T20 world cup
"ഒടുവില്‍ സൗത്ത് ആഫ്രിക്കന്‍ അട്ടിമറി", ഇത് കാത്തിരുന്ന പ്രതികാരം; ഹാട്രിക് നേടാനാകാതെ നെതര്‍ലന്‍ഡ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th June 2024, 11:42 pm

2024 ടി-20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ വിജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് സൗത്ത് ആഫ്രിക്ക വിജയിച്ചത്.

നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 104 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി നില്‍ക്കെ സൗത്ത് ആഫ്രിക്ക മറികടക്കുകയായിരുന്നു.

ഐ.സി.സി. ലോകകപ്പുകളില്‍ സൗത്ത് ആഫ്രിക്കക്കെതിരെ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ ഡച്ച് പടക്ക് ആ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചില്ല. 2022 ടി-20 ലോകകപ്പില്‍ ആഫ്രിക്കന്‍ വമ്പന്‍മാരെ 13 റണ്‍സിന് പരാജയപ്പെടുത്തിയ ഓറഞ്ച് ആര്‍മി 2023 ഏകദിന ലോകകപ്പില്‍ 38 റണ്‍സിനും സൗത്ത് ആഫ്രിക്കയെ അട്ടിമറിച്ചിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് നേടിയത്.

നാലാം നമ്പറില്‍ ഇറങ്ങിയ സൂപ്പര്‍ താരം സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ടിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 45 പന്ത് നേരിട്ട് ഒരു സിക്സറും രണ്ട് ബൗണ്ടറിയുമടക്കം 40 റണ്‍സാണ് താരം നേടിയത്.

എട്ടാം നമ്പറില്‍ ഇറങ്ങി 22 പന്തില്‍ 23 റണ്‍സടിച്ച ലോഗന്‍ വാന്‍ ബീക്കാണ് മറ്റൊരു റണ്‍ സ്‌കോറര്‍.

അവസാന ഓവറില്‍ മൂന്ന് വിക്കറ്റടക്കം നാല് വിക്കറ്റ് നേടിയ ഒട്‌നീല്‍ ബാര്‍ട്മാനാണ് നെതര്‍ലന്‍ഡ്‌സിനെ തടത്തുനിര്‍ത്തിയത്. നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 11 റണ്‍സ് മാത്രം വഴങ്ങിയാണ് ബാര്‍ട്മാന്‍ ഫോര്‍ഫര്‍ പൂര്‍ത്തിയാക്കിയത്.

ആന്‌റിക് നോര്‍ക്യയും മാര്‍കോ യാന്‍സെനും രണ്ട് വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ടീമിന് നഷ്ടമായിരുന്നു.

ഇന്നിങ്സിന്റെ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് ഡയമണ്ട് ഡക്കായി പുറത്തായി. ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം ബ്രോണ്‍സ് ഡക്കായി മടങ്ങിയപ്പോള്‍ 10 പന്ത് നേരിട്ട് മൂന്ന് റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്സിന്റെ വിക്കറ്റാണ് പ്രോട്ടിയാസിന് മൂന്നാമതായി നഷ്ടമായത്. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കവെ വെടിക്കെട്ട് വീരന്‍ ക്ലാസനും കൂടാരം കയറി.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഡേവിഡ് മില്ലറും ട്രിസ്റ്റണ്‍ സ്റ്റബ്‌സും ഒന്നിച്ചതോടെ സൗത്ത് ആഫ്രിക്ക മത്സരത്തിലേക്ക് മടങ്ങിയെത്തി. 65 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്.

ടീം സ്‌കോര്‍ 77ല്‍ നില്‍ക്കവെ സ്റ്റബ്‌സിനെ പുറത്താക്കി ബാസ് ഡി ലീഡ് ഡച്ച് പടയ്ക്കാവശ്യമായ ബ്രേക് ത്രൂ നല്‍കി. 37 പന്തില്‍ 33 റണ്‍സാണ് താരം നേടിയത്. അധികം വൈകാതെ ലോഗന്‍ വാന്‍ ബീക്കിന്റെ പന്തില്‍ മാര്‍കോ യാന്‍സെനും തിരിച്ചുനടന്നു.

എന്നാല്‍ ഒരു വശത്ത് ഉറച്ചുനിന്ന ഡേവിഡ് മില്ലര്‍ വിജയം മാത്രം ലക്ഷ്യമിട്ടായിരുന്നു ബാറ്റ് വീശിയത്. ഒടുവില്‍ താരം ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

51 പന്ത് നേരിട്ട് പുറത്താകാതെ 59റണ്‍സ് നേടിയ മില്ലര്‍ സിക്‌സറടിച്ചാണ് സൗത്ത് ആഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.

ഈ വിജയത്തോടെ ഗ്രൂപ്പ് ഡി-യില്‍ ഒന്നാം സ്ഥാനത്ത് തുടരാനും സൗത്ത് ആഫ്രിക്കക്കായി. രണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ടീമിനുള്ളത്.

ജൂണ്‍ പത്തിനാണ് പ്രോട്ടിയാസിന്റെ അടുത്ത മത്സരം. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.

 

Content Highlight: T20 World Cup 2024: South Africa defeated Netherlands