2024 ടി-20 ലോകകപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ വിജയിച്ച് ബംഗ്ലാദേശ് സൂപ്പര്‍ 8ന് യോഗ്യത നേടിയിരുന്നു. കിങ്‌സ്ടൗണിലെ അര്‍ണോസ് വെയ്ല്‍ സ്‌റ്റേഡിയത്തില്‍ നേപ്പാളിനെതിരെ നടന്ന മത്സരത്തില്‍ 21 റണ്‍സിനാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്.
ബംഗ്ലാദേശ് ഉയര്‍ത്തിയ 107 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നേപ്പാള്‍ 85 റണ്‍സിന് പുറത്തായി.
സൂപ്പര്‍ 8ല്‍ ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് ബംഗ്ലാദേശ് സ്ഥാനം പിടിച്ചിരിക്കുന്നത്.
ബൗളര്‍മാരുടെ കരുത്തിലാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. 107 റണ്‍സ് എന്ന കുഞ്ഞന്‍ വിജയലക്ഷ്യം മറികടന്ന് നേപ്പാള്‍ അട്ടിമറി വിജയം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ഷാകിബിന്റെ നേതൃത്വത്തിലിറങ്ങിയ ബൗളിങ് യൂണിറ്റ് എറിഞ്ഞിടുകയായിരുന്നു.
ബംഗ്ലാദേശിനായി തന്‍സിദ് ഹസന്‍ സാകിബ് നാല് വിക്കറ്റും മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റും നേടിയപ്പോള്‍ രണ്ട് വിക്കറ്റാണ് ഷാകിബ് അല്‍ ഹസന്‍ സ്വന്തമാക്കിയത്. ടാസ്‌കിന്‍ അഹമ്മദ് ശേഷിക്കുന്ന വിക്കറ്റും സ്വന്തമാക്കി.
നേപ്പാളിനെതിരെ രണ്ട് വിക്കറ്റ് നേടിയതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഷാകിബ് അല്‍ ഹസന്‍ സ്വന്തമാക്കിയത്. ടി-20 ലോകകപ്പിന്റെ എട്ട് വിവിധ എഡിഷനുകളില്‍ വിക്കറ്റ് നേടുന്ന ഏക ബൗളര്‍ എന്ന ഐതിഹാസിക നേട്ടമാണ് ബംഗ്ലാ ലെജന്‍ഡിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
ലോകകപ്പിന്റെ 2012 എഡിഷനിലൊഴികെ എല്ലാ ലോകകപ്പിലും താരം വിക്കറ്റ് നേടിയിരുന്നു.
ഇതിന് മുമ്പ് ലോകകപ്പിന്റെ എല്ലാ എഡിഷനിലും കളിക്കുന്ന താരമെന്ന നേട്ടവും ഷാകിബ് സ്വന്തമാക്കിയിരുന്നു. ഷാകിബ് അല്‍ ഹസന് പുറമെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മാത്രമാണ് 2007 മുതലുള്ള എല്ലാ ലോകകപ്പിന്റെയും ഭാഗമായത്.
ടി-20 ലോകകപ്പില്‍ പന്തെറിഞ്ഞ 39 ഇന്നിങ്‌സില്‍ നിന്നും 49 വിക്കറ്റാണ് ഷാകിബ് സ്വന്തമാക്കിയത്. 19.38 ശരാശരിയിലും 6.81 എക്കോണമിയിലും പന്തെറിയുന്ന താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 17.08 ആണ്.
9റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് താരത്തിന്റെ മികച്ച ബൗളിങ് ഫിഗര്‍. ലോകകപ്പില്‍ നാല് വിക്കറ്റ് നേട്ടം മൂന്ന് തവണയാണ് ഷാകിബ് സ്വന്തമാക്കിയത്.
അതേസമയം, സൂപ്പര്‍ 8 മത്സരങ്ങള്‍ക്കുള്ള മുന്നൊരുക്കത്തിലാണ് ബംഗ്ലാദേശ്. ജൂണ്‍ 21നാണ് ടീമിന്റെ ആദ്യ മത്സരം. ഓസ്‌ട്രേലിയയാണ് എതിരാളികള്‍.
ബംഗ്ലാദേശ് സൂപ്പര്‍ 8 ഷെഡ്യൂള്‍
(ദിവസം – എതിരാളികള്‍ – വേദി എന്നീ നിലയില്‍)
ജൂണ്‍ 21 vs ഓസ്‌ട്രേലിയ – സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയം.
ജൂണ്‍ 22 vs ഇന്ത്യ – സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയം.
ജൂണ്‍ 25 vs അഫ്ഗാനിസ്ഥാന്‍ – അര്‍ണോസ് വെയ്ല്‍ സ്‌റ്റേഡിയം.
Content Highlight: T20 World Cup 2024: Shakib Al Hasan becomes the first bowler to pick wickets in 8 different world cup