലാണ് അഫ്ഗാനിസ്ഥാന്റെ ഇന്റര്‍നാഷണല്‍ കരിയര്‍ ആരംഭിച്ചത്. കേവലം 16 വര്‍ഷങ്ങള്‍ കൊണ്ട് അവര്‍ ഒരു സെമിഫൈനല്‍ ബെര്‍ത്ത് കരസ്ഥമാക്കി! സമാനതകളില്ലാത്ത വളര്‍ച്ച.
നനഞ്ഞ ബോള്‍ ഉപയോഗിച്ചാണ് റാഷിദ് ബോള്‍ ചെയ്തത്. എന്നിട്ടും അയാളുടെ പന്തുകള്‍ മാരകമായി ടേണ്‍ ചെയ്തു!
സെന്റ് വിന്‍സെന്റ് മൈതാനത്തിലെ ഒരു എന്‍ഡ് ബോളര്‍മാരുടെ പേടിസ്വപ്നമായിരുന്നു. ബാറ്റര്‍മാര്‍ക്ക് അനുകൂലമായ കനത്ത കാറ്റ് അവിടെ വീശുന്നുണ്ടായിരുന്നു. പക്ഷേ റാഷിദ് ആ എന്‍ഡില്‍ നിന്ന് തന്നെ ആക്രമിച്ചു. വിക്കറ്റുകള്‍ നേടി!
മഹ്‌മദുള്ളയെ പുറത്താക്കിയതും റാഷിദിന്റെ ബ്രില്യന്‍സ് ആയിരുന്നു. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചതാണ്. പക്ഷേ റാഷിദിന്റെ കണ്ണുകള്‍ എഡ്ജ് കണ്ടെടുത്തു. ഡി.ആര്‍.എസ്സിലൂടെ മഹ്‌മദുള്ള ഔട്ടായി!
റാഷിദ് എന്ന വ്യക്തിയുടെ ഔന്നത്യവും നാം കണ്ടു. മഴനിയമത്തിന്റെ ആനുകൂല്യം മുതലെടുക്കുന്നതിന് വേണ്ടി ഗുല്‍ബദീന്‍ നായിബ് പരിക്ക് അഭിനയിച്ചിരുന്നു. ആ പ്രവൃത്തിയ്ക്ക് കോച്ച് ജൊനാഥന്‍ ട്രോട്ടിന്റെ പിന്തുണയും ഉണ്ടായിരുന്നു. പക്ഷേ അതിനോടുള്ള തന്റെ എതിര്‍പ്പ് റാഷിദ് പരസ്യമായി തന്നെ പ്രകടിപ്പിച്ചു.
റാഷിദ് നല്‍കിയ സന്ദേശം വ്യക്തമായിരുന്നു,
”നമുക്ക് ആരെയും പിന്നില്‍ നിന്ന് കുത്തിവീഴ്‌ത്തേണ്ടതില്ല. നേരായ വഴിയിലൂടെ ജയിക്കാനുള്ള വെടിമരുന്ന് നമ്മുടെ പക്കലുണ്ട്…!”
ഒരിക്കല്‍ ഹര്‍ഷ ഭോഗ്ലെ റാഷിദിനോട് ചോദിച്ചു-
”താങ്കളുടെ കരങ്ങള്‍ അതിശക്തമാണ്. നിങ്ങളുമായി ഷെയ്ക് ഹാന്‍ഡ് ചെയ്താല്‍ എന്റെ കൈ ചിലപ്പോള്‍ തകര്‍ന്നുപോകും! എന്താണ് അതിന്റെ രഹസ്യം?’
ഒരു ചെറുചിരിയോടെ റാഷിദ് മറുപടി നല്‍കി-
”അതിന്റെ രഹസ്യം ലളിതമാണ്. ഞാന്‍ എന്റെ പിതാവിനോടൊപ്പം വയലില്‍ പണിയെടുക്കാറുണ്ട്…!”
അതാണ് അഫ്ഗാനികള്‍. മികച്ച ഗ്രൗണ്ടുകളും നല്ല കോച്ചുകളും അവര്‍ക്കുണ്ടായിരുന്നില്ല. തെരുവില്‍ കളിച്ച് വിളഞ്ഞവര്‍. യഥാര്‍ത്ഥ സ്ട്രീറ്റ് ഫൈറ്റേഴ്‌സ്!
അഫ്ഗാനികളുടെ മാതൃഭാഷ പാഷ്‌തോ ആണ്. എന്നാല്‍ പല അഫ്ഗാനികള്‍ക്കും പാഷ്‌തോയില്‍ വലിയ പ്രാവീണ്യമില്ല. അതിന്റെ കാരണം കേട്ടാല്‍ ഉള്ളുപിടയും.
അഫ്ഗാന്‍ ക്രിക്കറ്റര്‍മാര്‍ പാക്കിസ്ഥാനിലെ അഭയാര്‍ത്ഥികളായിരുന്നു. പാക്കിസ്ഥാനിലെ സ്‌കൂളുകളില്‍ പാഷ്‌തോ പഠിപ്പിച്ചിരുന്നില്ല. അങ്ങനെ മാതൃഭാഷ പഠിക്കാനുള്ള അവകാശം പോലും അഫ്ഗാനികള്‍ക്ക് നിഷേധിക്കപ്പെട്ടു!
ഇവര്‍ ജയിക്കുമ്പോള്‍ ആനന്ദിക്കാതിരിക്കുന്നതെങ്ങനെ!?
വിരാട് കോഹ്‌ലിയും നവീന്‍ ഉല്‍ ഹഖും തമ്മില്‍ ചെറിയൊരു ശത്രുത നിലനിന്നിരുന്നു. എന്നാല്‍ കഴിഞ്ഞുപോയ ഏകദിന ലോകകപ്പിന്റെ സമയത്ത് വിരാടിനെ സ്‌നേഹപൂര്‍വ്വം ആശ്ലേഷിച്ച നവീന്‍ ഇന്ത്യക്കാരുടെ ഹൃദയങ്ങളെ ജയിച്ചടക്കി! അത്രമേല്‍ നല്ലവരാണ് അഫ്ഗാനികള്‍!
ടാസ്‌കിന്‍ അഹമ്മദിനെയും മുസ്തഫിസുര്‍ റഹ്‌മാനെയും നവീന്‍ പുറത്താക്കിയപ്പോള്‍ ഇന്ത്യക്കാര്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടിയിരുന്നു. വിജയത്തിനുശേഷം അഫ്ഗാനികള്‍ മുഖം പൊത്തി കരഞ്ഞപ്പോള്‍ പല ഇന്ത്യക്കാരും കണ്ണുനീര്‍ വാര്‍ത്തിട്ടുണ്ടാവും!
ത്രിവര്‍ണ പതാകയ്‌ക്കൊപ്പം അഫ്ഗാന്റെ കൊടിയും ഉയരത്തില്‍ പറക്കട്ടെ. അഫ്ഗാനികള്‍ സ്വപ്ന സഞ്ചാരം തുടരട്ടെ. നിങ്ങളെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. ഉപാധികളില്ലാതെ…
Content Highlight: T20 World Cup 2024: Super 8: AFG vs BAN: Sandeep Das writes about Afghanistan’s victory