ഇതെന്റെ അവസാന ലോകകപ്പ്, അതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ല; ഞെട്ടിച്ച് സഞ്ജുവിന്റെ വലംകൈ, ഐ.പി.എല്‍ കളിക്കാനെത്തുമോ?
T20 world cup
ഇതെന്റെ അവസാന ലോകകപ്പ്, അതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ല; ഞെട്ടിച്ച് സഞ്ജുവിന്റെ വലംകൈ, ഐ.പി.എല്‍ കളിക്കാനെത്തുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th June 2024, 6:57 pm

ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് വ്യക്തമാക്കി ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസറും വെറ്ററന്‍ സൂപ്പര്‍ താരവുമായ ട്രെന്റ് ബോള്‍ട്ട്. ഉഗാണ്ടക്കെതിരായ വിജയത്തിന് പിന്നാലെ നടത്തിയ പ്രസ് കോണ്‍ഫറന്‍സിലാണ് ബോള്‍ട്ട് ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് വ്യക്തമാക്കിയത്.

‘എന്നെക്കുറിച്ച് പറയുകയാണെങ്കില്‍ ഇതെന്റെ അവസാന ലോകകപ്പായിരിക്കും. അത് മാത്രമേ എനിക്ക് പറയാനുള്ളൂ,’ ബോള്‍ട്ട് വ്യക്തമാക്കി.

‘രാജ്യത്തിന് വേണ്ടി പന്തെറിഞ്ഞതില്‍ എനിക്കേറെ അഭിമാനമുണ്ട്. പോയ വര്‍ഷങ്ങളിലായി മികച്ച വിജയങ്ങളും റെക്കോഡുകളും സ്വന്തമാക്കാനും ഞങ്ങള്‍ക്ക് സാധിച്ചിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. പക്ഷേ ഡ്രസ്സിങ് റൂമില്‍ ഇനിയും നിരവധി മികച്ച പ്രതിഭകളുണ്ട്. അവര്‍ ഈ ടീമിനെ മുമ്പോട്ട് കൊണ്ടുപോകും. ഏറെ അഭിമാനമുള്ള രാജ്യമാണിത്, ഞങ്ങളത് തുടര്‍ന്ന് തന്നെ പോകും,’ ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ടി-20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ന്യൂസിലാന്‍ഡ് പരാജയപ്പെടുകയും അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും തങ്ങളുടെ ആദ്യ മൂന്ന് മത്സരങ്ങള്‍ വിജയിക്കുകയും ചെയ്തതോടെ ന്യൂസിലാന്‍ഡ് 2024 ടി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഇതാദ്യമായാണ് കിവീകള്‍ ടി-20 ലോകകപ്പിന്റെ രണ്ടാം ഘട്ടം കാണാതെ പുറത്താകുന്നത്.

ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 84 റണ്‍സിന്റെ കൂറ്റന്‍ പരാജയമേറ്റുവാങ്ങിയ ന്യൂസിലാന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനോട് 13 റണ്‍സിനും തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഈ രണ്ട് മത്സരത്തിലും ബോള്‍ട്ട് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.

അഫ്ഗാനിസ്ഥാനെതിരെ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിന്‍ഡീസിനെതിരെ നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ഇടംകയ്യന്‍ പേസര്‍ പിഴുതെറിഞ്ഞത്.

ഉഗാണ്ടക്കെതിരായ മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഒമ്പത് വിക്കറ്റിന് വിജയിച്ചപ്പോഴും ബോള്‍ട്ട് ബൗളിങ്ങിലെ തന്റെ മാന്ത്രികത പുറത്തെടുത്തിരുന്നു. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ പപ്പുവ ന്യൂ ഗിനിക്കെതിരെ ന്യൂസിലാന്‍ഡിന് മത്സരം ബാക്കിയുണ്ട്. ഈ മത്സരവും വിജയിച്ച് മടങ്ങാനായിരിക്കും ബോള്‍ട്ടും ന്യൂസിലാന്‍ഡും ശ്രമിക്കുക.

 

ഇതോടെ ലോകകപ്പിനോട് വിടപറയുകയാണെന്ന് വ്യക്തമാക്കിയ ബോള്‍ട്ടിന്റെ ഭാവിയെന്തെന്നാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകളുയരുന്നത്.

2022ല്‍ ന്യൂസിലാന്‍ഡിന്റെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നു സ്വയം പിന്‍വാങ്ങിയതോടെ താരത്തിന്റെ കരിയറും ചോദ്യചിഹ്നത്തിലായിരുന്നു. നാഷണല്‍ ഡ്യൂട്ടിക്ക് പകരം ലോകമെമ്പാടുമുള്ള ടി-20 ഫ്രാഞ്ചൈസി ക്രിക്കറ്റിലാണ് ബോള്‍ട്ട് ശ്രദ്ധ ചെലുത്തിയത്. ബോള്‍ട്ട് ഇനിയും ന്യൂസിലാന്‍ഡിന് വേണ്ടി പന്തെറിയുമോ അതോ ഐ.പി.എല്‍ അടക്കമുള്ള ഫ്രാഞ്ചൈസി ലീഗുകളില്‍ മാത്രമായിരിക്കുമോ കളിക്കുക എന്ന് കണ്ടുതന്നെ അറിയണം.

 

Content Highlight: T20 World Cup 2024: New Zealand star pacer Trent Boult says, this will be his last T20 World Cup