| Sunday, 9th June 2024, 2:06 am

ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തില്‍ സഞ്ജുവിന് അവസരമുണ്ടാകുമോ? തീരുമാനിച്ചത് ആ സ്ഥാനങ്ങള്‍ മാത്രമെന്ന് രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ സൂപ്പര്‍ സണ്‍ഡേയുടെ ആവേശത്തിലാണ് ആരാധകര്‍. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ക്രിക്കറ്റിലെ തന്നെ ക്ലാസിക് റൈവല്‍റികളിലൊന്നില്‍ തീ പാറുന്ന പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

മത്സരത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. നിലവില്‍ ഓപ്പണര്‍മാരെ മാത്രമാണ് തീരുമാനിച്ചിരിക്കുന്നതെന്നും മറ്റ് താരങ്ങളുടെ ബാറ്റിങ് പൊസിഷനുകളെ കുറിച്ച് തീരുമാനമായിട്ടില്ലെന്നും രോഹിത് പറയുന്നു.

മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.

‘ഓപ്പണര്‍മാര്‍ ഒഴികെ മറ്റ് ബാറ്റര്‍മാരുടെ ബാറ്റിങ് ഓര്‍ഡര്‍ തീരുമാനിച്ചിട്ടില്ല. ബാറ്റിങ് ലൈന്‍ അപ്പില്‍ ഫ്‌ളെക്‌സിബിളാകാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ രോഹിത് പറഞ്ഞു.

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം വിരാട് കോഹ്‌ലി തന്നെയാകും ഇറങ്ങുക. എന്നാല്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണ് സ്ഥാനമുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വിക്കറ്റ് കീപ്പറായി റിഷബ് പന്തിനെ ഉള്‍പ്പെടുത്തിയാലും സഞ്ജുവിന്റെ ബാറ്റിങ് ഇന്ത്യ ഉപയോഗപ്പെടുത്തണമെന്നാണ് ഇവര്‍ പറയുന്നത്. സഞ്ജു മികച്ച ഫീല്‍ഡര്‍ ആണെന്ന കാര്യവും ആരാധകര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

2024 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ പാകിസ്ഥാനെതിരെയും വിജയം തുടരാനാണ് ഒരുങ്ങുന്നത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോഴെല്ലാം ഒരു തവണയൊഴികെ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 2021ല്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് മേല്‍ പടുകൂറ്റന്‍ വിജയം നേടിയിരുന്നു.

എന്നാല്‍ ലോകകപ്പിലെ ആദ്യ മത്സരം പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ പടയൊരുക്കം നടത്തുന്നത്. ആദ്യ മത്സരത്തില്‍ അമേരിക്കയാണ് പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. സൂപ്പര്‍ ഓവറിലാണ് യു.എസ്.എ വിജയിച്ചുകയറിയത്.

അമേരിക്കയോട് പരാജയപ്പെട്ടതിന്റെ നിരാശ മറക്കാനും ലോകകപ്പ് സാധ്യതകള്‍ സജീവമായി നിലനിര്‍ത്താനും ഇന്ത്യക്കെതിരെ ബാബറിനും സംഘത്തിനും വിജയം അനിവാര്യമാണ്.

 ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

പാകിസ്ഥാന്‍ സ്‌ക്വാഡ്

ബാബര്‍ അസം (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, അസം ഖാന്‍, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, സയിം അയ്യൂബ്, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രിദി, ഉസ്മാന്‍ ഖാന്‍.

Content highlight: T20 World Cup 2024: Rohit Sharma about India’s playing eleven against Pakistan

We use cookies to give you the best possible experience. Learn more