'ഇന്ത്യ എന്റെ ടീമാണ്, ഞാന്‍ അണിയുന്ന നീലത്തൊപ്പി എന്റെ അഭിമാനമാണ്, എനിക്ക് ജീവനുള്ള കാലത്തോളം ഒരാളും ഇന്ത്യയെ മുറിവേല്‍പ്പിക്കില്ല'
T20 world cup
'ഇന്ത്യ എന്റെ ടീമാണ്, ഞാന്‍ അണിയുന്ന നീലത്തൊപ്പി എന്റെ അഭിമാനമാണ്, എനിക്ക് ജീവനുള്ള കാലത്തോളം ഒരാളും ഇന്ത്യയെ മുറിവേല്‍പ്പിക്കില്ല'
സന്ദീപ് ദാസ്
Sunday, 30th June 2024, 5:15 pm

ദക്ഷിണാഫ്രിക്കയുടെ റണ്‍ചെയ്‌സ് പുരോഗമിക്കുമ്പോള്‍ പലരും വിരാട് കോഹ്‌ലിയെ ചീത്തവിളിക്കുന്നുണ്ടായിരുന്നു. ‘തുഴഞ്ഞ് തുഴഞ്ഞ് കളി തോല്‍പ്പിച്ച’ വിരാടിനെക്കുറിച്ചുള്ള ട്രോളുകള്‍ പിറവികൊള്ളാന്‍ തുടങ്ങിയിരുന്നു. ഇന്ത്യ ജയിച്ചതുകൊണ്ടാണ് അതിനെല്ലാം അറുതി വന്നത്.

ഭാവിയില്‍ പലരും വിരാടിന്റെ ഇന്നിങ്‌സിനെ തള്ളിക്കളഞ്ഞേക്കാം. അയാളുടെ സ്‌ട്രൈക്ക് റേറ്റിനെ കീറിമുറിച്ചേക്കാം. ബൗളര്‍മാര്‍ വിരാടിനെ രക്ഷിച്ചു എന്ന് പരിഹസിച്ചേക്കാം. അതുകൊണ്ട് ചിലതെല്ലാം പറയാതെ പോകാനാവില്ല.

ലോകകപ്പ് ഫൈനലില്‍ വിരാട് കളിച്ചത് മഹത്തായ ഇന്നിങ്‌സാണ്. ആ പ്രകടനം ലൈവായി കാണാന്‍ കഴിഞ്ഞു എന്ന വീരസ്യം നമുക്ക് കൊച്ചുമക്കളോട് പറയാം! അത്രമേല്‍ മികവുറ്റ ബാറ്റിങ്ങ്.

ദക്ഷിണാഫ്രിക്കയുടെ ഫീല്‍ഡിങ് മികവ് നാം കണ്ടതാണ്. ഷംസിയുടെ ഒരു പന്തിനെ വിരാട് ഡീപ് ഫൈന്‍ ലെഗിലേയ്ക്ക് പായിച്ചിരുന്നു. നിസ്സാരമായി ഡബിള്‍ ഓടാവുന്ന സാഹചര്യം എന്ന് സകലരും പ്രതീക്ഷിച്ചു. പക്ഷേ ഡേവിഡ് മില്ലറുടെ ത്രോ ബുള്ളറ്റ് പോലെ വന്നു! വിരാടിന് ശരിക്കും സ്പ്രിന്റ് ചെയ്യേണ്ടിവന്നു.

ദക്ഷിണാഫ്രിക്ക തീ തുപ്പുകയായിരുന്നു. ന്യൂസിലാന്‍ഡിനെയും ഓസീസിനെയും ചാരമാക്കിയ അഫ്ഗാനികളെ പച്ചയ്ക്ക് കത്തിച്ചിട്ടാണ് പ്രോട്ടിയാസ് കലാശപ്പോരിനെത്തിയത്! റബാഡയും നോര്‍ക്യയും മിന്നുന്ന ഫോമിലായിരുന്നു. സ്പിന്നറായ മഹാരാജ് രോഹിതിനെയും പന്തിനെയും ഒറ്റ ഓവറില്‍ വീഴ്ത്തിയിരുന്നു.

അവര്‍ക്കെതിരെ 34/3 എന്ന സ്‌കോറിലേക്കാണ് ഇന്ത്യ വീണുപോയത്. വിരാട് നേരത്തെ പുറത്തായിരുന്നുവെങ്കില്‍ നീലപ്പട ഒരു ചെറിയ ടോട്ടലില്‍ ഒതുങ്ങുമായിരുന്നു.

വിരാടും അക്‌സറും ഒന്നിക്കുമ്പോള്‍ ഇന്ത്യയുടെ അവസ്ഥ എന്തായിരുന്നു? തുടര്‍ന്ന് ഇറങ്ങാനുണ്ടായിരുന്ന ശിവം ദുബെയും രവീന്ദ്ര ജഡേജയും മോശം ഫോമിലായിരുന്നു. ഹര്‍ദിക് പാണ്ഡ്യ ആയിരുന്നു ഏക പ്രതീക്ഷ.

ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയുടെ മുമ്പില്‍ ഒരേയൊരു വഴിയേ അവശേഷിച്ചിരുന്നുള്ളൂ. വിരാട് അവസാനം വരെ ബാറ്റ് ചെയ്യുക. അയാള്‍ക്ക് ചുറ്റിലുമായി മറ്റുള്ളവര്‍ ആക്രമണം അഴിച്ചുവിടുക. അതുതന്നെയാണ് ഇന്ത്യ നടപ്പിലാക്കിയത്.

ബാര്‍ബഡോസിലെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 150 ആയിരുന്നു. അതിനേക്കാള്‍ 26 റണ്ണുകള്‍ ദൂരെ എത്തിയിട്ടാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ടി-20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് ഇന്ത്യ രേഖപ്പെടുത്തിയത്.

ഫൈനലിന്റെ അധിക സമ്മര്‍ദവും ഇന്ത്യന്‍ ബൗളര്‍മാരുടെ ഫോമും പരിഗണിക്കുമ്പോള്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടായിരുന്നു. റണ്‍ചെയ്‌സില്‍ ദക്ഷിണാഫ്രിക്ക ശരിക്കും വെള്ളംകുടിക്കും എന്നാണ് സിംബാബ്‌വേ ഇതിഹാസം ആന്‍ഡി ഫ്‌ളവര്‍ പ്രവചിച്ചത്.

അത് ഏറെക്കുറെ ശരിയുമായിരുന്നു. ഒന്നാന്തരമായി സ്പിന്‍ ബൗളിങ്ങിനെ മെരുക്കുന്ന ക്ലാസന്‍ കുല്‍ദീപിനെയും അക്‌സറിനെയും അടിച്ചുപറത്തിയപ്പോള്‍ മാത്രമാണ് ഇന്ത്യയുടെ പിടി അയഞ്ഞത്. ബാക്കി സമയങ്ങളിലെല്ലാം ഇന്ത്യയ്ക്ക് നല്ല ആധിപത്യമുണ്ടായിരുന്നു.

കൃത്യസമയത്ത് സ്പിന്നര്‍മാരെ നേരിടാന്‍ ക്ലാസന് കഴിഞ്ഞു. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ത്യ അനായാസം ജയിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ഈ ടൂര്‍ണ്ണമെന്റില്‍ പേസര്‍മാര്‍ക്കെതിരെയുള്ള ക്ലാസന്റെ സ്‌ട്രൈക്ക് റേറ്റ് 80 ആയിരുന്നു എന്ന കാര്യം തിരിച്ചറിയണം. വിരാടിന്റെ ബലത്തില്‍ ഇന്ത്യ നേടിയത് ഒരു പാര്‍ ടോട്ടല്‍ ആയിരുന്നു എന്നതിന്റെ സൂചന!

30 പന്തുകളില്‍നിന്ന് 30 റണ്ണുകള്‍ മാത്രം വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക ‘ചോക്കേഴ്‌സ് ‘ എന്ന വിളിപ്പേരിനോട് നീതിപുലര്‍ത്തിയെന്ന് പലരും പരിഹസിക്കുന്നുണ്ട്. അതിനോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല. ഒരു ഫൈനലില്‍ ഏത് ടീമിനും അത്തരം അബദ്ധങ്ങള്‍ സംഭവിക്കാം. അതാണ് ആ മാച്ചിന്റെ പ്രഷര്‍! വിജയരേഖ കടക്കുന്ന നിമിഷം വരെ ഒന്നും ഉറപ്പിക്കാനാവില്ല!

ഇവിടെയാണ് വിരാടിന്റെ പ്രസക്തി. ഫൈനലില്‍ പാറ പോലെ ഉറച്ചുനിന്നവന്‍! കൂട്ടത്തകര്‍ച്ച ഒഴിവാക്കിയവന്‍! കാവല്‍മാലാഖയെപ്പോലെ നമ്മെ കോട്ടകെട്ടി കാത്തവന്‍.

അന്താരാഷ്ട്ര ടി-20 ക്രിക്കറ്റ് മതിയാക്കുകയാണെന്ന് വിരാട് പ്രഖ്യാപിച്ചിട്ടുണ്ട്. ശരിയായ തീരുമാനം തന്നെയാണ് വിരാട് കൈക്കൊണ്ടത്. എങ്കിലും നെഞ്ചില്‍ എവിടെയോ ഒരു പിടച്ചില്‍!

12 വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രീലങ്കയില്‍ വെച്ച് നടന്ന ടി-20 ലോകകപ്പില്‍ ഉദയം ചെയ്ത വിരാടിനെ ഇന്നും ഓര്‍ക്കുന്നുണ്ട്. അക്കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറായിരുന്ന സയീദ് അജ്മലിനെ സ്റ്റെപ്പൗട്ട് ചെയ്ത് സ്‌ട്രെയിറ്റ് സിക്‌സര്‍ അടിച്ച ‘അഹങ്കാരിപ്പയ്യന്‍’!

തുടര്‍ന്ന് ഹൃദയഭേദകമായ എത്ര തോല്‍വികള്‍! ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും നേടാനുള്ള അവസരം ഇന്ത്യക്കുണ്ടായിരുന്നു. വിരാട് എന്നും മിന്നുന്ന ഫോമിലായിരുന്നു. പക്ഷേ നിര്‍ഭാഗ്യം അയാളെ വേട്ടയാടി. ചിലപ്പോള്‍ ടീം വിരാടിനെ കൈവിട്ടു.

ഇപ്പോള്‍ വിരാട് ലോകചാമ്പ്യനാവുന്നു. ആരാധകര്‍ ആഘോഷിച്ചുതുടങ്ങുമ്പോഴേ്ക്കും അയാള്‍ കുട്ടി ക്രിക്കറ്റിനോട് യാത്രാമൊഴി പറയുന്നു. ഞങ്ങള്‍ക്ക് ഇത് നിറകണ്ണുകളോടെ മാത്രമേ സ്വീകരിക്കാനാകൂ വിരാട്. സന്തോഷവും ദുഃഖവും സമഞ്ജസമായി സമ്മേളിച്ച കണ്ണുനീരാണ് ഞങ്ങളില്‍ നിന്ന് വരുന്നത്!

സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ മണ്ണാണ് വെസ്റ്റ് ഇന്‍ഡീസ്. ഹെല്‍മറ്റ് പോലും ധരിക്കാതെ ഭീകര ഫാസ്റ്റ് ബോളര്‍മാരെ നേരിട്ടയാളായിരുന്നു റിച്ചാര്‍ഡ്‌സ്. അതിനെക്കുറിച്ച് ചോദിച്ചാല്‍ അദ്ദേഹം വിശദീകരിക്കും,

”എനിക്ക് എന്റെ മെറൂണ്‍ തൊപ്പി തന്നെ ധാരാളമായിരുന്നു. എന്റെ അഭിമാനമായിരുന്നു ആ ക്യാപ്. ഞാന്‍ സ്‌നേഹിക്കുന്ന ഗെയിമിനുവേണ്ടി മരിക്കാനും ഞാന്‍ ഒരുക്കമായിരുന്നു…”

മുന്‍ ഇംഗ്ലിഷ് സ്‌കിപ്പര്‍ മൈക്കല്‍ ആതര്‍ട്ടന്‍ ഒരിക്കല്‍ പറയുകയുണ്ടായി,

”ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും കരിസ്മാറ്റിക് ക്രിക്കറ്റര്‍ റിച്ചാര്‍ഡ്‌സാണ്. അതിന്റെ തൊട്ടടുത്ത് തന്നെയാണ് വിരാടിന്റെ സ്ഥാനം…!”

ഫൈനലിലെ വിരാടിന്റെ പോരാട്ടം റിച്ചാര്‍ഡ്‌സിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. ആ ഇന്നിങ്‌സ് ഒരു നിശബ്ദ പ്രസ്താവന ആയിരുന്നു,

”ഇന്ത്യ എന്റെ ടീമാണ്. ഞാന്‍ അണിയുന്ന നീലത്തൊപ്പി എന്റെ അഭിമാനമാണ്. എനിക്ക് ജീവനുള്ള കാലത്തോളം ഒരാളും ഇന്ത്യയെ മുറിവേല്‍പ്പിക്കില്ല…!”

 

 

Content highlight: T20 World Cup 2024: Sandeep Das writes about Virat Kohli

 

സന്ദീപ് ദാസ്
എഴുത്തുകാരന്‍