2024 ടി-20 ലോകകപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുകയാണ് ശ്രീലങ്ക. മരണഗ്രൂപ്പില്‍ സൗത്ത് ആഫ്രിക്കയോട് ആദ്യ മത്സരം തോല്‍ക്കേണ്ടി വന്ന നിരാശയിലാണ് വാനിന്ദു ഹസരങ്കയും സംഘവും രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഡാല്ലസ് ടെക്‌സസിലെ രണ്ടാം മത്സരത്തില്‍ എതിരാളികളാകട്ടെ ബംഗ്ലാദേശും.
ശ്രീലങ്ക-ബംഗ്ലാദേശ് മത്സരം കുറച്ചുകാലമായി ആരാധര്‍ക്ക് വിരുന്നുതന്നെയാണ്. ഓസ്‌ട്രേലിയ-ഇംഗ്ലണ്ട്, ഇന്ത്യ-പാകിസ്ഥാന്‍ എന്നിങ്ങനെ ക്രിക്കറ്റിലെ ക്ലാസിക് റൈവല്‍റികളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന കൊടുക്കല്‍ വാങ്ങലുകളാണ് കുറച്ചുകാലമായി ഇരുടീമുകള്‍ക്കിടയിലും ഉടലെടുത്തുകൊണ്ടിരിക്കുന്നത്.
ഇരു ടീമുകളും തമ്മില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം തന്നെ ഗ്രൗണ്ടില്‍ തീ പാറിയിരുന്നു. ഇത് ഏറ്റവും കൊടുമ്പിരി കൊണ്ടതാകട്ടെ 2023 ഐ.സി.സി ലോകകപ്പിലും.
ലങ്കന്‍ സൂപ്പര്‍ താരം ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ടിലൂടെ പുറത്താക്കിയാണ് ബംഗ്ലാദേശ് ഇരുവരും തമ്മിലുള്ള റൈവല്‍റിക്ക് മൂര്‍ച്ചയേറ്റിയത്. ഹെല്‍മെറ്റിലെ കേടുപാടുകള്‍ കാരണം കൃത്യ സമയത്ത് ക്രീസിലെത്തി ഗാര്‍ഡ് സ്വീകരിക്കാന്‍ സാധിക്കാതെ വന്നതോടെ ബംഗ്ലാദേശ് ടൈംഡ് ഔട്ടിന് അപ്പീല്‍ ചെയ്യുകയും മാത്യൂസിനെ പുറത്താക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ ഇരു ടീമുകളും ബൈലാറ്ററല്‍ പരമ്പരകളില്‍ ഏറ്റുമുട്ടിയപ്പോഴും ഈ പുറത്താകല്‍ പരസ്പരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.
ബംഗ്ലാദേശിനെതിരായ ടി-20 പരമ്പര വിജയിച്ച് ട്രോഫി സ്വീകരിച്ച് ഫോട്ടോക്കായി പോസ് ചെയ്യുമ്പോള്‍ ടൈംഡ് ഔട്ടിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ വാച്ചിലേക്ക് ചൂണ്ടിക്കാണിക്കുന്നത് പോലെയാണ് ലങ്കന്‍ ടീം അണിനിരന്നത്.