ടി-20 ലോകകപ്പില്‍ അപ്ഗാനിസ്ഥാന്‍ വീണ്ടും തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. ആദ്യ മത്സരത്തില്‍ അസോസിയേറ്റ് രാജ്യമായ ഉഗാണ്ടയെ തകര്‍ത്തെറിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ അടിത്തറയിളക്കിയാണ് വിജയം സ്വന്തമാക്കിയത്.
ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 84 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് അഫ്ഗാന്‍ നേടിയത്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡ് 15.2 ഓവറില്‍ വെറും 75 റണ്‍സിന് ഓള്‍ ഔട്ടായി.
𝐀𝐟𝐠𝐡𝐚𝐧𝐢𝐬𝐭𝐚𝐧 𝐖𝐢𝐧! 🙌#AfghanAtalan put on a comprehensive all-round performance to beat @BLACKCAPS by 84 runs and register 2nd successive victory in the #T20WorldCup. 🤩
— Afghanistan Cricket Board (@ACBofficials) June 8, 2024
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 56 പന്ത് നേരിട്ട് അഞ്ച് വീതം സിക്‌സറും ബൗണ്ടറിയും അടക്കം 80 റണ്‍സാണ് താരം നേടിയത്.
ഗുര്‍ബാസിന് പുറമെ ആദ്യ വിക്കറ്റില്‍ ഇബ്രാഹിം സദ്രാനും തകര്‍ത്തടിച്ചു. 41 പന്തില്‍ 44 റണ്‍സാണ് താരം നേടിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 13 പന്തില്‍ 22 റണ്‍സ് നേടിയ അസ്മത്തുള്ള ഒമര്‍സായ്‌യും സ്‌കോറിങ്ങില്‍ തുണയായി.
— Afghanistan Cricket Board (@ACBofficials) June 8, 2024
കിവീസിനായി ട്രെന്റ് ബോള്‍ട്ടും മാറ്റ് ഹെന്‌റിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍ ഒരു അഫ്ഗാന്‍ ബാറ്ററെയും മടക്കി.
160 റണ്‍സിന്റെ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിന് തൊട്ടതെല്ലാം പിഴച്ചു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഫിന്‍ അലനെ നഷ്ടമായ കിവികള്‍ക്ക് 16ാം ഓവറിലെ രണ്ടാം പന്തില്‍ ടീം സ്‌കോര്‍ 75ല്‍ നില്‍ക്കവെ അവസാന വിക്കറ്റായി മാറ്റ് ഹെന്‌റിയെയും നഷ്ടമായി.
അഫ്ഗാനിസ്ഥാനായി ക്യാപ്റ്റന്‍ റാഷിദ് ഖാനും ഫസലാഖ് ഫാറൂഖിയും നാല് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് നബിയാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റും പിഴുതെറിഞ്ഞത്.
ഈ വെടിക്കെട്ട് ഇന്നിങ്‌സിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് അഫ്ഗാന്‍ വിക്കറ്റ് കീപ്പറെ തേടിയെത്തിയത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ട് തവണ എതിര്‍ ടീം നേടിയതിനേക്കാള്‍ റണ്‍സ് ഒറ്റയ്ക്ക് നേടിയ താരമെന്ന നേട്ടമാണ് ഗുര്‍ബാസ് സ്വന്തമാക്കിയത്.
ഈ ലോകകപ്പില്‍ തന്നെയാണ് ഗുര്‍ബാസ് ആദ്യമായി എതിരാളികളെക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയതെന്നതും ശ്രദ്ധേയമാണ്. ഗ്രൂപ്പ് സി-യില്‍ ഉഗാണ്ടക്കെതിരെ നടന്ന ആദ്യ മത്സരത്തിലാണ് താരം മികച്ച ബാറ്റിങ് പുറത്തെടുത്തത്.
ഉഗാണ്ടക്കെതിരായ മത്സരത്തില്‍ ഗുര്‍ബാസ് അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 45 പന്തില്‍ 76 റണ്‍സാണ് താരം നേടിയത്. കിവികള്‍ക്കെതിരായ മത്സരത്തിലേതെന്ന പോലെ സദ്രാന്‍-ഗുര്‍ബാസ് കൂട്ടുകെട്ടില്‍ തന്നെയാണ് അഫ്ഗാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ 183 റണ്‍സ് നേടിയപ്പോള്‍ ഉഗാണ്ട 58ന് ഓള്‍ ഔട്ടായി. അതായത് ഗുര്‍ബാസ് നേടിയതിനേക്കാള്‍ 18 റണ്‍സ് കുറവ്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ചതിന് പിന്നാലെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് അഫ്ഗാന്‍. ജൂണ്‍ 14നാണ് ടീമിന്റെ അടുത്ത മത്സരം. ബ്രയാന്‍ ലാറ അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ പപ്പുവ ന്യൂ ഗിനിയാണ് എതിരാളികള്‍.
Content Highlight: T20 World Cup 2024:Rahmanullah Gurbaz becomes the first player to outscore the opponents twice in T20 World Cup.