ടോസ് ലഭിച്ചാല്‍ തങ്ങള്‍ ബാറ്റിങ് തെരഞ്ഞെടുക്കുമെന്നാണ് രോഹിത് അഭിപ്രായപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത് സ്‌കോര്‍ ബോര്‍ഡില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനും അത് പ്രതിരോധിക്കാനുമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് ടോസിനിടെ രോഹിത് പറഞ്ഞത്.
നിലവില്‍ കാലാവസ്ഥ അനുകൂലമാണെന്നും മത്സരം പുരോഗമിക്കുമ്പോള്‍ പിച്ച് സ്ലോ ആകുമെന്നും രോഹിത് പറഞ്ഞു.
രണ്ട് ടീമുകളും കഴിഞ്ഞ മത്സരത്തില്‍ കളത്തിലിറക്കിയ അതേ ടീമിനെ തന്നെയാണ് സെമി ഫൈനലിലും തെരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞ സെമി ഫൈനലില്‍ പരാജയപ്പെട്ടതിന്റെ പ്രതികാരം വീട്ടാനുള്ള അവസരം കൂടിയാണ് ഈ സെമി ഫൈനല്‍. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ട് സെമി ഫൈനല്‍ വിജയിച്ചതും ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്ത് കിരീടമണിഞ്ഞതും.
അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം 16 ഓവറില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഹര്‍ദിക് പാണ്ഡ്യയുടെയും വിരാട് കോഹ്‌ലിയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മോശമല്ലാത്ത സ്‌കോറിലെത്തിയത്. പാണ്ഡ്യ 33 പന്തില്‍ 63 റണ്‍സടിച്ചപ്പോള്‍ 40 പന്തില്‍ 50 റണ്‍സാണ് വിരാട് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 28 പന്തില്‍ 27 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അല്കസ് ഹെയ്ല്‍സിന്റെയും ജോസ് ബട്ലറിന്റെയും ഇന്നിങ്‌സിന്റെ കരുത്തില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.
ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം ജൂണ്‍ 29ന് നടക്കുന്ന ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ നേരിടും. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലാണ് വേദി.