| Tuesday, 25th June 2024, 8:32 pm

സച്ചിനെ കടത്തിവെട്ടി, ഇനി കപിലിനും ഗവാസ്‌കറിനുമൊപ്പം; ട്രിപ്പിളടിച്ച് രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ 8ലും ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്.

ഗ്രോസ് ഐലെറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

41 പന്തില്‍ 92 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്. ഏഴ് ബൗണ്ടറിയും എട്ട് സിക്‌സറും അടക്കം 224.39 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഈ വെടിക്കെട്ട് ഇന്നിങ്‌സിന് പിന്നാലെ കളിയിലെ താരമായതും രോഹിത് ശര്‍മയായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചതോടെ പല റെക്കോഡുകളും രോഹിത് ശര്‍മ സ്വന്തമാക്കി.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നാണ് രോഹിത് റെക്കോഡിട്ടത്. വിരാട് ഒന്നാമനായ ലിസ്റ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടന്നാണ് രോഹിത് ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം തവണ POTM സ്വന്തമാക്കുന്ന താരം

(താരം – ടീം – പി.ഒ.ടി.എം അവാര്‍ഡ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 12

രോഹിത് ശര്‍മ – ഇന്ത്യ – 11*

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 11

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 10

മഹേല ജയവര്‍ധന – ശ്രീലങ്ക – 10

ഷെയ്ന്‍ വാട്‌സണ്‍ – ഓസ്‌ട്രേലിയ – 10

എ.ബി ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 9

സനത് ജയസൂര്യ – ശ്രീലങ്ക – 9

ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 9

യുവരാജ് സിങ് – ഇന്ത്യ – 8

ഗ്ലെന്‍ മഗ്രാത് – ഓസ്‌ട്രേലിയ – 8

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 8

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – 8

തിലകരത്‌നെ ദില്‍ഷന്‍ – ശ്രീലങ്ക – 8

ഇതിന് പുറമെ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന രണ്ടാമത് ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡും രോഹിത് സ്വന്തമാക്കി.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍

(താരം – പി.ഒ.ടി.എം അവാര്‍ഡ് എന്നീ ക്രമത്തില്‍)

സൗരവ് ഗാംഗുലി – 4

രോഹിത് ശര്‍മ – 3*

കപില്‍ ദേവ് – 3

എം.എസ്. ധോണി – 1

വിരാട് കോഹ്‌ലി – 1

35 വയസിന് ശേഷം ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും രോഹിത്തിനായി. നേരത്തെ സച്ചിനെ മറികടന്ന് റെക്കോഡിട്ട രോഹിത് ഈ പട്ടികയില്‍ സച്ചിന് പിന്നിലാണ് രണ്ടാം സ്ഥാനത്തുള്ളത്

35 വയസിന് ശേഷം ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം തവണ POTM നേടുന്ന ഇന്ത്യന്‍ താരങ്ങള്‍

(താരം – പി.ഒ.ടി.എം അവാര്‍ഡ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 8

രോഹിത് ശര്‍മ – 6*

സുനില്‍ ഗവാസ്‌കര്‍ – 6

അനില്‍ കുംബ്ലെ – 4

അതേസയം, ജൂണ്‍ 27ന് നടക്കുന്ന സെമി ഫൈനലിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് എതിരാളികള്‍.

Also Read ഈ കൈകൾ ചോരില്ല സാർ! ചരിത്രവിജയത്തിനൊപ്പം ഐതിഹാസികനേട്ടവുമായി അഫ്ഗാന്റെ വല്ല്യേട്ടൻ

Also Read ഇന്നത്തെ വിജയം നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും തെളിവാണ്; സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Also Read  ഐ.പി.എല്ലിൽ മിന്നും പ്രകടനം നടത്തി, എന്നിട്ടും ഇന്ത്യൻ ടീമിൽ അവസരമില്ല; പ്രതികരണവുമായി സൂപ്പർതാരം

സ്റ്റാറ്റ്‌സ്: ഷെബാസ്‌

Content highlight: T20 World Cup 2024: Rohit Sharma with great records

We use cookies to give you the best possible experience. Learn more