ഇത്തവണ നേടിയില്ലെങ്കില്‍ ഇനിയൊരിക്കലും അതിന് സാധിക്കില്ല; രോഹിത്തേ ഇത് ലാസ്റ്റ് ചാന്‍സാണ്
T20 world cup
ഇത്തവണ നേടിയില്ലെങ്കില്‍ ഇനിയൊരിക്കലും അതിന് സാധിക്കില്ല; രോഹിത്തേ ഇത് ലാസ്റ്റ് ചാന്‍സാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th June 2024, 7:35 pm

 

2024 ലോകകപ്പില്‍ ഇന്ത്യ കളത്തിലിറങ്ങാന്‍ ഇനി നിമിഷങ്ങളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. ഒരു പതിറ്റാണ്ടിലധികമായി ഐ.സി.സി കിരീടം നേടാന്‍ സാധിച്ചിട്ടില്ല എന്ന അപമാന ഭാരം ഈ ലോകകപ്പിലെങ്കിലും ഇറക്കിവെക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

2023 ഏകദിന ലോകകപ്പിലടക്കം അവസാന ലാപ്പില്‍ കാലിടറിയ ഓര്‍മകള്‍ മുറിവില്‍ ഉപ്പുപുരട്ടുമ്പോള്‍ കിരീട നേട്ടം മാത്രമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കുണ്ടാവുക. ഇക്കാരണം കൊണ്ടുതന്നെ ആരാധകര്‍ക്ക് വേണ്ടി വിശ്വകിരീടം മാത്രമാണ് ഹിറ്റ്മാന്‍ ലക്ഷ്യമിടുക.

ഇന്ത്യയുടെ വിജയം മാത്രം ലക്ഷ്യമിടുന്ന രോഹിത്തിനെ ചില വ്യക്തിഗത നേട്ടങ്ങളും ഈ ലോകകപ്പില്‍ കാത്തിരിക്കുന്നുണ്ട്. ഐ.സി.സി ടി-20 ലോകകപ്പില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന വേള്‍ഡ് കപ്പ് റെക്കോഡാണ് ഇതില്‍ പ്രധാനം.

2007 ലോകകപ്പ് മുതല്‍ ഇന്ത്യന്‍ ടി-20 വേള്‍ഡ് കപ്പ് ക്യാമ്പെയനുകളുടെ ഭാഗമായ രോഹിത് 39 മത്സരത്തില്‍ നിന്നും 963 റണ്‍സാണ് നേടിയത്. ഈ ലോകകപ്പില്‍ 37 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ രോഹിത് ശര്‍മക്ക് ഐതിഹാസിക നേട്ടത്തിലെത്താം.

ചിത്രത്തിന് കടപ്പാട് ക്രിക്ട്രാക്കര്‍

അങ്ങനെയെങ്കില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ മൂന്നാമത് മാത്രം താരമെന്ന നേട്ടവും രോഹിത് ശര്‍മയെ തേടിയെത്തും. ലങ്കന്‍ ലെജന്‍ഡ് മഹേല ജയവര്‍ധനെയാണ് ഈ നേട്ടത്തില്‍ ആദ്യമെത്തിയത്. ശേഷം മുന്‍ ഇന്ത്യന്‍ നായകനും ഫ്യൂച്ചര്‍ ലെജന്‍ഡുമായ വിരാട് കോഹ്‌ലിയും ടി-20 ലോകകപ്പില്‍ ഫോര്‍ ഡിജിറ്റ് മാര്‍ക് മറികടന്നു.

നിലവില്‍ ലോകകപ്പില്‍ നിന്നും ഏറ്റവുമധികം റണ്‍സടിച്ച താരങ്ങളുടെ പട്ടികയില്‍ ജയവര്‍ധനെയെ മറികടന്ന് ഒന്നാമനാണ് വിരാട്.

ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – റണ്‍സ് – ഇന്നിങ്സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 1,141 – 25

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 1,016 – 31

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 965 – 31

രോഹിത് ശര്‍മ – ഇന്ത്യ – 963 – 36

തിലകരത്നെ ദില്‍ഷന്‍ – ശ്രീലങ്ക – 897 – 35

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 806 – 34

37കാരനായ രോഹിത് ശര്‍മയുടെ അവസാന വേള്‍ഡ് കപ്പാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ 1,000 റണ്‍സെന്ന ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള താരത്തിന്റെ അവസാന അവസരമാണിത്. ഈ ലോകകപ്പില്‍ ഇതിനായില്ലെങ്കില്‍ ക്രിസ് ഗെയ്‌ലിനെ പോലെ താരത്തിന്റെ ടി-20 വേള്‍ഡ് കപ്പ് കരിയറും അപൂര്‍ണമാകും.

ഇതിന് പുറമെ അന്താരാഷ്ട്ര ടി-20യില്‍ 4,000 റണ്‍സ് എന്ന റെക്കോഡ് നേട്ടവും ഇന്ത്യന്‍ നായകന് മുമ്പിലുണ്ട്. നിലവില്‍ 3,974 റണ്‍സ് സ്വന്തമാക്കിയ രോഹിത്തിന് ലോകകപ്പില്‍ 26 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ നാഴികക്കല്ലിലെത്താം.

ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് ബാറ്റര്‍ എന്ന നേട്ടവും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. വിരാട് കോഹ്‌ലി, പാക് നായകന്‍ ബാബര്‍ അസം എന്നിവര്‍ മാത്രമാണ് അന്താരാഷ്ട്ര ടി-20യില്‍ 4,000 ക്ലബ്ബിലെത്തിയ ബാറ്റര്‍മാര്‍.

 

Content highlight: T20 World Cup 2024: Rohit Sharma need 37 runs to complete 1,000 runs in T20 World Cup