2024 ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡ് ഉഗാണ്ടയെ പരാജയപ്പെടുത്തിയിരുന്നു. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ മൂന്നാമത് മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡ് വിജയിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. 18.4 ഓവറില്‍ 40 റണ്‍സിന് ഉഗാണ്ടന്‍ നിരയെ പുറത്താക്കിയാണ് ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ കരുത്ത് കാട്ടിയത്.
ഉഗാണ്ടന്‍ നിരയില്‍ ഒറ്റ താരം മാത്രമാണ് ഇരട്ടയക്കം കണ്ടത്. 18 പന്തില്‍ 11 റണ്‍സ് നേടിയ കെന്നത് വൈസ്വയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മൂന്ന് ഗോള്‍ഡന്‍ ഡക്ക് അടക്കം നാല് ഡക്കാണ് ഉഗാണ്ടന്‍ നിരയില്‍ പിറന്നത്.
ന്യൂസിലാന്‍ഡിനായി ടിം സൗത്തി നാല് ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍ ശേഷിക്കുന്ന വിക്കറ്റും പിഴുതെറിഞ്ഞു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ 88 പന്തും ഒമ്പത് വിക്കറ്റും ശേഷിക്കെ വിജയം സ്വന്തമാക്കി.
മികച്ച രീതിയില്‍ പന്തെറിഞ്ഞ ബൗളര്‍മാര്‍ തന്നെയാണ് കിവികളുടെ വിജയശില്‍പികള്‍.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് ന്യൂസിലാന്‍ഡ് ബൗളര്‍മാരെ തേടിയെത്തിയിരുന്നു. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഒരു ടീമിലെ മൂന്ന് ബൗളര്‍മാര്‍ ഫുള്‍ ക്വാട്ട ഓവര്‍ എറിഞ്ഞിട്ടും പത്തില്‍ താഴെ മാത്രം റണ്‍സ് വഴങ്ങുന്നത്. ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് റണ്‍ വഴങ്ങാന്‍ പിശുക്കുകാണിച്ചത്.
സൗത്തി നാല് ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങിയപ്പോള്‍ നാല് ഓവറില്‍ ഏഴ് റണ്‍സാണ് ബോള്‍ട്ട് വിട്ടുകൊടുത്തത്. 24 പന്തില്‍ ഒമ്പത് റണ്‍സാണ് ലോക്കി ഫെര്‍ഗൂസന്‍ വഴങ്ങിയത്.
ന്യൂസിലാന്‍ഡ് നിരയില്‍ പന്തെറിഞ്ഞ അഞ്ച് താരങ്ങളില്‍ ഒരാള്‍ പോലും പത്ത് റണ്‍സ് വഴങ്ങിയിരുന്നില്ല. ഇതും ഒരു റെക്കോഡാണ്.
ട്രെന്റ് ബോള്‍ട്ട് – 4.0 – 1 – 7 – 2 – 1.75
ടിം സൗത്തി – 4.0 – 1 – 4 – 3 – 1.00
മിച്ചല്‍ സാന്റ്‌നര്‍ – 3.4 – 0 – 8 – 2 – 2.18
ലോക്കി ഫെര്‍ഗൂസന്‍ – 4.0 – 0 – 9 – 1 – 2.25
രചീന്‍ രവീന്ദ്ര – 3.0 – 1 – 9 – 2 – 3.00 – എന്നിങ്ങനെയാണ് ഉഗാണ്ടക്കെതിരായ മത്സരത്തില്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ പന്തെറിഞ്ഞത്.
ജൂണ്‍ 17നാണ് ന്യൂസിലാന്‍ഡിന്റെ 2024 ലോകകപ്പിലെ അവസാന മത്സരം. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന മത്സരത്തില്‍ പപ്പുവ ന്യൂ ഗിനിയാണ് എതിരാളികള്‍.
Content highlight: T20 World Cup 2024: New Zeeland bowlers created history