| Thursday, 13th June 2024, 9:00 pm

ബുംറക്ക് മുമ്പ് ഇന്ത്യക്ക് അങ്ങനെ ഒരാളുണ്ടായിരുന്നില്ല; അങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ പേസര്‍മാരുടെ കരുത്തിലാണ് ഇന്ത്യ മത്സരങ്ങള്‍ വിജയിച്ചുകൊണ്ടിരിക്കുന്നത്. കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച് ഇന്ത്യ സൂപ്പര്‍ എട്ടിന് യോഗ്യത നേടിയപ്പോള്‍ പേസര്‍മാരാണ് മൂന്ന് മത്സരത്തിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്.

അയര്‍ലന്‍ഡിനും പാകിസ്ഥാനുമെതിരെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിയിലെ താരമായപ്പോള്‍ അമേരിക്കക്കെതിരെ അര്‍ഷ്ദീപ് സിങ്ങാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്.

ഒന്നിന് പിന്നാലെ ഒന്നായി മികച്ച പ്രകടനത്തിന് പിന്നാലെ ബുംറയെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി. ബുംറക്ക് മുമ്പ് മൂന്ന് ഫോര്‍മാറ്റിലും ഇത്ര മികച്ച രീതിയില്‍ പന്തെറിഞ്ഞ മറ്റൊരു താരമുണ്ടായിരുന്നില്ല എന്നാണ് ശാസ്ത്രി പറയുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ശാസ്ത്രി ഇന്ത്യയുടെ എക്കാലത്തെയും മികച്ച വലംകയ്യന്‍ പേസറെ പുകഴ്ത്തിയത്.

‘ബുംറയുടെ വരവിന് മുമ്പ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയിരുന്ന ഒരു പേസര്‍ ഇന്ത്യക്ക് ഉണ്ടായിരുന്നില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റും ടെസ്റ്റ് ഫോര്‍മാറ്റും അടക്കി ഭരിക്കുന്ന ഒരു സീമര്‍ ഉണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ ബുംറ അത് ചെയ്തു കാണിച്ചു.

അവനെ ഡോമിനേറ്റ് ചെയ്ത ഏതെങ്കിലും ബാറ്റര്‍ ഉണ്ടോ എന്നത് തന്നെ സംശയമാണ്. എതിരാളികളെ എങ്ങനെ പുറത്താക്കണമെന്ന് അവന് കൃത്യമായി അറിയാം. ബുംറ ഇപ്പോള്‍ അവന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളിലാണ്,’ ശാസ്ത്രി പറഞ്ഞു.

ചര്‍ച്ചയ്ക്കിടെ ഹര്‍ഭജന്‍ സിങ്ങും താരത്തെ പുകഴ്ത്തിയിരുന്നു.

‘ജസ്പ്രീത് ബുംറ മോഡേണ്‍ ഡേ ഗ്രേറ്റാണ്. ഗ്ലെന്‍ മഗ്രാത്തും ലസിത് മലിംഗയും ഫോര്‍മാറ്റുകളെ ഡോമിനേറ്റ് ചെയ്യുന്നത് നമ്മള്‍ കണ്ടതാണ്. ബുംറയും ഇപ്പോള്‍ അതേ ഇംപാക്ടാണ് ഉണ്ടാക്കുന്നത്,’ ഭാജി പറഞ്ഞു,

പാകിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ ഇതിഹാസ താരം വസീം അക്രവും ബുംറയെ പ്രശംസിച്ചിരുന്നു. സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അക്രം ബുംറയെ പ്രശംസിച്ചത്.

‘നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ ആരാണെന്ന് പരിശോധിക്കുമ്പോള്‍, ടെസ്റ്റിലോ വൈറ്റ് ബോള്‍ ഫോര്‍മാറ്റായ ടി-20യിലോ ഏകദിനത്തിലോ എടുത്ത് പരിശോധിക്കുകയാണെങ്കിലും മൂന്നിലും ഒരാളുടെ പേര് മാത്രമേ ഉണ്ടാകൂ, അത് ജസ്പ്രീത് ബുംറയുടേതാണ്.

അവന്റെ ബൗളിങ്ങിനെ കുറിച്ച് പറയുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ നടന്ന ഏഷ്യാ കപ്പിലും, ശേഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലും അവന്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്.

അവന്‍ രണ്ട് വശത്തേക്കും പന്ത് അനായാസമായാണ് സ്വിങ് ചെയ്യുന്നത്. അവന്റെ യോര്‍ക്കറും വളരെ മികച്ചതാണ്. മികച്ച പേസ്, മികച്ച വേരിയേഷനുകള്‍, എല്ലാം മികച്ചതാണ്. അവനൊരു കംപ്ലീറ്റ് ബൗളറാണ്,’ വസീം അക്രം പറഞ്ഞു.

Content highlight: T20 World Cup 2024: Ravi Shasthri praises Jasprit Bumrah

We use cookies to give you the best possible experience. Learn more