ടി-20 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങള്‍ക്കൊന്നിനാണ് സെന്റ് വിന്‍സെന്റിലെ അര്‍ണോസ് വെയ്ല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ലോക ക്രിക്കറ്റിലെ അതികായരായ ഓസ്‌ട്രേലിയയെ 21 റണ്‍സിന് പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാന്‍ ചരിത്രം സൃഷ്ടിച്ചത്. ഇതാദ്യമായാണ് അഫ്ഗാനിസ്ഥാന്‍ കങ്കാരുപ്പടയെ പരാജയപ്പെടുത്തുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടി. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഗുര്‍ബാസ് – സദ്രാന്‍ കൂട്ടുകെട്ടിലാണ് അഫ്ഗാന്‍ പൊരുതാവുന്ന സ്‌കോറിലെത്തിയത്.
റഹ്‌മാനുള്ള ഗുര്‍ബാസ് 49 പന്തില്‍ 60 റണ്‍സടിച്ചപ്പോള്‍ ഇബ്രാഹിം സദ്രാന്‍ 48 പന്തില്‍ 51 റണ്‍സും നേടി.
ഓസീസിനായി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആദം സാംപ രണ്ട് വിക്കറ്റും വീഴ്ത്തി. മാര്‍കസ് സ്റ്റോയ്‌നിസാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 19.2 ഓവറില്‍ 127ന് പുറത്തായി. അര്‍ധ സെഞ്ച്വറി നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കരുത്തില്‍ കങ്കാരുക്കള്‍ പൊരുതിയെങ്കിലും അഫ്ഗാന്‍ പോരാട്ടവീര്യത്തിന് മുമ്പില്‍ വീഴുകയായിരുന്നു.
അഫ്ഗാനിസ്ഥാനായി ഗുല്‍ബദീന്‍ നായിബ് നാല് വിക്കറ്റ് നേടിയപ്പോള്‍ നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റും നേടി. മുഹമ്മദ് നബി, ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, അസ്മത്തുള്ള ഒമര്‍സായ് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തിയത്.
ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് അഫ്ഗാന്‍ വെറ്ററന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് നബി തന്റെ പേരില്‍ കുറിച്ചത്. അന്താരാഷ്ട്ര തലത്തില്‍ മുഹമ്മദ് നബി ഉള്‍പ്പെടുന്ന ടീം പരാജയപ്പെടുത്തുന്ന 45ാം ടീമാണ് ഓസ്‌ട്രേലിയ.
ഈ ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് മുമ്പില്‍ വീഴുന്ന രണ്ടാമത് സൂപ്പര്‍ ടീമാണ് ഓസ്‌ട്രേലിയ. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡിനെയും അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ചാമ്പ്യന്‍ ടീമായ ഇംഗ്ലണ്ടിനെയും വീഴ്ത്തിയിരുന്നു. ഈ വിജയങ്ങളിലെല്ലാം തന്നെ നബിയുടെ മികച്ച പ്രകടനങ്ങളും നിര്‍ണായകമായിരുന്നു.
ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, ബംഗ്ലാദേശ് അടക്കമുള്ള ടെസ്റ്റ് പ്ലെയിങ് നേഷന്‍സിനെ നേരത്തെ പരാജയപ്പെടുത്തിയ മുഹമ്മദ് നബി ബോട്സ്വാന, ഫിജി അടക്കമുള്ള അസോസിയേറ്റ് രാജ്യങ്ങളെയും പരാജയപ്പെടുത്തിയിരുന്നു.
ഡെന്‍മാര്‍ക്ക്, ബഹ്‌റൈന്‍, മലേഷ്യ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഇറാന്‍, തായ്‌ലന്‍ഡ്, ജപ്പാന്‍, ബഹാമസ്, ബോട്സ്വാന, ജേഴ്‌സി, ഫിജി, ടാന്‍സാനിയ, ഇറ്റലി, അര്‍ജന്റീന, പപ്പുവ ന്യൂ ഗിനി, കെയ്മന്‍ ഐലന്‍ഡ്‌സ്, ഒമാന്‍, ചൈന, സിംഗപ്പൂര്‍, പാകിസ്ഥാന്‍, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, യു.എസ്.എ, ഭൂട്ടാന്‍, മാലിദ്വീപ്, ബാര്‍ബഡോസ്, ഉഗാണ്ട, ബെര്‍മുഡ, അയര്‍ലന്‍ഡ്, സ്‌കോട്‌ലാന്‍ഡ്, നമീബിയ, നെതര്‍ലന്‍ഡ്‌സ്, കാനഡ, കെനിയ, ഹോങ്കോംഗ്, യു.എ.ഇ, സിംബാബ്‌വേ, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരാണ് നബിക്ക് മുമ്പില്‍ വീണത്.
അതേസമയം, സൂപ്പര്‍ 8ല്‍ അടുത്ത മത്സരവും വിജയിച്ച് ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് നബിയും അഫ്ഗാനിസ്ഥാനും.
നിലവില്‍ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ മൂന്നാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. രണ്ട് മത്സരത്തില്‍ നിന്നും രണ്ട് പോയിന്റാണ് ടീമിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്കും രണ്ട് മത്സരത്തില്‍ നിന്നും രണ്ട് പോയിന്റാണെങ്കിലും നെറ്റ് റണ്‍ റേറ്റാണ് ഇരുവരെയും വേര്‍തിരിക്കുന്നത്.
ജൂണ്‍ 25നാണ് റാഷിദ് ഖാനും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. അര്‍ണോസ് വെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.
Content highlight: T20 World Cup 2024: Super 8: AFG vs AUS: Mohammad Nabi has now been part of wins against 45 different countries after Afghanistan beat Australia.