T20 world cup
അഭയാര്‍ത്ഥിയായിരിക്കവെ സഹതാരങ്ങള്‍ പോലും തീവ്രവാദിയെന്ന് മുദ്രകുത്തിയവന്‍ ഇന്ന് ഓസീസിനെ മുട്ടുകുത്തിച്ചിരിക്കുന്നു; നേടാനുള്ളത് നേടിയെടുക്കുന്ന അഫ്ഗാന്‍ പോരാട്ടവീര്യം
സന്ദീപ് ദാസ്
2024 Jun 23, 01:13 pm
Sunday, 23rd June 2024, 6:43 pm

ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടിരിക്കുന്നു! നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഗുല്‍ബദീന്‍ നായിബ് പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയിരിക്കുന്നു എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാമോ?

16 വര്‍ഷങ്ങള്‍ക്കുമുമ്പ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. ‘ഔട്ട് ഓഫ് ദി ആഷസ്’ (Out of the Ashes) എന്നായിരുന്നു അതിന്റെ പേര്.

അക്കാലത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അതിന്റെ പാരമ്യത്തിലായിരുന്നു. തുടര്‍ച്ചയായി മൂന്ന് ഏകദിന ലോകകപ്പുകള്‍ ജയിച്ച കംഗാരുപ്പട ചരിത്രം തന്നെ സൃഷ്ടിച്ചിരുന്നു.

ആ ഡോക്യുമെന്ററിയില്‍ ഒരു കൊച്ചുപയ്യന്‍ മുഖംകാണിച്ചിരുന്നു. അവന് ബോഡി ബില്‍ഡിങ്ങില്‍ അതീവ താത്പര്യം ഉണ്ടായിരുന്നു. ആ കൗമാരക്കാരന്റെ പേര് ഗുല്‍ബദീന്‍ നായിബ് എന്നായിരുന്നു! അന്ന് ലോകം അവനെ കാര്യമായി ശ്രദ്ധിച്ചില്ല.

വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു. പഴയ ആ ബോഡി ബില്‍ഡര്‍ സാക്ഷാല്‍ ഓസീസിനെ അടിയറവ് പറയിച്ചു! മൈതാനത്തിന് നടുവില്‍ ഗുല്‍ബദീന്‍ മസില്‍ പെരുപ്പിച്ച് നിന്നപ്പോള്‍ ലോകം കൈയ്യടിച്ചു എന്തൊരു ഹീറോയിസം.

ഒരു പഴയ അഭിമുഖത്തില്‍ ഗുല്‍ബദീന്‍ പറഞ്ഞിരുന്നു.

”അഫ്ഗാനികള്‍ക്ക് ഒരു സവിശേഷതയുണ്ട്. ഒരു കാര്യം നേടാന്‍ ഞങ്ങള്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ അത് നേടിയിരിക്കും. ആര്‍ക്കും ഞങ്ങളെ തടയാനാവില്ല!”

 

2023-ലെ ഏകദിന ലോകകപ്പില്‍ അഫ്ഗാന്‍ ഓസീസിനെ പരാജയപ്പെടുത്തേണ്ടതായിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഡബിള്‍ സെഞ്ച്വറി ഇല്ലായിരുന്നുവെങ്കില്‍ അഫ്ഗാനികള്‍ കഴിഞ്ഞ വര്‍ഷം തന്നെ അത്ഭുതം കാട്ടുമായിരുന്നു!

 

ഏകദിന ലോകകപ്പില്‍ തീര്‍ക്കാന്‍ ബാക്കിവെച്ച കണക്കുകള്‍ അഫ്ഗാനികള്‍ ടി-20 ലോകകപ്പിലൂടെ വീട്ടിയിരിക്കുന്നു! ഈ മനോഭാവത്തെക്കുറിച്ചാണ് ഗുല്‍ബദീന്‍ സംസാരിച്ചത്. നേടാനുള്ളതെല്ലാം എന്ത് വില കൊടുത്തും നേടുന്ന അഫ്ഗാന്‍ പോരാട്ടവീര്യം.

കുഞ്ഞുനാളില്‍ ഗുല്‍ബദീന്‍ ഒരു അഭയാര്‍ത്ഥിയായിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണങ്ങളെ ഭയന്ന ഗുല്‍ബദീന്റെ കുടുംബം പാകിസ്ഥാനിലേയ്ക്ക് ചേക്കേറിയതായിരുന്നു.

പാകിസ്ഥാനില്‍ വളര്‍ന്ന ഗുല്‍ബദീന്‍ എന്ന ബാലന് സ്വന്തം രാജ്യമായ അഫ്ഗാനിസ്ഥാനെക്കുറിച്ച് യാതൊരു ധാരണകളും ഇല്ലായിരുന്നു. തിരിച്ചറിവ് വന്നപ്പോള്‍ ഗുല്‍ബദീന്‍ പിതാവിനോട് ചോദിച്ചു,

”നമുക്ക് അഫ്ഗാനിസ്ഥാനിലേയ്ക്ക് തിരിച്ചുപോകണ്ടേ? വാപ്പയുടെ അവിടത്തെ പഴയ തുണി വ്യവസായം വീണ്ടും തുടങ്ങിക്കൂടേ?’

എന്നാല്‍ ഗുല്‍ബദീന്റെ പിതാവ് അതിന് വഴങ്ങിയില്ല. സ്വന്തം മണ്ണിനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ അദ്ദേഹം പണ്ടേ ഉപേക്ഷിച്ചിരുന്നു.

ഗുല്‍ബദീന്‍ ടേപ് ബോള്‍ ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചുതുടങ്ങി. ആ കാലഘട്ടത്തെക്കുറിച്ചുള്ള ഗുല്‍ബദീന്റെ ഓര്‍മകള്‍ ഇങ്ങനെയാണ്,

”ആളുകള്‍ക്ക് ഞങ്ങളെ ഭയമായിരുന്നു. ഞങ്ങള്‍ തീവ്രവാദികളാണെന്ന് പലരും വിചാരിച്ചു. സഹകളിക്കാര്‍ പോലും ഞങ്ങളോട് അകലം പാലിച്ചു!”

പക്ഷേ ഗുല്‍ബദീന്‍ തോറ്റുകൊടുത്തില്ല. അയാള്‍ ലോകം അറിയുന്ന ക്രിക്കറ്ററായി വളര്‍ന്നു. അഫ്ഗാനിസ്ഥാനിലേയ്ക്ക് താമസം മാറ്റി.

 

സ്വന്തം മണ്ണ് കൈവിട്ടുപോയി എന്ന് ഉറപ്പിച്ച ഗുല്‍ബദീന്റെ പിതാവും ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ജീവിക്കുന്നുണ്ട്. അദ്ദേഹം കാബൂളില്‍ വസ്ത്ര ബിസിനസ് ചെയ്യുകയാണ്. ഗുല്‍ബദീന്റെ കൈവശം ഇരിക്കുന്ന പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് കാണുമ്പോള്‍ ആ പിതാവിന് അഭിമാനമുണ്ടാകും! ഒരിറ്റ് ആനന്ദക്കണ്ണീരും…

 

Content highlight: T20 World Cup 2024: Super 8: AFG vs AUS: Sandeep Das writes about Gulbadeen Naib

 

സന്ദീപ് ദാസ്
എഴുത്തുകാരന്‍