2024 ടി-20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ പടുകൂറ്റന്‍ ജയവുമായി ഇന്ത്യ. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 68 റണ്‍സിനാണ് ഇന്ത്യ വിജയിച്ചുകയറിയത്.
ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 16.3 ഓവറില്‍ വെറും 103 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
മഴ കാരണം വൈകി ആരംഭിച്ച മത്സത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികിലെത്തി വീണ സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്.
രോഹിത് 39 പന്തില്‍ 57 റണ്‍സ് നേടിയപ്പോള്‍ സൂര്യകുമാര്‍ 36 പന്തില്‍ 47 റണ്‍സും നേടി പുറത്തായി. വിരാട് കോഹ് ലിയും റിഷബ് പന്തും ശിവം ദുബെയും നിരാശപ്പെടുത്തിയപ്പോള്‍ 13 പന്തില്‍ 27 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയും ഒമ്പത് പന്തില്‍ പുറത്താകാതെ 17 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ ഇന്നിങ്‌സും ടോട്ടലില്‍ നിര്‍ണായകമായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി.
ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദില്‍ റഷീദ്, ജോഫ്രാ ആര്‍ച്ചര്‍, റീസ് ടോപ്ലി, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിന് സമാനമായ വിജയലക്ഷ്യം പിന്നിട്ടിറങ്ങിയ ഇംഗ്ലണ്ടിന് തരക്കേടില്ലാത്ത തുടക്കം ലഭിച്ചിരുന്നു. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറികളടിച്ച് ഇന്ത്യന്‍ ബൗളര്‍മാരെ പരീക്ഷിച്ചുകൊണ്ടിരുന്നു.
എന്നാല്‍ നാലാം ഓവറില്‍ അക്‌സര്‍ പട്ടേലിനെ പന്തേല്‍പിച്ച ഇന്ത്യന്‍ നായകന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. ആദ്യ പന്തില്‍ തന്നെ ബട്‌ലറിനെ പുറത്താക്കി അക്‌സര്‍ ഇന്ത്യക്ക് ബ്രേക് ത്രൂ നല്‍കി. 15 പന്തില്‍ 23 എന്ന നിലയില്‍ നില്‍ക്കവെ റിഷബ് പന്തിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
പിന്നാലെ ഓരോ ഓവറുകളിലും ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റ് വീഴ്ത്തിത്തുടങ്ങിയതോടെ ഇംഗ്ലണ്ട് പരുങ്ങി. ടീം സ്‌കോര്‍ 50 കടക്കും മുമ്പ് അഞ്ച് ഇംഗ്ലീഷ് താരങ്ങളെയാണ് ഇന്ത്യ പവലിനിലേക്ക് മടക്കിയയച്ചത്.
തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ടിന്റെ നില കൂടുതല്‍ പരുങ്ങലിലായി.
ഒടുവില്‍ സ്‌കോര്‍ 103ല്‍ നില്‍ക്കവെ 17ാം ഓവറിലെ മൂന്നാം പന്തില്‍ ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റും വീണു. ഇതോടെ കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കേണ്ടി വന്നതിന് തിരിച്ചടി നല്‍കാനും ഇന്ത്യക്കായി.
ഇന്ത്യക്കായി കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും നേടി. രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ റണ്‍ ഔട്ടായാണ് പുറത്തായത്.
ജൂണ്‍ 29നാണ് ഇന്ത്യ കലാശപ്പോരാട്ടത്തിനൊരുങ്ങുന്നത്. ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലാണ് വേദി.
തങ്ങളുടെ ക്രിക്കറ്റ് കരിയറിലെ ആദ്യ ഐ.സി.സി കിരീടം സ്വന്തമാക്കാനുറച്ച് ഏയ്ഡന്‍ മര്‍ക്രവും പ്രോട്ടിയാസും ഇറങ്ങുമ്പോള്‍ ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന കിരീടവരള്‍ച്ച അവസാനിപ്പിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
Also Read എല്ലാ ഘട്ടങ്ങളിലും പുതുമുഖങ്ങള്‍, ദേ ഇപ്പോള്‍ ഫൈനലിലും; ഇതാണ്ടാ ലോകകപ്പിന്റെ മാജിക്
Content Highlight: T20 World Cup 2024: Semi Finals: IND vs ENG: India defeated England and qualified for the finals