| Friday, 28th June 2024, 12:25 am

ഹാഫ് സെഞ്ച്വറിയും മറ്റൊരു വല്ലാത്ത ഹാഫ് സെഞ്ച്വറിയും; ചരിത്രനേട്ടം, രണ്ടാമനായി ഹിറ്റ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പിലെ ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍ മത്സരം ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. മഴ കാരണം വൈകി ആരംഭിച്ച മത്സത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബൗളിങ് തെരഞ്ഞെടുത്തു. ടോസ് ലഭിച്ചാല്‍ തങ്ങള്‍ ബാറ്റിങ്ങാണ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്നാണ് രോഹിത് ടോസിനിടെ പറഞ്ഞത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികിലെത്തി വീണ സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്.

രോഹിത് 39 പന്തില്‍ 57 റണ്‍സ് നേടിയപ്പോള്‍ സൂര്യകുമാര്‍ 36 പന്തില്‍ 47 റണ്‍സും നേടി പുറത്തായി. 13 പന്തില്‍ 27 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയും ഒമ്പത് പന്തില്‍ പുറത്താകാതെ 17 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ ഇന്നിങ്‌സും ടോട്ടലില്‍ നിര്‍ണായകമായി.

ഈ ലോകകപ്പിലെ മൂന്നാം അര്‍ധ സെഞ്ച്വറിയും അന്താരാഷ്ട്ര ടി-20 കരിയറിലെ 32ാം അര്‍ധ സെഞ്ച്വറിയുമാണ് ഹിറ്റ്മാന്‍ ഗയാനയില്‍ ഇംഗ്ലണ്ടിനെതിരെ കുറിച്ചത്. ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഇതിന് പിന്നാലെ ഒരു റെക്കോഡും രോഹിത് ശര്‍മ സ്വന്തമാക്കി. ടി-20 ലോകകപ്പില്‍ 50 സിക്‌സറെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ടി-20 ലോകകപ്പില്‍ 50 സിക്‌സറെന്ന നാഴികക്കല്ല് മറികടക്കുന്ന രണ്ടാമത് മാത്രം ബാറ്ററാണ് രോഹിത്.

ടി-20 ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങള്‍

(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 63

രോഹിത് ശര്‍മ – ഇന്ത്യ – 50*

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 43

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 40

വിരാട് കോഹ്‌ലി – ഇന്ത്യ – 33

ഇതിന് പിന്നാലെ മറ്റൊരു നേട്ടവും ഇന്ത്യന്‍ നായകന്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ 5,000 അന്താരാഷ്ട്ര റണ്‍സ് എന്ന കരിയര്‍ മൈല്‍സ്‌റ്റോണാണ് രോഹിത് മറികടന്നത്.

ഇന്ത്യക്കായി 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത് ക്യാപ്റ്റന്‍ എന്ന റെക്കോഡ് സ്വന്തമാക്കുന്നതിനൊപ്പം വിരാട് കോഹ്‌ലി, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരടങ്ങുന്ന എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനും ഇന്ത്യന്‍ നായകനായി.

ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്‍മാര്‍

(താരം – റണ്‍സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 12,883

എം.എസ്. ധോണി – 11,207

മുഹമ്മദ് അസറുദ്ദീന്‍ – 8,095

സൗരവ് ഗാംഗുലി – 7,643

രോഹിത് ശര്‍മ – 5,012*

ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദില്‍ റഷീദ്, ജോഫ്രാ ആര്‍ച്ചര്‍, റീസ് ടോപ്‌ലി, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ഹാരി ബ്രൂക്ക്, മോയിന്‍ അലി, ലിയാം ലിവിങ്‌സ്റ്റണ്‍, സാം കറന്‍, ക്രിസ് ജോര്‍ദന്‍, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, റിസ് ടോപ്‌ലി.

Also Read ഇത് ഞങ്ങളുടെ തുടക്കമാണ്, ഞങ്ങളുടെ ആത്മവിശ്വാസം അതാണ്; അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍

Also Read ടി-20 ലോകകപ്പ് സെമിയില്‍ സഞ്ജുവിന്റെ വജ്രായുധത്തെ കാത്തിരിക്കുന്നത് ഇരട്ട റെക്കോഡ്!

Also Read ഇത് അഫ്ഗാനിസ്ഥാനോട് കാണിച്ച നെറികേടാണ്; ഐ.സി.സിക്കെതിരെ പൊട്ടിത്തെറിച്ച് മൈക്കല്‍ വോണ്‍

Content Highlight: T20 World Cup 2024: Semi Finals: IND vs ENG: Rohit Sharma completed 50 sixes in T20 world cups

Latest Stories

We use cookies to give you the best possible experience. Learn more