| Wednesday, 5th June 2024, 7:05 pm

ഓസ്‌ട്രേലിയക്ക് മികച്ച താരങ്ങളില്ല, അതേ പിച്ച് തന്നെയാണെങ്കില്‍ ഞങ്ങള്‍ ഭീഷണിയാകും; മുന്നറിയിപ്പുമായി ഒമാന്‍ ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ ഓസ്‌ട്രേലിയ – ഒമാന്‍ മത്സരത്തിന് മുന്നോടിയായി കങ്കാരുക്കള്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ നായകന്‍ ആഖിബ് ഇല്യാസ്. ഗ്രൂപ്പ് ബി-യില്‍ ജൂണ്‍ ആറിനാണ് ഓസ്‌ട്രേലിയ – ഒമാന്‍ മത്സരം അരങ്ങേറുന്നത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലാണ് വേദി.

പണ്ടുള്ളതുപോലെ മികച്ച ടെക്‌നിക്കുള്ള താരങ്ങള്‍ ഓസ്‌ട്രേലിയക്ക് നിലവില്‍ ഇല്ലെന്നും നമീബിയക്കെതിരെ നടന്ന മത്സരത്തിലേതിന് സമാനമായ പിച്ചാണ് ലഭിക്കുന്നതെങ്കില്‍ ഓസ്‌ട്രേലിയക്ക് ഭീഷണിയാകാന്‍ ഒമാന് സാധിക്കുമെന്നും ഇല്യാസ് പറഞ്ഞു.

നമീബിയക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ഒമാന്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ മത്സരത്തില്‍ ടീമിന്റെ സ്പിന്നര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് ഓസ്‌ട്രേലിയക്കെതിരെയും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

‘കഴിഞ്ഞ മത്സരത്തില്‍ പന്ത് എത്രത്തോളം മികച്ച രീതിയില്‍ ടേണ്‍ ചെയ്‌തെന്നും താഴ്ന്ന് തന്നെ സഞ്ചരിച്ചുവെന്നും നിങ്ങള്‍ കണ്ടതല്ലേ.

സ്റ്റീവ് സ്മിത്തിനെയും മാര്‍നസ് ലബുഷാനെയും പോലെ മികച്ച ടെക്‌നിക്കുള്ള ബാറ്റര്‍മാര്‍ ഓസ്‌ട്രേലിയക്ക് മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. അവര്‍ ഓരോ പന്തും അടിച്ചുപറത്താനാണ് ശ്രമിക്കുന്നത്. അവര്‍ സിക്‌സറുകള്‍ മാത്രമാണ് ലക്ഷ്യമിടുന്നത്.

നമീബിയക്കെതിരായ മത്സരത്തില്‍ ലഭിച്ചതിന് സമാനമായ പിച്ച് ഞങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ അത് ഓസ്‌ട്രേലിയക്ക് വലിയ പ്രശ്‌നം തന്നെയായി മാറിയേക്കാം.

മികച്ച സ്പിന്നര്‍മാരുള്ള ഞങ്ങള്‍ സ്ലോ പിച്ചില്‍ മികച്ച മനോഭാവത്തോടെ കളിക്കുകയാണ് വേണ്ടത്. കൃത്യമായ സ്ഥലങ്ങളില്‍ പിച്ച് ചെയ്യിക്കുകയാണ് വേണ്ടത്.

കാരണം എതിരെ നില്‍ക്കുന്നത് എത്രത്തോളം പേരും പെരുമയുമുള്ള ബാറ്ററാണെന്ന് പന്തിന് അറിയില്ല. പന്ത് താഴ്ന്ന് തന്നെ തുടരുകയോ അല്‍പം ടേണ്‍ ലഭിക്കുകയോ ചെയ്താല്‍ ബാറ്റര്‍ കുഴപ്പത്തിലാകും,’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗ്രൂപ്പ് ബി-യില്‍ ആദ്യ മത്സരം പരാജയപ്പെട്ട ഒമാന്‍ നിലവില്‍ നാലാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയുടെ ആദ്യ മത്സരമാണ് വ്യാഴാഴ്ച നടക്കുന്നത്.

ഓസ്‌ട്രേലിയ സ്‌ക്വാഡ്

ഡേവിഡ് വാര്‍ണര്‍, ജേക് ഫ്രേസല്‍ മക്ഗൂര്‍ക്, ടിം ഡേവിഡ്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്‌റ്റോയ്‌നിസ്, മാറ്റ് ഷോര്‍ട്ട്, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), ആദം സാംപ, ആഷ്ടണ്‍ അഗര്‍, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ എല്ലിസ്, പാറ്റ് കമ്മിന്‍സ്.

ഒമാന്‍ സ്‌ക്വാഡ്

ജതീന്ദര്‍ സിങ്, കശ്യപ് പ്രജാപതി, ഖാലിദ് കാളി, ഷോയ്ബ് ഖാന്‍, ആഖിബ് ഇല്യാസ് (ക്യാപ്റ്റന്‍), അയാന്‍ ഖാന്‍, മുഹമ്മദ് നദീം, സീഷന്‍ മഖ്‌സൂദ്, നസീം ഖുഷി (വിക്കറ്റ് കീപ്പര്‍), ബിലാല്‍ ഖാന്‍, ഫയാസ് ബട്ട്, ജയ് ഒഡേദര, കലീമുള്ള, മെഹ്‌റാന്‍ ഖാന്‍, റാഫിയുള്ള, സമയ് ശ്രീവാസ്തവ, ഷകീല്‍ അഹമ്മദ്, സൂഫിയാന്‍ മെഹ്‌മൂദ്.

Content Highlight: T20 World Cup 2024: Oman captain Aqib Ilyas warns Australia before their match

We use cookies to give you the best possible experience. Learn more