റെക്കോഡ് അലേര്‍ട്ട്; അഞ്ചാമനായി അയ്യായിരം, ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ ഐതിഹാസിക ലിസ്റ്റില്‍ ഇനി രോഹിത്തും
T20 world cup
റെക്കോഡ് അലേര്‍ട്ട്; അഞ്ചാമനായി അയ്യായിരം, ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ ഐതിഹാസിക ലിസ്റ്റില്‍ ഇനി രോഹിത്തും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th June 2024, 11:40 pm

 

 

2024 ടി-20 ലോകകപ്പിലെ രണ്ടാം ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള പോരാട്ടം ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ തുടരുകയാണ്. സൂപ്പര്‍ 8 ഗ്രൂപ്പ് 1ലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും ഗ്രൂപ്പ് 2ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായി മുമ്പോട്ട് കുതിച്ച ഇംഗ്ലണ്ടുമാണ് സെമിയില്‍ ഏറ്റുമുട്ടുന്നത്.

മഴ കാരണം വൈകി ആരംഭിച്ച മത്സത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബൗളിങ് തെരഞ്ഞെടുത്തു. ടോസ് ലഭിച്ചാല്‍ തങ്ങള്‍ ബാറ്റിങ്ങാണ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്നാണ് രോഹിത് ടോസിനിടെ പറഞ്ഞത്.

മോശമല്ലാത്ത രീതിയില്‍ ഇന്ത്യ ബാറ്റിങ് തുടരവെ വീണ്ടും മഴയെത്തുകയും മത്സരം നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു. എട്ടാം ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മത്സരം താത്കാലികമായി നിര്‍ത്തിവെച്ചത്.

എന്നാല്‍ മഴയെത്തും മുമ്പ് തന്നെ ഇംഗ്ലണ്ട് ഇന്ത്യക്ക് മേല്‍ ഇരട്ട പ്രഹരമേല്‍പിച്ചിരുന്നു. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും റിഷബ് പന്തിനെയും മടക്കിയാണ് ഇംഗ്ലണ്ട് മത്സരത്തില്‍ അപ്പര്‍ഹാന്‍ഡ് നേടിയിരിക്കുന്നത്.

മത്സരത്തിലെ മൂന്നാം ഓവറിലാണ് ഇംഗ്ലണ്ട് വിരാടിനെ മടക്കിയത്. ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സ് നേടി നില്‍ക്കവെ റീസ് ടോപ്‌ലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് വിരാട് പുറത്തായത്. ആറാം ഓവറിലാണ് ഇന്ത്യക്ക് റിഷബ് പന്തിനെ നഷ്ടമാകുന്നത്. ആറ് പന്തില്‍ നാല് റണ്‍സ് നേടി നില്‍ക്കവെ സാം കറണിന്റെ പന്തില്‍ ജോണി ബെയര്‍സ്‌റ്റോക്ക് ക്യാച്ച് നല്‍കിയാണ് വിക്കറ്റ് കീപ്പര്‍ തിരിച്ചുനടന്നത്.

സൂപ്പര്‍ താരങ്ങള്‍ വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ മറുവശത്ത് നായകന്‍ രോഹിത് ശര്‍മ ഉറച്ചുനിന്നു. എട്ടാം ഓവറിന് ശേഷം കളി നിര്‍ത്തിവെച്ചപ്പോള്‍ 26 പന്തില്‍ പുറത്താകാതെ 37 റണ്‍സാണ് താരം നേടിയത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം ഇന്ത്യന്‍ നായകന്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ 5,000 അന്താരാഷ്ട്ര റണ്‍സ് എന്ന കരിയര്‍ മൈല്‍സ്‌റ്റോണാണ് രോഹിത് മറികടന്നത്.

ഇന്ത്യക്കായി 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത് ക്യാപ്റ്റന്‍ എന്ന റെക്കോഡ് സ്വന്തമാക്കുന്നതിനൊപ്പം വിരാട് കോഹ്‌ലി, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരടങ്ങുന്ന എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനും ഇന്ത്യന്‍ നായകനായി.

ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്‍മാര്‍

(താരം – റണ്‍സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 12,883

എം.എസ്. ധോണി – 11,207

മുഹമ്മദ് അസറുദ്ദീന്‍ – 8,095

സൗരവ് ഗാംഗുലി – 7,643

രോഹിത് ശര്‍മ – 5,000+*

അതേസമയം, ഇംഗ്ലണ്ടിനെതിരെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് രോഹിത് ക്രീസില്‍ തുടരുന്നത്. താരത്തിന്റെ 32ാം അന്താരാഷ്ട്ര ടി-20 അര്‍ധ സെഞ്ച്വറിയാണിത്. നേരിട്ട 36ാം പന്തില്‍ സാം കറണിനെ സിക്‌സറടിച്ചുകൊണ്ടാണ് രോഹിത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 37 പന്തില്‍ 56 റണ്‍സുമായി രോഹിത് ശര്‍മയും 26 പന്തില്‍ 39 റണ്‍സുമായി സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ഹാരി ബ്രൂക്ക്, മോയിന്‍ അലി, ലിയാം ലിവിങ്‌സ്റ്റണ്‍, സാം കറന്‍, ക്രിസ് ജോര്‍ദന്‍, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, റിസ് ടോപ്‌ലി.

 

Also Read ഇത് ഞങ്ങളുടെ തുടക്കമാണ്, ഞങ്ങളുടെ ആത്മവിശ്വാസം അതാണ്; അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍

 

Also Read ടി-20 ലോകകപ്പ് സെമിയില്‍ സഞ്ജുവിന്റെ വജ്രായുധത്തെ കാത്തിരിക്കുന്നത് ഇരട്ട റെക്കോഡ്!

 

Also Read ഇത് അഫ്ഗാനിസ്ഥാനോട് കാണിച്ച നെറികേടാണ്; ഐ.സി.സിക്കെതിരെ പൊട്ടിത്തെറിച്ച് മൈക്കല്‍ വോണ്‍

Content Highlight: T20 World Cup 2024: Semi Final: IND vs ENG: Rohit Sharma complete 5,000 runs as captain