2024 ടി-20 ലോകകപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ വിജയത്തോടെ വിട ചൊല്ലി ന്യൂസിലാന്‍ഡ്. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് കിവികള്‍ വിജയം സ്വന്തമാക്കിയത്.
പപ്പുവ ന്യൂ ഗിനി ഉയര്‍ത്തിയ 79റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റും 46 പന്തും ശേഷിക്കെ ന്യൂസിലാന്‍ഡ് മറികടക്കുകയായിരുന്നു.
ഐ.സി.സിയുടെ ചരിത്രത്തിലും ഈ മത്സരം ഇടം നേടിയിരുന്നു. ഈസ്റ്റ് ഏഷ്യ പസഫിക് റീജ്യണില്‍ നിന്നുള്ള ഒരു ഫുള്‍ മെമ്പര്‍ നേഷനും അസോസിയേറ്റ് നേഷനും തമ്മിലുള്ള ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്.
മത്സരത്തില്‍ ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
കിവീസ് താരങ്ങളുടെ അനുഭവ സമ്പത്തിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ പോയ പപ്പുവ ന്യൂ ഗിനിക്ക് തുടക്കത്തിലേ പിഴച്ചു. ടീം സ്‌കോര്‍ മൂന്നില്‍ നില്‍ക്കവെ സൂപ്പര്‍ താരം ടോണി ഉരയെ പി.എന്‍.ജിക്ക് നഷ്ടമായി. രണ്ട് പന്തില്‍ ഒരു റണ്‍സാണ് താരം നേടിയത്. 16 പന്തില്‍ ആറ് റണ്‍സ് നേടി ക്യാപ്റ്റന്‍ അസദ് വാലയും പുറത്തായി.
ടോണി ഉരയെ ടിം സൗത്തി മടക്കിയപ്പോള്‍ ലോക്കി ഫെര്‍ഗൂസനാണ് ക്യാപ്റ്റനെ പുറത്താക്കിയത്.
എന്നാല്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ചാള്‍സ് അമിനി, സെസെ ബൗ എന്നിവരെത്തിയതോടെ സ്‌കോര്‍ ബോര്‍ഡിന് അനക്കം വെച്ചു. എന്നാല്‍ ആ കൂട്ടുകെട്ടിന് അധികം ആയുസ് നല്‍കാതെ ലോക്കി ഫെര്‍ഗൂസന്‍ വീണ്ടും പി.എന്‍.ജിയെ ഞെട്ടിച്ചു. ടീം സ്‌കോര്‍ 41ല്‍ നില്‍ക്കവെ 25 പന്തില്‍ 17 റണ്‍സ് നേടിയ അമിനി പുറത്തായി.
സ്‌കോര്‍ ബോര്‍ഡില്‍ അടുത്ത റണ്‍സ് കയറും മുമ്പ് ബൗവിനെ പുറത്താക്കി സാന്റ്നറും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി.
ന്യൂസിലാന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ടീം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ഇഷ് സോധി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. മിച്ചല്‍ സാന്റ്നറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ എറിഞ്ഞ 24 പന്തിലും റണ്‍സ് വഴങ്ങാതിരുന്ന ഫെര്‍ഗൂസനാണ് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് തുടക്കം പാളി. ഫിന്‍ അലന്‍ സില്‍വര്‍ ഡക്കായി മടങ്ങിയപ്പോള്‍ മൂന്നാം നമ്പറിലെത്തിയ രചിന്‍ രവീന്ദ്ര 11 പന്തില്‍ ആറ് റണ്‍സും സ്വന്തമാക്കി മടങ്ങി.
എന്നാല്‍ ഡെവോണ്‍ കോണ്‍വേ (32 പന്തില്‍ 35), കെയ്ന്‍ വില്യംസണ്‍ (17 പന്തില്‍ പുറത്താകാതെ 18), ഡാരില്‍ മിച്ചല്‍ (12 പന്തില്‍ പുറത്താകാതെ 19) എന്നിവര്‍ കിവികളെ വിജയത്തിലേക്ക് നയിച്ചു.
നാല് മത്സരത്തില്‍ നിന്നും രണ്ട് ജയവും രണ്ട് തോല്‍വിയുമായി നാല് പോയിന്റോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കിവികള്‍ ഫിനിഷ് ചെയ്തത്.
ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ന്യൂസിലാന്‍ഡ് ഗ്രൂപ്പ് ഘട്ടം താണ്ടാന്‍ സാധിക്കാതെ പുറത്താകുന്നത്.
Content highlight: T20 World Cup 2024: New Zealand defeated Papua New Guinea