മഴക്ക് മുമ്പ് എറിഞ്ഞത് ഒറ്റ ഓവര്‍, അത് മതിയായിരുന്നു രോഹിത്തിന് ഷഹീനിന്റെ കരിയര്‍ തിരുത്താന്‍; ഏകദിനത്തില്‍ നേടിയത് ഇപ്പോള്‍ ടി-20യിലും
T20 world cup
മഴക്ക് മുമ്പ് എറിഞ്ഞത് ഒറ്റ ഓവര്‍, അത് മതിയായിരുന്നു രോഹിത്തിന് ഷഹീനിന്റെ കരിയര്‍ തിരുത്താന്‍; ഏകദിനത്തില്‍ നേടിയത് ഇപ്പോള്‍ ടി-20യിലും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 9th June 2024, 9:51 pm

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനാണ് ടി-20 ലോകകപ്പില്‍ കളമൊരുങ്ങുന്നത്. ന്യൂയോര്‍ക്, ഈസ്റ്റ് മെഡോയിലെ നാസു കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് ക്ലാസിക് റൈവല്‍റിയിലെ ഏറ്റവും പുതിയ മത്സരത്തിന് വേദിയാകുന്നത്.

മഴ മൂലം ടോസ് വൈകിയിരുന്നു. മത്സരത്തില്‍ ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മഴക്ക് ശേഷമുള്ള പിച്ചിലെ സാഹചര്യം മുതലെടുക്കാന്‍ സാധിക്കുമെന്നതിനാല്‍ ബൗളിങ് തെരഞ്ഞെടുക്കുകയാണെന്ന് ബാബര്‍ പറഞ്ഞു.

ആദ്യ ഓവര്‍ പന്തെറിയാന്‍ തന്റെ ആവനാഴിയിലെ ഏറ്റവും മൂര്‍ച്ചയേറിയ ഷഹീന്‍ ഷാ അഫ്രിദിയെയാണ് പാക് നായകന്‍ ബാബര്‍ അസം നിയോഗിച്ചത്. ഓവറിലെ ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടിയ രോഹിത് മൂന്നാം പന്തില്‍ ഒരു തകര്‍പ്പന്‍ സിക്‌സറും നേടി.

 

ആദ്യ ഓവറിന് പിന്നാലെ മഴയെത്തിയതോടെ മത്സരം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ആദ്യ ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ എട്ട് എന്ന നിലയില്‍ നില്‍ക്കവെയാണ് മഴയെത്തിയത്.

എന്നാല്‍ ആദ്യ ഓവറില്‍ തന്നെ സിക്‌സര്‍ നേടിയതോടെ പാക് പേസര്‍ ഷഹീനിന്റെ കരിയര്‍ തന്നെ മാറ്റിയെഴുതിയിരിക്കുകയാണ് രോഹിത്. ടി-20 വേള്‍ഡ് കപ്പില്‍ ഇതാദ്യമായാണ് ഷഹീന്‍ അഫ്രിദി ആദ്യ ഓവറില്‍ സിക്‌സര്‍ വഴങ്ങുന്നത്.

ഇതാദ്യമായല്ല രോഹിത് ഷഹീനിനെ ആദ്യ ഓവറില്‍ സിക്‌സറിന് പറത്തുന്നത്. 2023ല്‍ കൊളംബോയില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ രോഹിത് ശര്‍മ ഷഹീന്‍ അഫ്രിദിയുടെ ആദ്യ ഓവറില്‍ സിക്‌സര്‍ നേടിയിരുന്നു. അന്നാദ്യമായാണ് ഷഹീന്‍ ഏകദിനത്തില്‍ ആദ്യ ഓവറില്‍ സിക്‌സര്‍ വഴങ്ങിയത്.

 

അതേസമയം, മഴ മാറി മത്സരം ആരംഭിച്ചപ്പോള്‍ ഇന്ത്യക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. മൂന്ന് പന്തില്‍ നാല് റണ്‍സുമായി വിരാട് കോഹ്‌ലിയെ ഇന്ത്യക്ക് നഷ്ടമായി. നസീം ഷായുടെ പന്തില്‍ ഉസ്മാന്‍ ഖാന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

നിലവില്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ 19 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. ഒമ്പത് പന്തില്‍ 13 റണ്‍സുമായി രോഹിത് ശര്‍മയും ഒരു പന്ത് നേരിട്ട് റണ്‍സെടുക്കാന്‍ സാധിക്കാതെ റിഷബ് പന്തുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ അസം (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖാന്‍, ഫഖര്‍ സമാന്‍, ഷദാബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, ഷഹീന്‍ അഫ്രിദി, നസീം ഷാ, മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ്.

 

 

Content Highlight: T20 World Cup 2024: Rohit Sharma becomes the first batter to hit Shaheen Shah Afridi for a six in the very first over of T20 WC