ടി-20 ലോകകപ്പില്‍ ആര്‍ക്കും നേടാന്‍ സാധിക്കാതെ പോയ ചരിത്ര നേട്ടത്തിലേക്കാണ് ബംഗ്ലാ സൂപ്പര്‍ താരം ഷാകിബ് അല്‍ ഹസന്‍ കാലെടുത്ത് വെക്കാനൊരുങ്ങുന്നത്. ഇതിനായി താരത്തിന് വേണ്ടതാകട്ടെ വെറും ഒറ്റ വിക്കറ്റും.
ടി-20 ലോകകപ്പുകളില്‍ നിന്നും 50 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടത്തിലേക്കാണ് ഷാകിബ് ഓടിയെടുക്കുന്നത്. തിങ്കളാഴ്ച നേപ്പാളിനെതിരെ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഷാകിബ് 50 വിക്കറ്റ് മാര്‍ക്കിലേക്ക് കൂടുതല്‍ അടുത്തത്.
ടി-20 ലോകകപ്പില്‍ പന്തെറിഞ്ഞ 39 ഇന്നിങ്‌സില്‍ നിന്നും 49 വിക്കറ്റാണ് ഷാകിബ് സ്വന്തമാക്കിയത്. 19.38 ശരാശരിയിലും 6.81 എക്കോണമിയിലും പന്തെറിയുന്ന താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 17.08 ആണ്.
9റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് താരത്തിന്റെ മികച്ച ബൗളിങ് ഫിഗര്‍. ലോകകപ്പില്‍ നാല് വിക്കറ്റ് നേട്ടം മൂന്ന് തവണയാണ് ഷാകിബ് സ്വന്തമാക്കിയത്.
ടി-20 ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഷാഹിദ് അഫ്രിദിയെക്കാളും മൂന്നാം സ്ഥാനത്തുള്ള ലസിത് മലിംഗയേക്കാളും എത്രയോ മുമ്പിലാണ് ഷാകിബ്. നാലാമതുള്ള വാനിന്ദു ഹസരങ്കയാണ് ആക്ടീവ് പ്ലെയേഴ്‌സില്‍ രണ്ടാമതുള്ളത്.
ടി-20 ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍
(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)
ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 49
ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – 39
ലസിത് മലിംഗ – ശ്രീലങ്ക – 38
വാനിന്ദു ഹസരങ്ക – ശ്രീലങ്ക – 37
സയീദ് അജ്മല്‍ – പാകിസ്ഥാന്‍ – 36
ടിം സൗത്തി – ന്യൂസിലാന്‍ഡ് – 36
ഈ ലോകകപ്പില്‍ തന്നെ ഷാകിബിന് 50 വിക്കറ്റ് എന്ന നേട്ടത്തിലെത്താന്‍ സാധിക്കും. സൂപ്പര്‍ 8ല്‍ മൂന്ന് മത്സരങ്ങളാണ് ബംഗ്ലാദേശിന് കളിക്കാനുള്ളത്. ഇതില്‍ ആദ്യ മത്സരമാകട്ടെ മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയോടും.
അതേസമയം, നേപ്പാളിനെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ മറ്റൊരു ഐതിഹാസിക നേട്ടവും ഷാകിബ് സ്വന്തമാക്കിയിരുന്നു. ടി-20 ലോകകപ്പിന്റെ എട്ട് വിവിധ എഡിഷനുകളില്‍ വിക്കറ്റ് നേടുന്ന ഏക ബൗളര്‍ എന്ന ഐതിഹാസിക നേട്ടമാണ് ബംഗ്ലാ ലെജന്‍ഡിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
ലോകകപ്പിന്റെ 2012 എഡിഷനിലൊഴികെ എല്ലാ ലോകകപ്പിലും താരം വിക്കറ്റ് നേടിയിരുന്നു
ഇതിന് മുമ്പ് ലോകകപ്പിന്റെ എല്ലാ എഡിഷനിലും കളിക്കുന്ന താരമെന്ന നേട്ടവും ഷാകിബ് സ്വന്തമാക്കിയിരുന്നു. ഷാകിബ് അല്‍ ഹസന് പുറമെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മാത്രമാണ് 2007 മുതലുള്ള എല്ലാ ലോകകപ്പിന്റെയും ഭാഗമായത്.
അതേസമയം, സൂപ്പര്‍ 8 മത്സരങ്ങള്‍ക്കുള്ള മുന്നൊരുക്കത്തിലാണ് ബംഗ്ലാദേശ്. ജൂണ്‍ 21നാണ് ടീമിന്റെ ആദ്യ മത്സരം.