വിരേന്ദര്‍ സേവാഗ് ആരാണെന്ന ചോദ്യവുമായി മുന്‍ ബംഗ്ലാ നായകന്‍ ഷാകിബ് അല്‍ ഹസന്‍. കഴിഞ്ഞ ദിവസം നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഷാകിബ് മാധ്യമപ്രവര്‍ത്തകനോട് ഈ ചോദ്യമുന്നയിച്ചത്.
ഷാകിബ് അല്‍ ഹസനെതിരെ വിരേന്ദര്‍ സേവാഗ് നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് ചോദിക്കവെയാണ് താരം ആരാണ് വിരേന്ദര്‍ സേവാഗ് എന്ന ചോദ്യമുന്നയിച്ചത്.
ഗ്രൂപ്പ് ഘട്ടത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ ബംഗ്ലാദേശ് നാല് റണ്‍സിന് പരാജയപ്പെട്ടിരുന്നു. നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് ഷാകിബിന് നേടാന്‍ സാധിച്ചത്. ആന്‌റിക് നോര്‍ക്യയെ പുള്‍ ഷോട്ടിന് പറത്താനുള്ള ഷാകിബിന്റെ ശ്രമം പരാജയപ്പെടുകയും ഏയ്ഡന്‍ മാര്‍ക്രമിന്റെ കൈകളില്‍ ഒതുങ്ങുകയുമായിരുന്നു.
ഈ മത്സരത്തിന് പിന്നാലെ ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സേവാഗ് ഷാകിബ് അല്‍ ഹസനെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചത്.
‘നിങ്ങള്‍ ഏറെ അനുഭവസമ്പത്തുള്ള ഒരു താരമല്ലേ, നിങ്ങള്‍ ബംഗ്ലാദേശിനെ മുമ്പ് നയിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ സ്വയം ലജ്ജിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഈ ഫോര്‍മാറ്റില്‍ നിന്ന് തന്നെ വിരമിക്കണം.
ക്രീസില്‍ അല്‍പസമയം നില്‍ക്കാനെങ്കിലും നിങ്ങള്‍ ശ്രമിക്കണം. ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ട് കളിക്കാന്‍ നിങ്ങള്‍ മാത്യൂ ഹെയ്ഡനോ ആദം ഗില്‍ക്രിസ്‌റ്റോ ഒന്നുമല്ല, നിങ്ങളൊരു ബംഗ്ലാദേശി പ്ലെയര്‍ മാത്രമാണ്. നിങ്ങളുടെ നിലവാരത്തിനൊത്ത് കളിച്ചാല്‍ പോരേ. നിങ്ങള്‍ക്ക് ഹുക്ക് ഷോട്ടോ പുള്‍ ഷോട്ടോ കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അറിയാവുന്ന ഷോട്ടുകള്‍ കളിക്കുക,’ എന്നാണ് സേവാഗ് പറഞ്ഞത്.
ഇതിന് മറുപടിയെന്നോണമാണ് നെതര്‍ലന്‍ഡ്‌സിനെതിരെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ശേഷം ആരാണ് വിരേന്ദര്‍ സേവാഗ് എന്ന ചോദ്യം ഷാകിബ് ഉന്നയിച്ചത്.
വിരേന്ദര്‍ സേവാഗ് ഇത് ചോദിച്ചുവാങ്ങിയതാണെന്നാണ് ആരാധകര്‍ പറയുന്നത്.
പലപ്പോഴും വിരേന്ദര്‍ സെവാഗിന്റെ പ്രതികരണങ്ങള്‍ അതിര് കടക്കുന്നത് ആയി തോന്നിയിട്ടുണ്ടെന്നും ഒരു ഇന്റര്‍നാഷണല്‍ പ്ലെയര്‍ ആയിരുന്ന ആള്‍ പാലിക്കേണ്ട മിനിമം മര്യാദ പോലും അദ്ദേഹം പലപ്പോഴും മറക്കുന്നുവെന്നും ആരാധകര്‍ പറയുന്നു.
അതേസമയം, ഐ.സി.സി ലിമിറ്റഡ് ഓവര്‍ വേള്‍ഡ് കപ്പിലെ 17ാം 50+ സ്‌കോറാണ് ഷാകിബ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.
90 വിക്കറ്റുകളും ലോകകപ്പുകളില്‍ നിന്ന് മാത്രമായി മുന്‍ ബംഗ്ലാ നായകന്‍ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
ലോകകപ്പിന്റെ ചരിത്രത്തില്‍ മറ്റൊരു താരത്തിന് പോലും ഈ ഐക്കോണിക് ഡബിള്‍ നേട്ടത്തിന് അടുത്തെത്താന്‍ പോലും സാധിച്ചിട്ടില്ല. പത്തിലധികം 50+ സ്‌കോറുകളോ 35+ വിക്കറ്റുകളോ ഒന്നിച്ച് സ്വന്തമാക്കിയ മറ്റൊരു താരം പോലും ഇല്ല എന്നറിയുമ്പോഴാണ് ഷാകിബിന്റെ റെക്കോഡ് എത്രത്തോളം മികച്ചതാണെന്ന് വ്യക്തമാകുന്നത്.
ഇതിന് പുറമെ ഐ.സി.സി ലിമിറ്റഡ് ഓവര്‍ ലോകകപ്പുകളില്‍ നിന്നും ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ ശ്രീലങ്കന്‍ ലെജന്‍ഡ് തിലകരത്നെ ദില്‍ഷനെ മറികടന്ന് ഒമ്പതാം സ്ഥാനത്തെത്താനും ഏറ്റവുമധികം 50+ സ്‌കോര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ കുമാര്‍ സംഗക്കാരയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും ഷാകിബിനായി. ആദ്യ പത്തില്‍ സേവാഗ് ഉള്‍പ്പെട്ടിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.