| Friday, 28th June 2024, 1:09 am

'നീ വന്നതെന്തിനോ... നീ പോയതെന്തിനോ...' 'നീ ആറുച്ചാമിയല്ല, ഫ്രീ വിക്കറ്റ് ചാമിയാണ്'; ശിവം ദുബെക്കെതിരെ ആരാധകരോഷം

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പിലെ ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍ മത്സരം ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. മഴ കാരണം വൈകി ആരംഭിച്ച മത്സത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബൗളിങ് തെരഞ്ഞെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികിലെത്തി വീണ സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്.

രോഹിത് 39 പന്തില്‍ 57 റണ്‍സ് നേടിയപ്പോള്‍ സൂര്യകുമാര്‍ 36 പന്തില്‍ 47 റണ്‍സും നേടി പുറത്തായി. 13 പന്തില്‍ 27 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയും ഒമ്പത് പന്തില്‍ പുറത്താകാതെ 17 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ ഇന്നിങ്‌സും ടോട്ടലില്‍ നിര്‍ണായകമായി.

മത്സരത്തില്‍ സൂപ്പര്‍ താരം ശിവം ദുബെ ഒരിക്കല്‍ക്കൂടി നിരാശനാക്കിയിരുന്നു. ക്രീസിലെത്തിയ ആദ്യ പന്തില്‍ തന്നെ താരം പുറത്തായി. ക്രിസ് ജോര്‍ദന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

ഇതോടെ താരത്തിനെതിരെയും അപെക്‌സ് ബോര്‍ഡിനെതിരെയും ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. മോശം ഫോമില്‍ തുടരുന്ന ഒരു താരത്തെ എന്തിനാണ് വീണ്ടും വീണ്ടും ടീമിന്റെ ഭാഗമാക്കുന്നതെന്നും ടീമിന്റെ ടോട്ടല്‍ ബാലന്‍സ് തന്നെ ദുബെ തകര്‍ത്തെന്നും ആരാധകര്‍ പറയുന്നു.

സ്പിന്‍ ബാഷറെന്ന ലേബലില്‍ കൊണ്ടുവന്നനെ സ്പിന്നേഴ്‌സിനെതിരെ കളിപ്പിക്കാന്‍ ടീം ഭയക്കുന്നു, ഇനി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ പോലും ഇവനെ വെച്ചുകൊണ്ടിരിക്കരുത്, കഴിവുള്ള താരങ്ങള്‍ക്ക് ഇവന്‍ കാരണം അവസരം നഷ്ടപ്പെടുന്നു തുടങ്ങി വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ താരത്തിനെതിരെ ഉയരുന്നുണ്ട്.

ആറുച്ചാമി, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് സിക്‌സസ് തുടങ്ങി താരത്തിന്റെ വിളിപ്പേരുകളെയും ആരാധകര്‍ ട്രോളുകളിലൂടെ പരിഹസിക്കുന്നുണ്ട്.

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് ഗയാനയില്‍ കാണുന്നത്. ടീം സ്‌കോര്‍ 50 കടക്കും മുമ്പ് അഞ്ച് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി.

നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 53ന് അഞ്ച് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 11 പന്തില്‍ 11 റണ്‍സുമായി ഹാരി ബ്രൂക്കും മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ലിയാം ലിവിങ്സ്റ്റണുമാണ് ക്രീസില്‍.

അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം നേടി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ഹാരി ബ്രൂക്ക്, മോയിന്‍ അലി, ലിയാം ലിവിങ്‌സ്റ്റണ്‍, സാം കറന്‍, ക്രിസ് ജോര്‍ദന്‍, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, റിസ് ടോപ്‌ലി.

Also Read എല്ലാ ഘട്ടങ്ങളിലും പുതുമുഖങ്ങള്‍, ദേ ഇപ്പോള്‍ ഫൈനലിലും; ഇതാണ്ടാ ലോകകപ്പിന്റെ മാജിക്

Also Read പുതിയ ടീമിനൊപ്പം കരാറിലെത്തി അജിന്‍ക്യ രഹാനെ; ഇംഗ്ലണ്ടില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യയുടെ ടെസ്റ്റ് മാന്ത്രികന്‍

Also Read വിവാദമുണ്ടാക്കാനുള്ള ശ്രമം, രോഹിത്തിന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നുവെങ്കില്‍ മറുപടി പോലും നല്‍കില്ല; ആഞ്ഞടിച്ച് സേവാഗ്

ട്രോള്‍സ്: ട്രോള്‍ ക്രിക്കറ്റ് മലയാളം

Content Highlight: T20 World Cup 2024: Semi Final: IND vs ENG: Trolls against Shivam Dube

We use cookies to give you the best possible experience. Learn more