ഒന്നാം സെമിക്ക് റിസര്‍വ് ഡേ, എന്നാല്‍ ഇന്ത്യക്ക് റിസര്‍വ് ദിനമില്ല, കാരണമെന്ത്? മത്സരം മഴയെടുത്താല്‍ എന്ത് സംഭവിക്കും?
T20 world cup
ഒന്നാം സെമിക്ക് റിസര്‍വ് ഡേ, എന്നാല്‍ ഇന്ത്യക്ക് റിസര്‍വ് ദിനമില്ല, കാരണമെന്ത്? മത്സരം മഴയെടുത്താല്‍ എന്ത് സംഭവിക്കും?
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th June 2024, 11:09 pm

ടി-20 ലോകകപ്പിനുള്ള സെമി ഫൈനലിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ സെമി ഫൈനലില്‍ ഗ്രൂപ്പ് 2 ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്ക ഗ്രൂപ്പ് 1ലെ രണ്ടാം സ്ഥാനക്കാരായ അഫ്ഗാനിസ്ഥാനെയും രണ്ടാം സെമി ഫൈനലില്‍ ഗ്രൂപ്പ് 1 ചാമ്പ്യന്‍മാരായ ഇന്ത്യ ഗ്രൂപ്പ് 2ലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെയും നേരിടും.

ഗ്രൂപ്പ് ഘട്ടത്തില്‍ വില്ലനായ മഴ നോക്ക് ഔട്ട് ഘട്ടത്തിലും എത്തുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. എന്നാല്‍ മഴയെത്തി മത്സരം നടത്താനാകാത്ത സാഹചര്യം ഉടലെടുത്താല്‍ റിസര്‍വ് ഡേയിലാകും മാച്ച് നടക്കുക. എന്നാല്‍ ആദ്യ സെമിയായ സൗത്ത് ആഫ്രിക്ക – അഫ്ഗാനിസ്ഥാന്‍ മത്സരത്തിന് മാത്രമാകും റിസര്‍വ് ഡേ അനുവദിക്കുക. മത്സരക്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിന് റിസര്‍വ് ഡേ അനുവദിക്കാത്തത്.

ഇന്ത്യ

രണ്ടാം സെമി ഫൈനലിനും ഫൈനലിനും ഇടയില്‍ റിസര്‍വ് ദിനം അനുവദിച്ചാല്‍ ജയിക്കുന്ന ടീമിന് ഫൈനലിന് തയ്യാറെടുക്കാന്‍ 24 മണിക്കൂറില്‍ താഴെ മാത്രമേ സമയം ലഭിക്കുകയുള്ളൂ. ഇക്കാരണത്താലാണ് രണ്ടാം സെമി ഫൈനലിന് റിസര്‍വ് ദിനം അനുവദിക്കാത്തത്.

സെമി ഫൈനല്‍ മത്സരങ്ങള്‍ എന്ന്, എവിടെ വെച്ച്?

ആദ്യ സെമി ഫൈനല്‍ : സൗത്ത് ആഫ്രിക്ക vs അഫ്ഗാനിസ്ഥാന്‍

ദിവസം, സമയം: ജൂണ്‍ 26 രാത്രി 8.30ന് (ഇന്ത്യന്‍ സമയം ജൂണ്‍ 27, പകല്‍ 6 മണി)

വേദി: ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ

 

രണ്ടാം സെമി ഫൈനല്‍: ഇന്ത്യ vs ഇംഗ്ലണ്ട്

ദിവസം, സമയം: ജൂണ്‍ 27 പകല്‍ 10.30ന് (ഇന്ത്യന്‍ സമയം ജൂണ്‍ 27, രാത്രി 8 മണി)

വേദി: പ്രൊവിഡന്‍സ് സ്റ്റേഡിയം, ഗയാന

 

മത്സരം പൂര്‍ത്തിയാക്കാനുള്ള നടപടി ക്രമങ്ങള്‍

റിസര്‍വ് ദിനം ഇല്ലെങ്കിലും, രണ്ട് സെമി ഫൈനലുകള്‍ക്കും 250 മിനിട്ട് അധികസമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ആദ്യ സെമി ഫൈനലില്‍ 60 മിനിട്ട് മാത്രമേ മത്സരം നടക്കുന്ന ദിവസം നല്‍കൂ, ബാക്കി 190 മിനിറ്റ് റിസര്‍വ് ദിനത്തിലാകും നല്‍കുക.

റിസര്‍വ് ദിനം ഇല്ലാത്തതിനാല്‍ രണ്ടാം സെമി ഫൈനലിന് മുഴുവന്‍ സമയവും (250 മിനിട്ട്) മത്സരം നടക്കുന്ന ദിവസം തന്നെ നല്‍കും.

ഇംഗ്ലണ്ട്‌

സെമി ഫൈനല്‍ മത്സരം സമനിലയില്‍ അവസാനിച്ചാല്‍?

സെമി ഫൈനല്‍ മത്സരം സമനിലയിലാണ് അവസാനിക്കുന്നതെങ്കില്‍ സൂപ്പര്‍ ഓവറിലൂടെ വിജയികളെ തീരുമാനിക്കും. സൂപ്പര്‍ ഓവറും സമനിലയില്‍ അവസാനിക്കുകയാണെങ്കില്‍ വിജയികളെ കണ്ടെത്തുന്നത് വരെ സൂപ്പര്‍ ഓവറുകള്‍ കളിക്കും.

സെമി ഫൈനല്‍ മഴ മൂലം ഉപേക്ഷിച്ചാല്‍?

സെമി ഫൈനല്‍ മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍, സൂപ്പര്‍ 8 ഗ്രൂപ്പുകളില്‍ ഒന്നാം സ്ഥാനം നേടിയ ടീമിന് ഫൈനലിലെത്താം. ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് യഥാക്രമം ഒന്ന്, രണ്ട് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാര്‍. അതിനാല്‍ തന്നെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യക്ക് കലാശപ്പോരാട്ടത്തിന് വഴിയൊരുങ്ങും

സൗത്ത് ആഫ്രിക്ക

ഫൈനല്‍ ഉപേക്ഷിച്ചാല്‍?

മോശം കാലാവസ്ഥ മൂലമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ഫൈനല്‍ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഇരു ടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും.

മറ്റ് വ്യവസ്ഥകള്‍:

സെമി ഫൈനലിലും ഫൈനലിലും ഒരു മത്സരം പൂര്‍ത്തിയാകണമെങ്കില്‍, രണ്ട് ടീമുകളും കുറഞ്ഞത് 10 ഓവര്‍ വീതം ബാറ്റ് ചെയ്യണം. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ 8ലും ഇത് 5 ഓവര്‍ വീതമായിരുന്നു.

അഫ്ഗാനിസ്ഥാന്‍

സെമി ഫൈനലിലേക്കുള്ള ഇന്ത്യയുടെ യാത്ര

ഗ്രൂപ്പ് ഘട്ടം

അയര്‍ലന്‍ഡിനെതിരെ എട്ട് വിക്കറ്റ് ജയം
പാകിസ്ഥാനെതിരെ ആറ് റണ്‍സ് വിജയം
യു.എസ്.എക്കെതിരെ ഏഴ് വിക്കറ്റ് ജയം
കാനഡക്കെതിരെ നടക്കേണ്ടിയിരുന്ന മത്സരം മഴമൂലം ഉപേക്ഷിച്ചു.

സൂപ്പര്‍ 8

അഫ്ഗാനിസ്ഥാനെതിരെ 47 റണ്‍സ് വിജയം
ബംഗ്ലാദേശിനെതിരെ 50 റണ്‍സ് വിജയം
ഓസ്ട്രേലിയക്കെതിരെ 24 റണ്‍സ് വിജയം

 

സെമി ഫൈനലിലേക്കുള്ള ഇംഗ്ലണ്ടിന്റെ യാത്ര

ഗ്രൂപ്പ് ഘട്ടം

സ്‌കോട്‌ലാന്‍ഡിനെതിരെ നടക്കേണ്ടിയിരുന്ന മത്സരം മഴമൂലം ഉപേക്ഷിച്ചു.
ഓസ്ട്രേലിയക്കെതിരെ 36 റണ്‍സ് തോല്‍വി.
ഒമാനെതിരെ എട്ട് വിക്കറ്റ് ജയം.
നമീബിയക്കെതിരെ 41 റണ്‍സ് വിജയം.

സൂപ്പര്‍ 8

വെസ്റ്റ് ഇന്‍ഡീസിനെതിരെ എട്ട് വിക്കറ്റ് ജയം
ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റണ്‍സ് തോല്‍വി
യു.എസ്.എക്കെതിരെ പത്ത് വിക്കറ്റ് വിജയം

 

സെമി ഫൈനലേക്കുള്ള സൗത്ത് ആഫ്രിക്കയുടെ യാത്ര

ഗ്രൂപ്പ് ഘട്ടം

ശ്രീലങ്കക്കെതിരെ ആറ് വിക്കറ്റ് വിജയം.
നെതര്‍ലന്‍ഡ്സിനെതിരെ നാല് വിക്കറ്റ് ജയം.
ബംഗ്ലാദേശിനെതിരെ നാല് റണ്‍സ് വിജയം.
നേപ്പാളിനെതിരെ ഒരു റണ്‍സ് ജയം.

സൂപ്പര്‍ 8

യു.എസ്.എക്കെതിരെ 18 റണ്‍സ് വിജയം.
ഇംഗ്ലണ്ടിനെതിരെ ഏഴ് റണ്‍സ് ജയം.
വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വിക്കറ്റ് വിജയം.

 

സെമി ഫൈനലിലേക്കുള്ള അഫ്ഗാനിസ്ഥാന്റെ യാത്ര

ഗ്രൂപ്പ് ഘട്ടം

ഉഗാണ്ടക്കെതിരെ 125 റണ്‍സ് വിജയം.
ന്യൂസിലന്‍ഡിനെതിരെ 84 റണ്‍സ് വിജയം.
പപ്പുവ ന്യൂ ഗിനിക്കെതിരെ ഏഴു വിക്കറ്റ് ജയം.
വെസ്റ്റ് ഇന്‍ഡീസിനെതിരെ 104 റണ്‍സ് തോല്‍വി

സൂപ്പര്‍ 8

ഇന്ത്യക്കെതിരെ 47 റണ്‍സ് തോല്‍വി.
ഓസ്ട്രേലിയക്കെതിരെ 21 റണ്‍സ് വിജയം.
ബംഗ്ലാദേശിനെതിരെ എട്ട് റണ്‍സ് വിജയം.

 

 

Also Read ഈ കൈകൾ ചോരില്ല സാർ! ചരിത്രവിജയത്തിനൊപ്പം ഐതിഹാസികനേട്ടവുമായി അഫ്ഗാന്റെ വല്ല്യേട്ടൻ

 

Also Read ഇന്നത്തെ വിജയം നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും തെളിവാണ്; സച്ചിന്‍ ടെണ്ടുല്‍ക്കര്‍

 

Also Read  ഐ.പി.എല്ലിൽ മിന്നും പ്രകടനം നടത്തി, എന്നിട്ടും ഇന്ത്യൻ ടീമിൽ അവസരമില്ല; പ്രതികരണവുമായി സൂപ്പർതാരം

 

Content Highlight: T20 World Cup 2024: Semi Final match details