ചരിത്രത്തിലാദ്യം, സംഗയുടെയും മലിംഗയുടെയും ലങ്കക്ക് ഇതിലും വലിയ നാണക്കേട് ഇനിയെന്ത്? ലങ്കന്‍ സിംഹങ്ങള്‍ക്ക് പല്ലുകൊഴിഞ്ഞ് മടക്കം
T20 world cup
ചരിത്രത്തിലാദ്യം, സംഗയുടെയും മലിംഗയുടെയും ലങ്കക്ക് ഇതിലും വലിയ നാണക്കേട് ഇനിയെന്ത്? ലങ്കന്‍ സിംഹങ്ങള്‍ക്ക് പല്ലുകൊഴിഞ്ഞ് മടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th June 2024, 12:42 am

 

ടി-20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് സൂപ്പര്‍ എട്ടിലേക്ക് ഒരു അടി കൂടി അടുത്തിരിക്കുകയാണ്. അര്‍ണോസ് വെയ്ല്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിനായിരുന്നു കടുവകളുടെ വിജയം.

ബംഗ്ലാദേശ് ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ബംഗ്ലാദേശേ് വിജയച്ചതോടെ ഈ ലോകകപ്പില്‍ ശ്രീലങ്കയുടെ വിധി കുറിക്കപ്പെട്ടിരിക്കുകയാണ്. ഗ്രൂപ്പ് ഡി-യില്‍ അവസാന സ്ഥാനക്കാരായ ലങ്ക ഇതോടെ ലോകകപ്പില്‍ നിന്നും പുറത്തായിരിക്കുകയാണ്.

മൂന്ന് മത്സരത്തില്‍ നിന്നും ഒറ്റ ജയം പോലുമില്ലാതെ ഒരു പോയിന്റ് മാത്രമാണ് ലങ്കക്കുള്ളത്. സൗത്ത് ആഫ്രിക്കയോടും ബംഗ്ലാദേശിനോടും പരാജയപ്പെട്ടപ്പോള്‍ നേപ്പാളിനെതിരായ മത്സരം മഴയെടുത്തതോടെ ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇതില്‍ നിന്നും ലഭിച്ച ഒറ്റ പോയിന്റാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്ക് നിലവിലുള്ളത്.

ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ലങ്ക ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താവുന്നത്.

നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ലങ്കയുടെ അടുത്ത മത്സരം. ജൂണ്‍ 17ന് നടക്കുന്ന മത്സരത്തിന് ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദിയാകുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തിലെങ്കിലും വിജയിക്കാനുള്ള ശ്രമമാണ് ഇനി ശ്രീലങ്കയുടെ ഭാഗത്ത് നിന്നും ഉണ്ടാവുക.

മുഖം രക്ഷിക്കാനെങ്കിലും ഈ മത്സരം ശ്രീലങ്കക്ക് വിജയിച്ചേ തീരു. ഒരുപക്ഷേ നേപ്പാളിനെതിരായ മത്സരം പോലെ ഓറഞ്ച് ആര്‍മിക്കെതിരായ മത്സരവും മഴ കൊണ്ടുപോയാല്‍ ലോകകപ്പില്‍ ഒറ്റ മത്സരത്തില്‍ പോലും വിജയിക്കാന്‍ സാധിക്കാതെ പുറത്തായെന്ന നാണക്കേടും ലങ്കക്ക് ചുമക്കേണ്ടി വരും.

അതേസമയം, ഇതുവരെ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ലാത്ത നെതര്‍ലന്‍ഡ്‌സ് വിജയം മാത്രം പ്രതീക്ഷിച്ചാണ് കളത്തിലിറങ്ങുന്നത്.

 

ഈ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ശ്രീലങ്കയെ പരാജയപ്പെടുത്തുകയും നേപ്പാള്‍ ബംഗ്ലാദേശിനെ തോല്‍പിക്കുകയും ഒപ്പം നെറ്റ് റണ്‍ റേറ്റും തുണച്ചാല്‍ ഓറഞ്ച് ആര്‍മിക്ക് ഗ്രൂപ്പ് ഡി-യില്‍ നിന്നും സൂപ്പര്‍ എട്ടിന് യോഗ്യത നേടുന്ന രണ്ടാമത് ടീമാകാന്‍ സാധിക്കും. ഇക്കാരണത്താല്‍ ഇരയും തലയും മുറുക്കിയാകും സ്‌കോട് എഡ്വാര്‍ഡ്‌സും സംഘവും കളത്തിലിറങ്ങുക.

 

 

Content Highlight: T20 World Cup 2024: Sri Lanka eliminated