2024 ടി-20 ലോകകപ്പില്‍ സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളും വിജയിച്ചതിന് പിന്നാലെ ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. ഗ്രൂപ്പ് 1-ല്‍ നിന്നും സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ.
ഗ്രോസ് ഐലറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ജൂണ്‍ 27ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് 2ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിക്ക് യോഗ്യത നേടിയത്.
ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനലിന് കളമൊരുങ്ങുമ്പോള്‍ കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലാകും ഇന്ത്യന്‍ ആരാധകരുടെ മനസിലെത്തുക. ഓസ്‌ട്രേലിയ ആതിഥേയരായ ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്താണ് ഇംഗ്ലണ്ട് ഫൈനലിന് യോഗ്യത നേടിയതും കപ്പുയര്‍ത്തിയതും.
അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തുവിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം 16 ഓവറില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഹര്‍ദിക് പാണ്ഡ്യയുടെയും വിരാട് കോഹ്‌ലിയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മോശമല്ലാത്ത സ്‌കോറിലെത്തിയത്. പാണ്ഡ്യ 33 പന്തില്‍ 63 റണ്‍സടിച്ചപ്പോള്‍ 40 പന്തില്‍ 50 റണ്‍സാണ് വിരാട് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 28 പന്തില്‍ 27 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അല്കസ് ഹെയ്ല്‍സിന്റെയും ജോസ് ബട്‌ലറിന്റെയും ഇന്നിങ്‌സിന്റെ കരുത്തില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.
ബട്‌ലര്‍ 49 പന്തില്‍ പുറത്താകാതെ 80 റണ്‍സടിച്ചപ്പോള്‍ 47 പന്തില്‍ പുറത്താകാതെ 86 റണ്‍സാണ് ഹെയ്ല്‍സ് അടിച്ചെടുത്തത്.
ഇത്തവണ മറ്റൊരു സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ അഡ്‌ലെയ്ഡിലെ പരാജയത്തിന് കണക്കുതീര്‍ക്കാന്‍ തന്നെയാകും ഇന്ത്യയൊരുങ്ങുക.
അതേസമയം, സൂപ്പര്‍ 8ല്‍ ഓസീസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. രണ്ടാം ഓവറിലെ നാലാം പന്തില്‍ വിരാട് കോഹ്ലി പൂജ്യത്തിന് പുറത്തായി. വിരാട് പുറത്തായതിന് പിന്നാലെ സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല രോഹിത് ഒറ്റയ്ക്ക് ഏറ്റെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്കെറിഞ്ഞ മൂന്നാം ഓവറില്‍ നാല് പടുകൂറ്റന്‍ സിക്സറുകളാണ് രോഹിത് അടിച്ചെടുത്തത്. ആ ഓവറില്‍ പിറന്നതാകട്ടെ 29 റണ്‍സും.
രോഹിത്തിന് പുറമെ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 31 റണ്‍സും ശിവം ദുബെ 22 പന്തില്‍ 28 റണ്‍സും നേടി. 17 പന്തില്‍ 27 റണ്‍സാണ് വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ടോട്ടലിലേക്ക് സംഭാവന ചെയ്തത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് ഇന്ത്യ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്കും തുടക്കം പാളിയിരുന്നു. സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ ആദ്യ ഓവറില്‍ പുറത്തായി. ആറ് പന്തില്‍ ആറ് റണ്‍സാണ് താരം നേടിയത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ട്രാവിസ് ഹെഡിനൊപ്പം ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും ഒന്നിച്ചതോടെ ഓസീസ് സ്‌കോര്‍ ബോര്‍ഡിന് വേഗം കൂടി. 81 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. ടീം സ്‌കോര്‍ 87ല്‍ നില്‍ക്കവെ 28 പന്തില്‍ 37 റണ്‍സ് നേടി മാര്‍ഷ് മടങ്ങി. കുല്‍ദീപ് യാദവിന്റെ പന്തില്‍ ബൗണ്ടറി ലൈനിന് സമീപം അക്‌സര്‍ പട്ടേലിന്റെ കിടിലന്‍ ക്യാച്ചിലാണ് മാര്‍ഷ് പുറത്തായത്.
പിന്നാലെയെത്തിയ മാക്‌സ്‌വെല്‍ 12 പന്തില്‍ 20 റണ്‍സും മാര്‍കസ് സ്റ്റോയ്‌നിസ് നാല് പന്തില്‍ രണ്ട് റണ്‍സും നേടി പുറത്തായെങ്കിലും മറുവശത്ത് ട്രാവിസ് ഹെഡ് ഉറച്ചുനിന്നു.
ഒടുവില്‍ ടീം സ്‌കോര്‍ 150ല്‍ നില്‍ക്കവെ ഹെഡിനെ മടക്കി ബുംറ ഇന്ത്യക്ക് അനിവാര്യമായ ബ്രേക് ത്രൂ നല്‍കി. 43 പന്തില്‍ 76 റണ്‍സുമായി നില്‍ക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ക്യാച്ച് നല്‍കി ഹെഡ് പുറത്തായി.
ശേഷിക്കുന്ന സ്‌കോര്‍ പിന്നാലെയെത്തിയവര്‍ക്ക് അപ്രാപ്യമായതോടെ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടി. അക്‌സര്‍ പട്ടേലും ജസ്പ്രീത് ബുംറയുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തിയത്.
Content Highlight: T20 World Cup 2024: Semi Final: IND vs ENG: Fans about the 2022 semi-finals