| Friday, 14th June 2024, 7:05 pm

ഇത് ദുബായ് ജോസല്ല, അടിച്ച് കയറി വന്നത് സഞ്ജുവിന്റെ ജയ്പൂര്‍ ജോസ്; വീഡിയോ പങ്കുവെച്ച് രാജസ്ഥാന്‍ റോയല്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ഒമാനെതിരെ പടുകൂറ്റന്‍ ജയം സ്വന്തമാക്കിയതിന് പിന്നാലെ ഇംഗ്ലണ്ട് സൂപ്പര്‍ 8 സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.

101 പന്ത് ശേഷിക്കവെയാണ് ഒമാന്‍ ഉയര്‍ത്തിയ 48 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടന്നത്. ശേഷിക്കുന്ന പന്തുകളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും വലിയ വിജയമാണിത്.

ഒമാനെതിരായ വിജയത്തിന് പിന്നാലെ ജോസ് ബട്‌ലറിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഈയിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായ ജലോത്സവം എന്ന ചിത്രത്തിലെ റിയാസ് ഖാന്‍ അതരിപ്പിച്ച ദുബായ് ജോസ് എന്ന കഥാപാത്രത്തിനൊപ്പം ചേര്‍ത്താണ് രാജസ്ഥാന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ദുബായ് ജോസിന്റെ ദേഹത്ത് ജയ്പൂര്‍ ജോസിന്റെ തല വെട്ടി ഒട്ടിച്ചാണ് രാജസ്ഥാന്‍ വീഡിയോ ഒരുക്കിയിരക്കുന്നത്. തരംഗമായ ‘അടിച്ച് കയറി വാ’ എന്ന ഡയലോഗ് പറയുമ്പോള്‍ ബട്‌ലര്‍ പ്രാക്ടീസ് ചെയ്യുന്ന ഭാഗങ്ങളും വീഡിയോയുടെ ഭാഗമാക്കിയിട്ടുണ്ട്.

മത്സരത്തില്‍ ടോസ് നേടി ഇംഗ്ലണ്ട് എതിരാളികളെ ബാറ്റിങ്ങിനക്കുകയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ ബൗളിങ് നിരയ്ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ ഒമാന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. ഒരേയൊരു ഒമാന്‍ താരത്തിന് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്. 23 പന്തില്‍ 11 റണ്‍സ് നേടിയ ഷോയ്ബ് ഖാനാണ് ടോപ് സ്‌കോറര്‍.

ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാല് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ഫില്‍ സോള്‍ട്ട് ആദ്യ രണ്ട് പന്തിലും സിക്‌സറടിച്ചെങ്കിലും മൂന്നാം പന്തില്‍ പുറത്തായി. ഏഴ് പന്തില്‍ അഞ്ച് റണ്‍സ് നേടിയ വില്‍ ജാക്‌സിനെയും ഒമാന്‍ മടക്കിയെങ്കിലും ജോസ് ബട്‌ലറിന് മുമ്പില്‍ അവര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.

നാല് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം എട്ട് പന്തില്‍ പുറത്താകാതെ 24 റണ്‍സാണ് ബട്‌ലര്‍ സ്വന്തമാക്കിയത്. രണ്ട് പന്തില്‍ രണ്ട് ബൗണ്ടറിയുമായി ജോണി ബെയര്‍സ്‌റ്റോയും പുറത്താകാതെ നിന്നു.

ഇതോടെ ടി-20 ലോകകപ്പില്‍ താരം ഒരു തകര്‍പ്പന്‍ നേട്ടവും ബട്‌ലര്‍ തന്റെ പേരിലെഴുതിച്ചേര്‍ത്തിരുന്നു. ലോകകപ്പില്‍ ഏറ്റവും മികച്ച ശരാശരിയില്‍ ബാറ്റ് വീശുന്ന മൂന്നാമത് താരമെന്ന റെക്കോഡാണ് ബട്‌ലര്‍ സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് പട്ടികയില്‍ ഒന്നാമന്‍

ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരി

(താരം – ടീം – ഇന്നിങ്സ് – റണ്‍സ് – ശരാശരി – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 28 – 1146 – 67.4 – 131

കെവിന്‍ പീറ്റേഴ്സന്‍- ഇംഗ്ലണ്ട് – 15 – 580 – 44.6 – 148

ജോസ് ബട്‌ലര്‍ – സൗത്ത് ആഫ്രിക്ക – 28 – 841 – 42.1 – 145

ജീന്‍ പോള്‍ ഡുമിനി- സൗത്ത് ആഫ്രിക്ക – 23 – 586 – 40.6 – 130

ഈ വിജയത്തോടെ ഗ്രൂപ്പ് ബി-യില്‍ മൂന്നാം സ്ഥാനത്തെത്താനും ഇംഗ്ലണ്ടിനായി. ഇതോടെ ഗ്രൂപ്പില്‍ നിന്നും രണ്ടാമതായി സൂപ്പര്‍ 8ല്‍ പ്രവേശിക്കുന്ന ടീം ഏതാകുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

രണ്ടാമതുള്ള സ്‌കോട്‌ലാന്‍ഡിന് മൂന്ന് മത്സരത്തില്‍ നിന്നും അഞ്ച് പോയിന്റാണ് ഉള്ളത്. മൂന്ന് മത്സരത്തില്‍ നിന്നും മൂന്ന് പോയിന്റാണ് ഇംഗ്ലണ്ടിന്റെ സമ്പാദ്യം. എന്നാല്‍ സ്‌കോട്‌ലാന്‍ഡിനേക്കാള്‍ നെറ്റ് റണ്‍ റേറ്റ് ഇംഗ്ലണ്ടിനുണ്ട്. ഇതോടെ ഇരുവരുടെയും അവസാന മത്സരമാകും ഗ്രൂപ്പ് ബി-യില്‍ നിന്നും യോഗ്യത നേടുന്ന രണ്ടാമത് ടീമിനെ തീരുമാനിക്കുക.

അവസാന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡ് പരാജയപ്പെടുകയും ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്താല്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് സൂപ്പര്‍ 8 യോഗ്യതയുറപ്പിക്കാം. എന്നാല്‍ സ്‌കോട്‌ലാന്‍ഡ് വിജയിക്കുകയോ മത്സരം മഴ മൂലം ഉപേക്ഷിക്കുകയോ ചെയ്താല്‍ ഇംഗ്ലണ്ടിന്റെ യാത്ര അവസാനിക്കും. ഇംഗ്ലണ്ടിന്റെ മത്സരം മഴയെടുത്താല്‍ സ്‌കോട്‌ലാന്‍ഡിന് യോഗ്യത നേടാം.

ജൂണ്‍ 15നാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്നത്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നമീബിയ ആണ് എതിരാളികള്‍.

ജൂണ്‍ 16നാണ് സ്‌കോട്‌ലാന്‍ഡിന്റെ അടുത്ത മത്സരം. ഗ്രൂപ്പ് ബി-യില്‍ നിന്നും സൂപ്പര്‍ എട്ടിന് യോഗ്യത നേടിയ ഓസ്‌ട്രേലിയ ആണ് എതിരാളികള്‍.

Content highlight:T20 World Cup 2024: Rajasthan Royals shared Jos Buttler’s video

We use cookies to give you the best possible experience. Learn more