ടി-20 ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് അപരാജിതരായി സൂപ്പര്‍ എട്ടിലേക്ക് കുതിച്ചിരിക്കുകയാണ്. ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 104 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് വിന്‍ഡീസ് നേടിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി. സെഞ്ച്വറിക്ക് തൊട്ടരികിലെത്തി വീണ നിക്കോളാസ് പൂരന്റെ വെടിക്കെട്ടിലാണ് വിന്‍ഡീസ് പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
217 റണ്‍സിന്റെ പടുകൂറ്റന്‍ ലക്ഷ്യം പിന്നിട്ടിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 114ന് പുറത്തായി.
ടീം സ്‌കോര്‍ 22ല്‍ നില്‍ക്ക വണ്‍ ഡൗണായെത്തിയ പൂരന്‍ 53 പന്തില്‍ 98 റണ്‍സാണ് അടിച്ചുകൂട്ടിയത്. എട്ട് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം 184.91 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
ഇതിന് പിന്നാലെ പല റെക്കോഡ് നേട്ടങ്ങളും പൂരന്‍ സ്വന്തമാക്കിയിരുന്നു. ഈ ഇന്നിങ്‌സിന് പിന്നാലെ അന്താരാഷ്ട്ര ടി-20യില്‍ 2000 റണ്‍സ് മാര്‍ക് പിന്നിടാനും പൂരന് സാധിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വിന്‍ഡീസ് താരമാണ് പൂരന്‍.
ടി-20ഐയില്‍ വിന്‍ഡീസിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – റണ്‍സ് എന്നീ ക്രമത്തില്‍)
നിക്കോളാസ് പൂരന്‍ – 2012
ക്രിസ് ഗെയ്ല്‍ – 1899
മര്‍ലണ്‍ സാമനുവല്‍സ് – 1611
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 1569
ലെന്‍ഡില്‍ സിമ്മണ്‍സ് – 1527
ഇതിന് പുറമെ അന്താരാഷ്ട്ര ടി-20യില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് മറികടക്കാനും പൂരന് സാധിച്ചു.
ടി-20ഐയില്‍ വിന്‍ഡീസിനായി ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍
(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)
നിക്കോളാസ് പൂരന്‍ – 128
ക്രിസ് ഗെയ്ല്‍ – 124
എവിന്‍ ലൂയിസ് – 111
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 99
റോവ്മന്‍ പവല്‍ – 90
ആന്ദ്രേ റസല്‍ – 83
മര്‍ലണ്‍ സാമുവല്‍സ് – 69
ഇതിന് പുറമെ ടി-20യില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവുമധികം റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന തന്റെ തന്നെ റെക്കോഡ് തകര്‍ക്കാനും പൂരന് സാധിച്ചിരുന്നു. വിന്‍ഡീസിനായി ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയെടുക്കുമ്പോള്‍ ആദ്യ ഒമ്പത് സ്ഥാനങ്ങളിലും പൂരന്റെ പേര് തന്നെയാണ്.
വ്യാഴാഴ്ചയാണ് വിന്‍ഡീസ് സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്കിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍
വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 8 ഷെഡ്യൂള്‍
(ദിവസം – എതിരാളികള്‍ – വേദി എന്നീ ക്രമത്തില്‍)
ജൂണ്‍ 20 vs ഇംഗ്ലണ്ട് – ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ട്.
ജൂണ്‍ 22 vs യു.എസ്.എ – കെന്‍സിങ്ടണ്‍ ഓവല്‍, ബാര്‍ബഡോസ്.
ജൂണ്‍ 24 vs സൗത്ത് ആഫ്രിക്ക – സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയം.
Content Highlight: T20 World Cup 2024: Nicholas Pooran reaches several milestones