| Thursday, 13th June 2024, 9:36 pm

അയര്‍ലന്‍ഡിനെതിരായ മത്സരത്തിന് മുമ്പ് തന്നെ പാകിസ്ഥാന്‍ പുറത്തായേക്കും; റണ്ണേഴ്‌സ് അപ്പ് ഗ്രൂപ്പ് കടക്കില്ലേ?

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ പാകിസ്ഥാന്റെ പ്രകടനത്തില്‍ ആരാധകര്‍ ഏറെ നിരാശരാണ്. ഇതുവരെ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും പരാജയപ്പെട്ട് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ മൂന്നാം സ്ഥാനത്താണ്. അയര്‍ലന്‍ഡിനെതിരായ അവസാന മത്സരമാണ് ഇനി പാകിസ്ഥാന് മുമ്പിലുള്ള ഏക പ്രതീക്ഷ

ആദ്യ മത്സരത്തില്‍ യു.എസ്.എക്കെതിരെ ഞെട്ടിക്കുന്ന പരാജയമാണ് പാകിസ്ഥാന് നേരിടേണ്ടി വന്നത്. സൂപ്പര്‍ ഓവറിലായിരുന്നു ബാബറും സംഘവും അടിയറവ് പറഞ്ഞത്. ഇന്ത്യക്കെതിരെ നടന്ന രണ്ടാം മത്സരത്തിലാകട്ടെ വിജയമുറപ്പിച്ചതിന് പിന്നാലെയാണ് ടീം പരാജയത്തിലേക്ക് വഴുതി വീണത്.

കാനഡക്കെതിരായ മൂന്നാം മത്സരത്തില്‍ മാത്രമാണ് പാകിസ്ഥാന് ഇതുവരെ വിജയിക്കാന്‍ സാധിച്ചത്. ബാറ്റിങ് ദുഷ്‌കരമായ ന്യൂയോര്‍ക്കിലെ പിച്ചില്‍ ഏറെ വിയര്‍ത്താണ് നിലവിലെ റണ്ണേഴ്‌സ് അപ് വിജയം സ്വന്തമാക്കിയത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യക്കും യു.എസ്.എക്കും ശേഷം മൂന്നാം സ്ഥാനത്താണ് പാകിസ്ഥാന്‍. ഗ്രൂപ്പ് എ-യില്‍ നിന്ന് ഇതിനോടകം ഇന്ത്യ സൂപ്പര്‍ എട്ടിന് യോഗ്യത നേടിയിട്ടുണ്ട്. യു.എസ്.എയോ പാകിസ്ഥാനോ ആകും രണ്ടാമതായി മുമ്പോട്ട് കുതിക്കുക.

യു.എസ്.എക്ക് മൂന്ന് മത്സരത്തില്‍ നിന്നും നാല് പോയിന്റ് ഉണ്ടെങ്കിലും പാകിസ്ഥാനെക്കാള്‍ റണ്‍ റേറ്റ് കുറവാണ്. ഈ സാഹചര്യത്തില്‍ അയര്‍ലന്‍ഡിനെതിരെ മികച്ച വിജയം നേടി മുമ്പോട്ട് കുതിക്കാനാണ് പാകിസ്ഥാന്‍ ഒരുങ്ങുന്നത്.

ജൂണ്‍ 16നാണ് പാകിസ്ഥാന്‍ അയര്‍ലന്‍ഡിനെ നേരിടുന്നത്. സെന്‍ട്രല്‍ ബ്രാവാര്‍ഡ് റീജ്യണല്‍ പാര്‍ക്കാണ് വേദി.

ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന പാകിസ്ഥാന്റെ അയര്‍ലന്‍ഡ് പര്യടനത്തില്‍ പരമ്പര സ്വന്തമാക്കാന്‍ ബാബറിനും സംഘത്തിനും സാധിച്ചിരുന്നെങ്കിലും പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടീം പരാജയപ്പെട്ടിരുന്നു. സ്റ്റെര്‍ലിങ്ങും സംഘവും ഈ പ്രകടനം വീണ്ടും ആവര്‍ത്തിച്ചാല്‍ അത് പാകിസ്ഥാന് തിരിച്ചടിയാകും.

എന്നാല്‍ ഈ മത്സരത്തിന് മുമ്പ് തന്നെ പാകിസ്ഥാന് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകാനുള്ള സാധ്യതകളും ഉണ്ട്. ജൂണ്‍ 14ന് നടക്കുന്ന യു.എസ്.എ – അയര്‍ലാന്‍ഡ് മത്സരത്തില്‍ മോനാങ്ക് പട്ടേലിന്റെ അമേരിക്കന്‍ പട വിജയം സ്വന്തമാക്കിയാല്‍ പാകിസ്ഥാന് തിരികെ ലാഹോറിലേക്ക് വിമാനം കയറാനുള്ള വഴിയൊരുങ്ങും.

നിലവില്‍ മൂന്ന് മത്സരത്തില്‍ നിന്നും നാല് പോയിന്റുള്ള യു.എസ്.എ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയാല്‍ അവര്‍ക്ക് ആറ് പോയിന്റ് ലഭിക്കും. അങ്ങനെ സംഭവിച്ചാല്‍ പാകിസ്ഥാന്‍ – അയര്‍ലന്‍ഡ് മത്സരത്തിന് പ്രസക്തിയില്ലാതാകും.

യു.എസ്.എയെ അയര്‍ലന്‍ഡ് പരാജയപ്പെടുത്തിയാലും കാര്യങ്ങള്‍ അവിടെ അവസാനിക്കുന്നില്ല, പാകിസ്ഥാന്‍ മുമ്പോട്ട് കുതിക്കാന്‍ പ്രകൃതി കൂടി കനിയണം. മത്സരം മഴയെടുത്താല്‍ പോയിന്റ് പങ്കുെക്കപ്പെടുകയും പാകിസ്ഥാന് ഒരു പോയിന്റ് മാത്രം ലഭിക്കുകയും ചെയ്യും. ഇതോടെ നാല് പോയിന്റുള്ള യു.എസ്.എ തന്നെ മുമ്പോട്ട് കുതിക്കും.

എന്നാല്‍ അയര്‍ലന്‍ഡിന്റെ രണ്ട് മത്സരങ്ങളും പാകിസ്ഥാന് അനുകൂലമായി വന്നാല്‍ നെറ്റ് റണ്‍ റേറ്റാവും ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരെ തീരുമാനിക്കുക.

Content Highlight: T20 World Cup 2024: Pakistan’s Super 8  chances

We use cookies to give you the best possible experience. Learn more