2024 ടി-20 ലോകകപ്പിലെ 11ാം മത്സരത്തില്‍ പാകിസ്ഥാന്‍ ആതിഥേയരായ യു.എസ്.എയെ നേരിടുകയാണ്. ഡാല്ലസ് ടെക്‌സസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയമാവര്‍ത്തിക്കാനാണ് യു.എസ്.എ ഒരുങ്ങുന്നത്. അതേസമയം, ആദ്യ മത്സരത്തില്‍ വിജയിച്ച് വേള്‍ഡ് കപ്പ് ക്യാമ്പെയ്ന്‍ മികച്ച രീതിയില്‍ ആരംഭിക്കാനാണ് പാകിസ്ഥാന്‍ കണക്കുകൂട്ടുന്നത്.
മത്സരത്തില്‍ ടോസ് നേടിയ യു.എസ്.എ നായകന്‍ മോനങ്ക് പട്ടേല്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
പ്രതീക്ഷിച്ച തുടക്കമല്ല പാകിസ്ഥാന് ലഭിച്ചത്. ആദ്യ ഓവറില്‍ ഒരു സിക്‌സറടക്കം ഒമ്പത് റണ്‍സടിച്ചെങ്കിലും രണ്ടാം ഓവറില്‍ പാകിസ്ഥാന് പിഴച്ചു. ഓവറിലെ രണ്ടാം പന്തില്‍ പാകിസ്ഥാന്റെ വെടിക്കെട്ട് വീരന്‍ മുഹമ്മദ് റിസ്വാന്‍ പുറത്തായി.
സൂപ്പര്‍ പേസര്‍ സൗരഭ് നേത്രാവല്‍കര്‍ എറിഞ്ഞ ഹാര്‍ഡ് ലെങ്ത് ഡെലിവെറിയില്‍ ബാറ്റ് വെച്ച റിസ്വാന് പിഴച്ചു. ഫസ്റ്റ് സ്ലിപ്പില്‍ നിതീഷ് കുമാറിന്റെ കൈകളിലൊതുങ്ങി പുറത്തായി. നിതീഷിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ കമന്റേറ്റര്‍മാര്‍ പോലും അമ്പരന്നിരുന്നു.
മുമ്പ് ഇന്ത്യക്കായി അണ്ടര്‍ 19 ലോകകപ്പ് കളിച്ച താരമാണ് സൗരഭ് നേത്രാവല്‍ക്കര്‍. അശോക് മനേരിയയുടെ നേതൃത്വത്തിലിറങ്ങിയ 2010 അണ്ടര്‍ 19 ലോകകപ്പ് സ്‌ക്വാഡിലാണ് താരം ഇടം നേടിയത്. ആറ് മത്സരത്തില്‍ നിന്നും ഒമ്പത് വിക്കറ്റ് നേടിയ ഇടം കയ്യന്‍ പേസര്‍ തന്നെയായിരുന്നു ഇന്ത്യയുടെ ലീഡിങ് വിക്കറ്റ് ടേക്കര്‍.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 46ന് മൂന്ന് എന്ന നിലയിലാണ്. 23 പന്തില്‍ ഒമ്പത് റണ്‍സുമായി ക്യാപ്റ്റന്‍ ബാബര്‍ അസവും 13 പന്തില്‍ ഒമ്പത് റണ്‍സുമായി ഷദാബ് ഖാനുമാണ് ക്രീസില്‍.
റിസ്വാന് പുറമെ ഉസ്മാന്‍ ഖാന്‍, ഫഖര്‍ സമാന്‍ എന്നിവരുടെ വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്.
പാകിസ്ഥാന്‍ സ്‌ക്വാഡ്
മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ അസം (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖാന്‍, ഫഖര്‍ സമാന്‍, ഷദാബ് ഖാന്‍, അസം ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷഹീന്‍ അഫ്രിദി, നസീം ഷാ, മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ്.