| Friday, 14th June 2024, 1:10 am

എതിരാളികളേക്കാള്‍ മാത്രമല്ല, സഹതാരങ്ങളേക്കാള്‍ എത്രയോ കാതങ്ങളകലെയാണ്; ബംഗ്ലാദേശിന്റെ സ്വന്തം ഷാകിബ് അല്‍ ഹസന്‍

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ണോസ് വെയ്ല്‍ സ്‌റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയിരുന്നു. 25 റണ്‍സിനാണ് ബംഗ്ലാ കടുവകള്‍ ജയിച്ചുകയറിയത്.

അര്‍ധ സെഞ്ച്വറി നേടിയ ഷാകിബ് അല്‍ ഹസന്റെ കരുത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഈ വിജയത്തിന് പിന്നാലെ ഷാകിബ് അല്‍ ഹസനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.

ഇതോടെ ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിനായി ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന താരമെന്ന തന്റെ തന്നെ റെക്കോഡാണ് ഷാകിബ് തിരുത്തിയെഴുതിയത്. ഇത് നാലാം തവണയാണ് ടി-20 ലോകകപ്പില്‍ ഷാകിബ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.

ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിനായി ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന താരങ്ങള്‍

(താരം – പി.ഒ.ടി.എം എന്നീ ക്രമത്തില്‍)

ഷാകിബ് അല്‍ ഹസന്‍ – 4

തമീം ഇഖ്ബാല്‍ – 2

ടാസ്‌കിന്‍ അഹമ്മദ് – 2

മുഹമ്മദ് അഷ്‌റഫുള്‍ – 1

ജുനൈദ് സിദ്ദിഖ് – 1

അല്‍-അമീന്‍ ഹൊസൈന്‍ – 1

റിഷാദ് ഹൊസൈന്‍ – 1

ഐ.സി.സി ലിമിറ്റഡ് ഓവര്‍ ലോകകപ്പുകളില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് നേടിയ ബംഗ്ലാ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള തന്റെ ആധിപത്യം വീണ്ടും ഉറപ്പിക്കാനും ഇതോടെ ഷാകിബിനായി.

ഐ.സി.സി ലിമിറ്റഡ് ഓവര്‍ ലോകകപ്പില്‍ (ഏകദിനം & ടി-20) ബംഗ്ലാദേശിനായി ഏറ്റവുമധികം തവണ POTM പുരസ്‌കാരം നേടുന്ന താരങ്ങള്‍

(താരം – പി.ഒ.ടി.എം എന്നീ ക്രമത്തില്‍)

ഷാകിബ് അല്‍ ഹസന്‍ – 8*

മുഹമ്മദ് അഷ്‌റഫുള്‍ – 3

തമീം ഇഖ്ബാല്‍ – 3

ഇമ്രുള്‍ കയേസ് – 2

ടാസ്‌കിന്‍ അഹമ്മദ് – 2

നേരത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 159റണ്‍സെന്ന നിലയിലാണ് ഇന്നിങ്‌സ് അവസാനിപ്പച്ചത്. ഷാകിബ് അല്‍ ഹസന്റെ അര്‍ധ സെഞ്ച്വറിയാണ് ബംഗ്ലാദേശിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 46 പന്ത് നേരിട്ട് ഒമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെ പുറത്താകാതെ 64 റണ്‍സാണ് ഷാകിബ് നേടിയത്.

ഓപ്പണര്‍ തന്‍സിദ് ഹസന്‍ 26 പന്തില്‍ 35 റണ്‍സ് നേടിയപ്പോള്‍ വെറ്ററന്‍ സൂപ്പര്‍ താരം മഹ്‌മദുള്ള 21 പന്തില്‍ 25 റണ്‍സും നേടി ടീം ടോട്ടലിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.

നെതര്‍ലന്‍ഡ്‌സിനായി പോള്‍ വാന്‍ മീകരനും ആര്യന്‍ ദത്തും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ടിം പ്രിംഗിള്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും പിന്നാലെയെത്തിയവര്‍ക്ക് അത് മുതലാക്കാന്‍ സാധിച്ചില്ല. മിഡില്‍ ഓര്‍ഡറില്‍ സൂപ്പര്‍ താരങ്ങള്‍ ചെറുത്ത് നിന്നെങ്കിലും ബംഗ്ലാ ബൗളര്‍മാരെ മറികടന്ന് വിജയത്തിലെത്താന്‍ അത് മതിയാകുമായിരുന്നില്ല.

നെതര്‍ലന്‍ഡ്‌സിനായി സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ട് 22 പന്തില്‍ 33 റണ്‍സ് നേടിയപ്പോള്‍ സ്‌കോട് എഡ്വാര്‍ഡ്‌സ് 23 പന്തില്‍ 25 റണ്‍സും സിങ് 16 പന്തില്‍ 26 റണ്‍സും നേടി പുറത്തായി.

ഒടുവില്‍ 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമാണ് ഡച്ച് ആര്‍മിക്ക് നേടാന്‍ സാധിച്ചത്.

ബംഗ്ലാദേശിനായി റിഷാദ് ഹൊസൈന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ടാസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റും നേടി. മുസ്തഫിസുര്‍ റഹ്‌മാന്‍, മഹ്‌മദുള്ള, തന്‍സിദ് ഹസന്‍ സാകിബ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഈ വിജയത്തോടെ ഗൂപ്പ് ഡി-യില്‍ രണ്ടാം സ്ഥാനത്താണ് ബംഗ്ലാദേശ്. മൂന്ന് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ടീമുനുള്ളത്.

ജൂണ്‍ 17നാണ് ബംഗ്ലാ കടുവകളുടെ അടുത്ത മത്സരം. നേപ്പാളാണ് എതിരാളികള്‍.

സ്റ്റാറ്റുകള്‍ക്ക് കടപ്പാട്: റിതാങ്കര്‍ ബണ്ഡോപാധ്യായ്

Content Highlight: T20 World Cup 2024: Shakib Al Hasan bagged his 4th player of the match award in T20I World Cup

We use cookies to give you the best possible experience. Learn more