| Thursday, 27th June 2024, 6:42 pm

പ്രതികാരമില്ലാതെ ഇന്ത്യ ഫൈനലിലേക്കോ? മഴയില്‍ ഇംഗ്ലണ്ടിന് മുറിവേല്‍ക്കുമോ? എല്ലാ കണ്ണുകളും ഗയാനയിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പിനുള്ള രണ്ടാം സെമി ഫൈനലിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ അപരാജിതരായി സെമിയില്‍ പ്രവേശിച്ച ഇന്ത്യയെ നേരിടും.

പ്രാദേശിക സമയം പകല്‍ 10.30നാണ് (ഇന്ത്യന്‍ സമയം രാത്രി 8 മണി) മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഏതൊരു കായിക പ്രേമിയെയും നിരാശരാക്കുന്ന വാര്‍ത്തകളാണ് നിലവില്‍ ഗയാനയില്‍ നിന്നും പുറത്തുവരുന്നത്. രണ്ടാം സെമി ഫൈനല്‍ നടക്കേണ്ട ഗയാനയില്‍ മഴ തിമിര്‍ത്തുപെയ്യുകയാണ്.

രണ്ടാം സെമിക്ക് റിസര്‍വ് ദിനം അനുവദിച്ചിട്ടില്ല എന്നാണ് ആരാധകരെ നിരാശരാക്കുന്ന മറ്റൊരു കാര്യം. ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിക്കേണ്ടി വരുമോ എന്നാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്.

ഒരുപക്ഷേ ഇത്തരത്തില്‍ മഴയെടുത്ത് മത്സരം ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യക്ക് ഫൈനലിലേക്ക് മുന്നേറാം സാധിക്കും. സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സ് തന്നെയാണ് ഇതിന് കാരണവും.

സൂപ്പര്‍ 8 ഗ്രൂപ്പ് 1ല്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിക്ക് യോഗ്യത നേടിയത്. ഇംഗ്ലണ്ടാകട്ടെ ഗ്രൂപ്പ് 2ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായും. മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ സൂപ്പര്‍ 8ല്‍ ഉയര്‍ന്ന സ്ഥാനമുള്ള ടീം മുന്നേറും. മഴ കാരണമോ മറ്റേതെങ്കിലും കാരണങ്ങളാലോ മത്സരം നടക്കാതെ പോയാല്‍ ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാം. അതായത് സെമി ഫൈനല്‍ മത്സരം നടക്കേണ്ടത് നിലവില്‍ ഇംഗ്ലണ്ടിന്റെ ആവശ്യമാണ്.

രണ്ടാം സെമി ഫൈനലിനും ഫൈനലിനും ഇടയില്‍ റിസര്‍വ് ദിനം അനുവദിച്ചാല്‍ ജയിക്കുന്ന ടീമിന് ഫൈനലിന് തയ്യാറെടുക്കാന്‍ 24 മണിക്കൂറില്‍ താഴെ മാത്രമേ സമയം ലഭിക്കുകയുള്ളൂ. ഇക്കാരണത്താലാണ് രണ്ടാം സെമി ഫൈനലിന് റിസര്‍വ് ദിനം അനുവദിക്കാത്തത്.

പക്ഷേ ഈ മത്സരത്തിന് അധികം സമയമായി 250 മിനിട്ട് അനുവദിച്ചിട്ടുണ്ട്. നിശ്ചയിച്ച സമയത്തിനും ഈ 250 മിനിട്ടിന് ശേഷവും കളി നടക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കിലാണ് മത്സരം ഉപേക്ഷിക്കുക.

ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞ സെമി ഫൈനലില്‍ പരാജയപ്പെട്ടതിന്റെ പ്രതികാരം വീട്ടാനുള്ള അവസരം കൂടിയാണ് ഈ സെമി ഫൈനല്‍. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ട് സെമി ഫൈനല്‍ വിജയിച്ചതും ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്ത് കിരീടമണിഞ്ഞതും.

അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം 16 ഓവറില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഹര്‍ദിക് പാണ്ഡ്യയുടെയും വിരാട് കോഹ്‌ലിയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മോശമല്ലാത്ത സ്‌കോറിലെത്തിയത്. പാണ്ഡ്യ 33 പന്തില്‍ 63 റണ്‍സടിച്ചപ്പോള്‍ 40 പന്തില്‍ 50 റണ്‍സാണ് വിരാട് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 28 പന്തില്‍ 27 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അല്കസ് ഹെയ്ല്‍സിന്റെയും ജോസ് ബട്‌ലറിന്റെയും ഇന്നിങ്സിന്റെ കരുത്തില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.

ജോസ് ബട്‌ലര്‍ 49 പന്തില്‍ പുറത്താകാതെ 80 റണ്‍സടിച്ചപ്പോള്‍ 47 പന്തില്‍ പുറത്താകാതെ 86 റണ്‍സാണ് ഹെയ്ല്‍സ് അടിച്ചെടുത്തത്.

അതേസമയം, ഗയാനയില്‍ വൈകീട്ടും മഴസാധ്യതയാണ് കല്‍പിക്കുന്നത്. ഉച്ചയ്ക്ക് ശേഷം 76 ശതമാനത്തോളം ആകാശം മേഘാവരണമായിരിക്കും. വൈകീട്ട് അത് 95 ശതമാനമായി ഉയര്‍ന്നേക്കും.

മഴ മൂലം മത്സരം തടസ്സപ്പെട്ടാല്‍ മത്സരത്തിന്റെ സമയം നീണ്ടേക്കാം. അതിനാല്‍ ഉച്ചതിരിഞ്ഞും വൈകുന്നേരവുമുള്ള കാലാവസ്ഥ മത്സരത്തെ സ്വാധീനിച്ചേക്കാം.

Also Read ഇത് ഞങ്ങളുടെ തുടക്കമാണ്, ഞങ്ങളുടെ ആത്മവിശ്വാസം അതാണ്; അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍

Also Read ടി-20 ലോകകപ്പ് സെമിയില്‍ സഞ്ജുവിന്റെ വജ്രായുധത്തെ കാത്തിരിക്കുന്നത് ഇരട്ട റെക്കോഡ്!

Also Read ഇത് അഫ്ഗാനിസ്ഥാനോട് കാണിച്ച നെറികേടാണ്; ഐ.സി.സിക്കെതിരെ പൊട്ടിത്തെറിച്ച് മൈക്കല്‍ വോണ്‍

Content highlight: T20 World Cup 2024: Semi Final: IND vs ENG: Raining in Guyana

Latest Stories

We use cookies to give you the best possible experience. Learn more