| Wednesday, 5th June 2024, 10:47 pm

ട്രിപ്പിള്‍ റെക്കോഡ് അലേര്‍ട്ട്🚨🚨 ഒറ്റ മത്സരത്തില്‍ നാലായിരവും ആയിരവും അറുന്നൂറും അടിച്ചെടുത്തു; ഒറ്റ് പേര്, രോഹിത് ഗുരുനാഥ് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ടി-20യില്‍ 4,000 റണ്‍സ് മാര്‍ക് പിന്നിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ടി-20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ നടന്ന മത്സരത്തിലാണ് രോഹിത് 4,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്.

ഈ നേട്ടത്തിലെത്തുന്ന മൂന്നാമത് താരമാണ് രോഹിത്. ഇതിന് മുമ്പ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, പാക് നായകന്‍ ബാബര്‍ അസം എന്നിവരാണ് അന്താരാഷ്ട്ര ടി-20യില്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍.

കരിയറിലെ 152ാം മത്സരത്തിലാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. 144 ഇന്നിങ്‌സില്‍ നിന്നും 32.02 ശരാശരിയിലും 139.72 സ്‌ട്രൈക്ക് റേറ്റിലുമാണ് രോഹിത്തിന്റെ വെടിക്കെട്ട്. അഞ്ച് അന്താരാഷ്ട്ര സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയുമാണ് രോഹിത്തിന്റെ ഇന്റര്‍നാഷണല്‍ ടി-20 കരിയറിലുള്ളത്.

ടി-20 ലോകകപ്പില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലും രോഹിത് ഇടം നേടി. അയര്‍ലന്‍ഡിനെതിരെ 37 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് ഹിറ്റ്മാന്‍ വേള്‍ഡ് കപ്പിലെ 1,000 റണ്‍സ് ക്ലബ്ബിലും ഇടം നേടിയത്.

വിരാട് കോഹ്‌ലി, ലങ്കന്‍ ഇതിഹാസ താരം മഹേല ജയവര്‍ധനെ എന്നിവര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് താരമെന്ന നേട്ടമാണ് ഇതോടെ ഹിറ്റ്മാന്റെ പേരില്‍ കുറിക്കപ്പെട്ടത്.

ലോകകപ്പിലെ 40ാം മത്സരത്തിലെ 37ാം ഇന്നിങ്‌സിലാണ് രോഹിത് ചരിത്ര നേട്ടം കുറിച്ചത്. 35.89 ശരാശരിയിലും 127.86 സ്‌ട്രൈക്ക് റേറ്റിലുമാണ് ലോകകപ്പില്‍ രോഹിത് തകര്‍ത്തടിച്ചത്.

അയര്‍ലന്‍ഡിനെതിരെ മൂന്ന് സിക്‌സറുകള്‍ രോഹിത്തിന്റെ ബാറ്റില്‍ നിന്നും പറന്നപ്പോള്‍ മറ്റൊരു റെക്കോഡും പിറവിയെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 600 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന ചരിത്ര നേട്ടമാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്.

രോഹിത്തിനേക്കാള്‍ 50ലധികം ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത ക്രിസ് ഗെയ്‌ലാണ് രണ്ടാം സ്ഥാനത്തുള്ളത്. 553 സിക്‌സറാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഗെയ്ല്‍ സ്വന്തമാക്കിയത്.

അതേസമയം, അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി മികച്ച രീതിയില്‍ ബാറ്റിങ് തുടരവെ രോഹിത് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരിക്കുകയാണ്. 37 പന്തില്‍ നിന്നും 52 റണ്‍സ് നേടി നില്‍ക്കവെയാണ് രോഹിത് പുറത്തായത്.

അതേസമയം, പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 76ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ. 18 പന്തില്‍ 18 റണ്‍സുമായി റിഷബ് പന്തും രോഹിത്തിന് പിന്നാലെ കളത്തിലിറങ്ങിയ സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

അയര്‍ലന്‍ഡ് പ്ലെയിങ് ഇലവന്‍

പോള്‍ സ്‌റ്റെര്‍ലിങ് (ക്യാപ്റ്റന്‍), ആന്‍ഡ്രൂ ബാല്‍ബിര്‍ണി, ലോര്‍കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ടെക്ടര്‍, കര്‍ട്ടിസ് കാംഫര്‍, ജോര്‍ജ് ഡോക്രെല്‍, ഗാരത് ഡെലാനി, മാര്‍ക് അഡയര്‍, ബാരി മക്കാര്‍ത്തി, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.

Content highlight: T20 World Cup 2024: Rohit Sharma create history

We use cookies to give you the best possible experience. Learn more