|

ബൗളര്‍മാര്‍ക്ക് എന്ത് അച്ചടക്കം എന്തൊരു പന്തടക്കം; ഇന്ത്യയും പാകിസ്ഥാനും അടക്കമുള്ളവര്‍ ഇത്തിരിക്കുഞ്ഞന്‍മാരെ കണ്ടുപഠിക്കണം

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. നാല് ഗ്രൂപ്പില്‍ നിന്നുമായി എട്ട് ടീമുകളാണ് സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചിരിക്കുന്നത്.

ബാറ്റര്‍മാരെ ഒട്ടും തുണയ്ക്കാതിരുന്ന ലോകകപ്പായിരുന്നു ഇത്. ഗ്രൂപ്പ് ഘട്ടത്തില്‍ 40 മത്സരങ്ങള്‍ അവസാനിച്ചിട്ടും ഒരു താരത്തിന് പോലും സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല. ആകെ 26 അര്‍ധ സെഞ്ച്വറികളാണ് ഈ ലോകകപ്പില്‍ ഇതുവരെ പിറവിയെടുത്തത്.

ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം നിക്കോളാസ് പൂരന്‍ നേടിയ 98 ആണ് ലോകകപ്പിലെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍.

ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചാണെങ്കിലും എക്‌സ്ട്രാസിലൂടെ റണ്‍ വഴങ്ങാന്‍ ബൗളര്‍മാര്‍ മത്സരിക്കുന്നതും ഈ ലോകകപ്പിലെ കാഴ്ചകളിലൊന്നായിരുന്നു. ഗ്രൂപ്പ് എ-യിലെ യു.എസ്.എ-പാകിസ്ഥാന്‍ മത്സരത്തിലെ സൂപ്പര്‍ ഓവര്‍ തന്നെ ഇതിന് ഉദാഹരണമാണ്.

സൂപ്പര്‍ ടീമുകളെല്ലാം തന്നെ വൈഡിലൂടെയും നോ ബോളുകളിലൂടെയും റണ്‍സ് വഴങ്ങിയപ്പോള്‍ ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ അസോസിയേറ്റ് ടീമുകളില്‍ പലരും അച്ചടക്കത്തോടെ പന്തെറിഞ്ഞു.

ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ഏറ്റവുമധികം വൈഡ് / നോ ബോള്‍ എറിഞ്ഞ ടീമുകള്‍ (റണ്‍സ്)

അഫ്ഗാനിസ്ഥാന്‍ – 36

പാകിസ്ഥാന്‍ – 31

കാനഡ – 31

ഓസ്‌ട്രേലിയ – 24

ഇന്ത്യ – 22

ഏറ്റവും കുറവ്

നേപ്പാള്‍ – 9

യു.എസ്.എ – 9

ഗ്രൂപ്പ് ഘട്ടത്തിലെ പിച്ചുകള്‍ ബൗളര്‍മാരെ തുണച്ചപ്പോള്‍ സൂപ്പര്‍ 8ല്‍ ബാറ്റര്‍മാര്‍ക്കും തിളങ്ങാന്‍ അവസരമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിലെ സ്റ്റേഡിയങ്ങളിലാണ് സൂപ്പര്‍ 8ലെ 12 മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യയും യു.എസ്.എയും സൂപ്പര്‍ 8ലേക്ക് കുതിച്ചപ്പോള്‍ ബി-യില്‍ നിന്ന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഗ്രൂപ്പ് സി-യില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസും അഫ്ഗാനിസ്ഥാനും മുമ്പോട്ട് കുതിച്ചു. സൗത്ത് ആഫ്രിക്കയും ബംഗ്ലാദേശുമാണ് ഗ്രൂപ്പ് ഡി-യില്‍ നിന്നും സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചത്.

സൂപ്പര്‍ 8 ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ: ഇന്ത്യ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍

ഗ്രൂപ്പ് ബി: വെസ്റ്റ് ഇന്‍ഡീസ്, യു.എസ്.എ, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്.

ഓരോ ടീമുകള്‍ക്കും മൂന്ന് മത്സരം വീതമാണ് സൂപ്പര്‍ 8ല്‍ കളിക്കാനുണ്ടാവുക. ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവുമധികം പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും.

സ്റ്റാറ്റുകള്‍: രാം ഗരാപതി

Content Highlight: T20 World Cup 2024: Nepal and USA conceded least runs through wide and no balls

Video Stories