| Tuesday, 18th June 2024, 10:55 pm

ബാറ്റര്‍മാരുടെ ശവപ്പറമ്പില്‍ പിറന്ന 85 ഡക്ക്, ആരാധകര്‍ പോലും വെറുത്തുപോയ നിമിഷങ്ങള്‍; ഈ ലോകകപ്പില്‍ മാത്രം കാണാന്‍ സാധിക്കുന്നത്

സ്പോര്‍ട്സ് ഡെസ്‌ക്

ബാറ്റര്‍മാരുടെ ശവപ്പറമ്പായിരുന്നു 2024 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം. റണ്‍ വഴങ്ങാന്‍ അമേരിക്കയിലെ പിച്ചുകള്‍ മടിച്ചപ്പോള്‍ ഈ ലോകകപ്പ് ഒരു വേള ആരാധകര്‍ക്കും വിരസമായി തോന്നിയിരുന്നു. പല ഡൈഹാര്‍ഡ് ടി-20 ആരാധകര്‍ പോലും ചത്ത പിച്ചുകളെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ടി-20 ഫോര്‍മാറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ആക്രമണോത്സുക ക്രിക്കറ്റ് തന്നെയാണ്. എന്നാല്‍ അമേരിക്കന്‍ പിച്ചുകള്‍ ബാറ്റര്‍മാരെ ആക്രമിക്കാന്‍ അനുവദിക്കാതെ തളച്ചിട്ടു. അതേസമയം, പിച്ച് ബൗളര്‍മാരെ കയ്യയച്ച് സഹായിക്കുകയും ചെയ്തു.

ടി-20 ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ മോശം ബാറ്റിങ് സ്റ്റാറ്റുകളില്‍ ചിലത് പിറന്നതും ഇതേ ലോകകപ്പിലാണ്. ഏറ്റവും കൂടുതല്‍ തവണ നൂറില്‍ താഴെ റണ്‍സ് പിറന്ന മത്സരങ്ങള്‍ മുതല്‍ ഒരു ഇന്നിങ്‌സിലെ ഏറ്റവുമധികം മെയ്ഡന്‍ ഓവറുകളുടെ റെക്കോഡ് വരെയെത്തി നില്‍ക്കുന്നതാണ് ഈ ലോകകപ്പിലെ മത്സരങ്ങള്‍.

2024 ടി-20 ലോകകപ്പ് ഇതുവരെ,

ഏറ്റവും മോശം ബാറ്റിങ് ശരാശരി – 17.80

ഏറ്റവും മോശം റണ്‍ റേറ്റ് – 6.71

ഏറ്റവും ചെറിയ ടോട്ടല്‍ – 39 (ഉഗാണ്ട)

ഏറ്റവുമധികം തവണ നൂറില്‍ താഴെ റണ്‍സ് പിറന്ന മത്സരങ്ങള്‍ – 12

ഡിഫന്‍ഡ് ചെയ്ത ഏറ്റവും ചെറിയ ടോട്ടല്‍ – 106 (ബംഗ്ലാദേശ്)

ഏറ്റവുമധികം മെയ്ഡന്‍ – 4 (ലോക്കി ഫെര്‍ഗൂസന്‍)

ഒരി മത്സരത്തില്‍ ഏറ്റവുമധികം മെയ്ഡനുകള്‍ – ന്യൂസിലാന്‍ഡ് (പപ്പുവ ന്യൂ ഗിനിക്കെതിരെ)

ഏറ്റവും മോശം ബാറ്റിങ് സ്‌ട്രൈക്ക് റേറ്റ് – 103.66

ഏറ്റവുമധികം ഡക്ക് – 85

അതേസമയം, സൂപ്പര്‍ 8 മത്സരങ്ങളെല്ലാം തന്നെ വെസ്റ്റ് ഇന്‍ഡീസിലെ സ്റ്റേഡിയത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ മത്സരങ്ങളില്‍ റണ്‍സ് പിറക്കുമെന്നും പിച്ച് ബാറ്റര്‍മാരെ തുണയ്ക്കുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യയും യു.എസ്.എയും സൂപ്പര്‍ 8ലേക്ക് കുതിച്ചപ്പോള്‍ ബി-യില്‍ നിന്ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഗ്രൂപ്പ് സി-യില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസും അഫ്ഗാനിസ്ഥാനും മുമ്പോട്ട് കുതിച്ചു. സൗത്ത് ആഫ്രിക്കയും ബംഗ്ലാദേശുമാണ് ഗ്രൂപ്പ് ഡി-യില്‍ നിന്നും സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചത്.

സൂപ്പര്‍ 8 ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ: ഇന്ത്യ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍

ഗ്രൂപ്പ് ബി: വെസ്റ്റ് ഇന്‍ഡീസ്, യു.എസ്.എ, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്.

ഓരോ ടീമുകള്‍ക്കും മൂന്ന് മത്സരം വീതമാണ് സൂപ്പര്‍ 8ല്‍ കളിക്കാനുണ്ടാവുക. ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവുമധികം പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും.

സ്റ്റാറ്റുകള്‍: ക്രിക്കറ്റ് ഗള്ളി

Content highlight: T20 World Cup 2024: Poor stats of batters

We use cookies to give you the best possible experience. Learn more